യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വാക്തര്‍ക്കം; ഇറങ്ങിപ്പോക്ക്

പേരാമ്പ്ര: യു.ഡി.എഫ് പേരാമ്പ്ര പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ഭാരവാഹികളെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് രൂക്ഷമായ വാക്തര്‍ക്കം. ഒൗദ്യോഗിക പാനല്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് എ ഗ്രൂപ് നേതാവും കോണ്‍ഗ്രസ് ബ്ളോക് പ്രസിഡന്‍റുമായ രാജന്‍ മരുതേരിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ഇറങ്ങിപ്പോയി. ജെ.ഡി.യു കണ്‍വെന്‍ഷന്‍ ബഹിഷ്കരിക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകീട്ട് മുസ്ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റി ഓഫിസിലായിരുന്നു കണ്‍വെന്‍ഷന്‍ നടന്നത്. തെരഞ്ഞെടുപ്പു കമ്മിറ്റി ഭാരവാഹികളായി കോണ്‍ഗ്രസ് മണ്ഡലം ആക്ടിങ് പ്രസിഡന്‍റ് കെ.വി. ദാമോദരന്‍ നായര്‍ (കണ്‍), മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ.സി. കുട്ട്യാലി (ചെയര്‍) എന്നിവരടങ്ങിയ പാനല്‍ യോഗത്തില്‍ അവതരിപ്പിച്ചു. എന്നാല്‍, കണ്‍വീനറായി കെ.വി. ദാമോദരന്‍ നായരെ അംഗീകരിക്കില്ളെന്നും പി.പി. രാമകൃഷ്ണന്‍ മാസ്റ്ററെ കണ്‍വീനറാക്കണമെന്നും ഭൂരിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആവശ്യപ്പെട്ടതോടെയാണ് ബഹളം തുടങ്ങിയത്. ഏറെനേരം യോഗം നിര്‍ത്തിവെച്ച് നേതാക്കള്‍ ചര്‍ച്ച നടത്തുകയും കണ്‍വെന്‍ഷനിലെ ഭൂരിപക്ഷാഭിപ്രായം അംഗീകരിക്കാമെന്നും തീരുമാനിച്ചു. ഇത് അംഗീകരിക്കാതെ രാജന്‍ മരുതേരിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പിലെ ഒരു വിഭാഗം ഇറങ്ങി പോവുകയായിരുന്നു. പിന്നീട് രാമകൃഷ്ണന്‍ മാസ്റ്ററെ കണ്‍വീനറായും എം.കെ.സി കുട്ട്യാലിയെ ചെയര്‍മാനായും തെരഞ്ഞെടുത്തു. പി.പി. രാമകൃഷ്ണന്‍ മാസ്റ്റര്‍ ഐ ഗ്രൂപ് നേതാവാണ്. എ ഗ്രൂപ്പിന് മേധാവിത്വമുള്ള കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയില്‍ കണ്‍വീനര്‍ സ്ഥാനം ഐ ഗ്രൂപ്പിന് ലഭിച്ചത് എ ഗ്രൂപ്പിന് അപ്രതീക്ഷിത തിരിച്ചടിയായി. എ ഗ്രൂപ്പിലെ ഭിന്നതയും മറനീക്കി പുറത്തുവന്നിരിക്കുകയാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് യോഗം രാമകൃഷ്ണന്‍ മാസ്റ്ററെ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, യു.ഡി.എഫ് യോഗത്തില്‍ കോണ്‍ഗ്രസ് ബ്ളോക് പ്രസിഡന്‍റ് അന്നത്തെ മണ്ഡലം പ്രസിഡന്‍റിനെ കണ്‍വീനറാക്കിയത് വിവാദമായിരുന്നു. എം.കെ.സി ചെയര്‍മാനാവുന്നതിനെതിരെ എസ്.ടി.യു നേതാവിന്‍െറ നേതൃത്വത്തില്‍ പ്രതിഷേധമുയര്‍ത്തിയെങ്കിലും കണ്‍വെന്‍ഷനില്‍ പങ്കെടുത്ത മുസ്ലിം ലീഗിലെ ഭൂരിപക്ഷം എം.കെ.സിക്ക് അനുകൂലമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യുവിനെ കോണ്‍ഗ്രസ് കാലുവാരിയെന്നാരോപിച്ചാണ് ജെ.ഡി.യു കണ്‍വെന്‍ഷന്‍ ബഹിഷ്കരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.