യു.ബി ഗ്രൂപ്പിന് ഭൂമി നല്‍കിയത് ബോഫോഴ്സിനെക്കാള്‍ വലിയ കുംഭകോണം –എം.എ. ബേബി

കോഴിക്കോട്: വിജയ് മല്യയുടെ മദ്യക്കമ്പനിയായ യു.ബി ഗ്രൂപ്പിന് പാലക്കാട് കഞ്ചിക്കോട്ടെ 20 ഏക്കര്‍ സര്‍ക്കാര്‍ഭൂമി പതിച്ചുനല്‍കിയത് ബോഫോഴ്സിനേക്കാള്‍ വലിയ കുംഭകോണമാണെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. കോഴിക്കോട് നോര്‍ത് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ. പ്രദീപ്കുമാറിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തയാറാറാക്കിയ ഇ-പോസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 2013ല്‍ ചുളുവിലക്കാണ് ഭൂമി പതിച്ചുനല്‍കിയത്. 20 ഏക്കര്‍ 14 കോടിക്കാണ് കൈമാറിയത്. സെന്‍റിന് ആറു മുതല്‍ 12 കോടി രൂപ വിലയുള്ള സ്ഥലത്തിന് ഇപ്രകാരം 150 കോടിയോളം വേണ്ടിവരും. ബോഫോഴ്സ് കുംഭകോണം 54 കോടിയുടേതായിരുന്നു. എന്നാല്‍, അതിനെക്കാള്‍ മൂന്നു മടങ്ങ് അധികമാണ് ഈ തുക. മദ്യനിരോധം നടപ്പാക്കുമെന്ന് യു.ഡി.എഫ് പറയുമ്പോഴാണ് ഇന്ത്യയിലെ 40 ശതമാനം മദ്യവും ഉല്‍പാദിപ്പിക്കുന്ന കമ്പനിക്ക് സര്‍ക്കാര്‍ ഒത്താശചെയ്തത്. എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ഇതേക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കും. പാര്‍ട്ടിവിരുദ്ധ മനോഭാവം സൂക്ഷിക്കുന്നുവെന്ന് വി.എസിനെക്കുറിച്ച പാര്‍ട്ടി പ്രമേയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ട്. ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ ഇല്ല. ഉള്ളത് പ്രാദേശിക കൂട്ടായ്മയും സഹകരണവും മാത്രമാണ്. സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച നിലപാടുകളിലെ ഭാഷയിലും പ്രക്ഷോഭങ്ങളിലും ചില വ്യതിയാനങ്ങള്‍ സംഭവിച്ചിരിക്കാം. ഇത് തിരുത്തും. യന്ത്രവത്കരണവും സാങ്കേതികവത്കരണവും നടക്കുമ്പോള്‍ ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തെക്കുറിച്ചായിരുന്നു സി.പി.എമ്മിന്‍െറ അന്നത്തെ പ്രതിഷേധമെന്നും എം.എ. ബേബി പറഞ്ഞു. ഇ.സി. സതീശന്‍ അധ്യക്ഷത വഹിച്ചു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ, എം. ഭാസ്കരന്‍, ഇ. ലക്ഷ്മണന്‍, എം. മോഹനന്‍, അഡ്വ. സൂര്യനാരായണന്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ. പി.എ. മുഹമ്മദ് റിയാസ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.