കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിനായി അടിയന്തരമായി സ്ഥലമേറ്റെടുക്കേണ്ട കിഴക്കേ നടക്കാവിലും പാറോപ്പടിയിലും സ്ഥലമുടമകള്‍ക്ക് നോട്ടീസ് ലഭിച്ചു. രണ്ടു സ്ഥലങ്ങളിലുമായി 130 പേര്‍ക്കാണ് സ്ഥലത്തിന്‍െറ അസ്സല്‍ രേഖകള്‍ ഹാജരാക്കാന്‍ ലാന്‍ഡ് അക്വിസിഷന്‍ സ്പെഷല്‍ തഹസില്‍ദാര്‍ നോട്ടീസ് നല്‍കിയത്. കിഴക്കേ നടക്കാവില്‍ 30 പേര്‍ക്കും പാറോപ്പടിയില്‍ 100 പേര്‍ക്കുമാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. കിഴക്കേ നടക്കാവില്‍ സെന്‍റിന് 17 ലക്ഷവും പാറോപ്പടിയില്‍ സെന്‍റിന് 14 ലക്ഷവുമാണ് സ്ഥലമേറ്റെടുക്കുന്നതിനുള്ള നഷ്ടപ്രതിഫല തുകയായി നിശ്ചയിച്ചിരിക്കുന്നത്. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡില്‍ ഏറ്റവും അപകടമേഖലയായ പാറോപ്പടിയിലും കിഴക്കേ നടക്കാവിലും സ്ഥലമേറ്റെടുക്കല്‍ വൈകുന്നത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇവിടങ്ങളിലെ സ്ഥലമേറ്റെടുത്ത് റോഡ് വികസിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഏഴാം തീയതി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ഡോ. എം.ജി.എസ്. നാരായണന്‍െറ നേതൃത്വത്തില്‍ ജില്ലാ കലക്ടറുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് അധികൃതരോട് സ്ഥലമേറ്റെടുക്കാനുള്ള നടപടി സ്വീകരിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയത്. സ്ഥലമേറ്റെടുപ്പിന് ഏറ്റവും അവസാനമായി ലഭിച്ച 25 കോടിയില്‍ 23 കോടി രൂപയും ഇതോടെ ഈ ഭാഗത്ത് വിനിയോഗിക്കുമെന്നുറപ്പായി. ഇത്രയും പേര്‍ക്ക് ഒന്നിച്ചു നോട്ടീസ് നല്‍കിയതിനാല്‍ നഷ്ടപരിഹാര തുകയായി 20 കോടിയിലധികം വേണ്ടിവരുമെന്നതിനാലാണിത്. ശേഷിച്ച രണ്ടുകോടി മാനാഞ്ചിറ ഭാഗത്ത് വിനിയോഗിക്കാനാണ് സാധ്യത. നോട്ടീസ് ലഭിച്ചവരില്‍ പലരോടും തിങ്കളാഴ്ച ആധാരം, അടിയാധാരം, പുതിയ നികുതിശീട്ട്, കുടിക്കട സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയുമായി ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.