ഉള്ള്യേരി: മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളജ് നഴ്സുമാര്‍ നടത്തുന്ന സമരം 48ാം ദിവസത്തിലേക്ക് കടന്നു. സമരം ഒത്തുതീര്‍ക്കാന്‍ പല സമയങ്ങളിലായി നടന്ന ചര്‍ച്ചകള്‍ പരാജയപ്പെടുകയും ഹൈകോടതി മീഡിയേഷന്‍ തുടരുകയും ചെയ്ത സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്തമാക്കാനുള്ള തീരുമാനത്തിലാണ് സമരസമിതി. കഴിഞ്ഞ ദിവസം എം.കെ. രാഘവന്‍ എം.പി നടത്തിയ ഇടപെടലുകളില്‍ സമരം തീര്‍ക്കാനുള്ള വഴിതെളിഞ്ഞിരുന്നുവെങ്കിലും ആശുപത്രി മാനേജ്മെന്‍റ് ചര്‍ച്ചയില്‍നിന്ന് പിന്മാറിയതോടെ ആ സാധ്യതയും ഇല്ലാതായി. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. വിഷുവിന് ആശുപത്രിക്ക് മുന്നില്‍ കൂട്ട ഉപവാസം നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. നഴ്സുമാര്‍ നടത്തുന്ന റിലേ നിരാഹാര സമരം തുടരുകയാണ്. വിവിധ മേഖലയില്‍പെട്ടവര്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യുട്ട് സ്റ്റുഡന്‍റ്സ് യൂനിയന്‍ മുന്‍ പ്രസിഡന്‍റ് അജന്‍ അടാട്ട്, ന്യൂട്രേഡ് യൂനിയന്‍ ഇനീഷ്യേറ്റിവ് ദേശീയ സമിതി അംഗം പി. കൃഷ്ണമ്മാള്‍, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി തുടങ്ങിയവര്‍ നഴ്സുമാരെ അഭിവാദ്യം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.