ആര്‍ക്കും വേണ്ടാതെ എടക്കാട് കുളം

ചാത്തമംഗലം: നാടെങ്ങും വരള്‍ച്ച രൂക്ഷമായ സമയത്തും ആര്‍ക്കും വേണ്ടാതെ കുളം നശിക്കുന്നു. ചാത്തമംഗലം പഞ്ചായത്ത് 10ാം വാര്‍ഡില്‍ കൂളിമാട് എടക്കാട്ടുള്ള കുളമാണ് ജലം സുലഭമായിട്ടും തിരിഞ്ഞുനോക്കാനാളില്ലാതെ മാലിന്യം നിറഞ്ഞ് നശിക്കുന്നത്. ഏതാണ്ട് 20 വര്‍ഷം മുമ്പാണ് ബ്ളോക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഇവിടെ കുളം കുഴിച്ചത്. മികച്ച ജലസേചന പദ്ധതിയാക്കാന്‍ ലക്ഷ്യമിട്ട് സ്വകാര്യ വ്യക്തിയില്‍നിന്ന് ഭൂമി വാങ്ങിയാണ് തിരക്കിട്ട് കുളമുണ്ടാക്കിയത്. കരിങ്കല്ല് ഉപയോഗിച്ച് പാര്‍ശ്വഭാഗങ്ങള്‍ കെട്ടി സംരക്ഷിക്കുകയും പടവുകള്‍ നിര്‍മിക്കുകയും ചെയ്തു. പമ്പ് ഹൗസ് സ്ഥാപിച്ചും ത്രീഫേസ് കണക്ഷനെടുത്തും സമീപത്തെ കൃഷി നനക്കാനും ജലസേചനവുമായിരുന്നു ഉദ്ദേശ്യം. എന്നാല്‍, പിന്നീട് ആരും താല്‍പര്യം കാണിക്കാതെ പദ്ധതി പാതിവഴിയില്‍ നിലച്ചുപോകുകയായിരുന്നു. ഗുണഭോക്താക്കളും അധികൃതരും തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താത്തതാണത്രെ ഇതിനുകാരണം. പിന്നീട് വല്ലപ്പോഴും മാത്രം കുളിക്കാനും അലക്കാനും ഉപയോഗിക്കുന്ന രീതിയിലേക്ക് ഇതു മാറി. ഇപ്പോള്‍ മാലിന്യങ്ങളും കരിയിലകളും മറ്റും നിറഞ്ഞ് ഉപയോഗശൂന്യമായി കിടക്കുകയാണ് വെസ്റ്റ് പാഴൂര്‍-വൈത്തല-തേനായ് റോഡരികിലുള്ള ഈ കുളം. വരള്‍ച്ച രൂക്ഷമായ ഈ സമയത്തും കുളത്തില്‍ ആവശ്യത്തിന് ജലമുണ്ട്. മാലിന്യങ്ങള്‍ വാരി നന്നാക്കുകയും ആഴം കൂട്ടുകയും ചെയ്താല്‍ കുടിവെള്ളക്ഷാമവും വരള്‍ച്ചയും നേരിടുന്ന പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങള്‍ക്ക് തെളിനീര്‍ നല്‍കുന്ന പദ്ധതിയായി ഇതിനെ മാറ്റാനാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.