വടകര സബ് ജയിലിലെ പരിമിതി: ലീഗല്‍ സര്‍വിസസ് അതോറിറ്റി ഇടപെടുന്നു

വടകര: സബ് ജയിലിന്‍െറ പരിമിതികള്‍ പരിഹരിക്കാന്‍ ലീഗല്‍ സര്‍വിസസ് അതോറിറ്റി ഇടപെടുന്നു. നിലവില്‍ വടകര സബ് ജയിലില്‍ 13 തടവുകാരെ പാര്‍പ്പിക്കേണ്ടിടത്ത് 60 റിമാന്‍ഡ് പ്രതികള്‍വരെ തങ്ങുന്ന സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തില്‍ അസൗകര്യങ്ങള്‍ മാത്രമല്ല സുരക്ഷാ പ്രശ്നംകൂടി സബ് ജയിലിനെ വേട്ടയാടുകയാണ്. ജയിലിനുള്ള പരിമിതികള്‍ കഴിഞ്ഞ ദിവസം ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ലീഗല്‍ സര്‍വിസ് അതോറിറ്റി സെക്രട്ടറികൂടിയായ ജില്ലാ സബ് ജഡ്ജി ആര്‍.എല്‍. ബൈജു വടകര സന്ദര്‍ശിച്ചത്. പുതുപ്പണം റൂറല്‍ എസ്.പി ഓഫിസിനടുത്തായി ഇറിഗേഷന്‍ വകുപ്പിനു കീഴിലുള്ള സ്ഥലം സബ് ജയില്‍ സ്ഥാപിക്കാന്‍ അനുയോജ്യമാണെന്ന് നേരത്തേ കണ്ടത്തെിയിരുന്നു. ഈ സ്ഥലവും സന്ദര്‍ശിച്ചു. ജയില്‍ ഇവിടേക്ക് മാറ്റുകയാണെങ്കില്‍ ജീവനക്കാര്‍ക്കുള്ള ക്വര്‍ട്ടേഴ്സുള്‍പ്പെടെ സ്ഥാപിക്കാനുള്ള ഭൂമി ഇവിടെയുണ്ടെന്നാണ് വിലയിരുത്തല്‍. ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഹൈകോടതിയിലേക്ക് അയച്ചിരിക്കുകയാണിപ്പോള്‍. എല്ലാ സൗകര്യങ്ങളുണ്ടായിട്ടും പുതിയ ജയില്‍ യാഥാര്‍ഥ്യമാകുന്നതിന് വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് പ്രധാന തടസ്സമായിരുക്കുന്നതെന്ന് വിമര്‍ശമുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്ത് സ്ഥാപിച്ച താലൂക്ക് ജയിലാണ് സബ് ജയിലായി പ്രവര്‍ത്തിക്കുന്നത്. ജയിലില്‍ കിടക്കാനുള്ള സ്ഥലപരിമിതിമൂലം പലപ്പോഴും തടവുപുള്ളികള്‍ ഊഴംവെച്ചാണ് ഉറങ്ങുന്നത്. ഇത്രയും തടവുകാരെ നിയന്ത്രിക്കുന്നതിന് സുപ്രണ്ടൂം മൂന്ന് ഹെഡ് വാര്‍ഡന്‍മാരുമടങ്ങുന്ന 10 ജീവനക്കാര്‍ മാത്രമാണുള്ളത്. മൂന്ന് ഭാഗത്തും സുരക്ഷ നല്‍കുന്നത് തുരുമ്പിച്ച നേരിയ കമ്പിവേലിയാണ്. പിന്‍ഭാഗത്തുള്ള ചുറ്റുമതില്‍ വര്‍ഷങ്ങളായി അപകടാവസ്ഥയിലാണ്. കാസര്‍കോട് മുതല്‍ എറണാകുളം വരെയുള്ള മയക്കുമരുന്ന് കേസുകളിലെ പ്രതികളെയും ഇവിടെയാണ് റിമാന്‍ഡില്‍ പാര്‍പ്പിക്കുന്നത്. അധോലോക സംഘാംഗങ്ങള്‍വരെയുള്ള കോടികളുടെ മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവരെയടക്കം താമസിപ്പിക്കുന്നത് ഏറെ സുരക്ഷാപ്രശ്നങ്ങള്‍ ഉയര്‍ത്തുകയാണ്. ഏറെ ഗൗരവത്തോടെ കാണേണ്ട വിഷയത്തില്‍ അധികൃതര്‍ അലംഭാവം കാണിക്കുകയാണെന്ന വിമര്‍ശം വ്യാപകമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.