സര്‍ക്കാര്‍ അനുവദിച്ച 13 കോടി കണക്കില്‍ വന്നില്ല; ധനകാര്യ സമിതി അന്വേഷിക്കും

കോഴിക്കോട്: സര്‍ക്കാര്‍ പ്ളാന്‍ ഫണ്ടില്‍ അനുവദിച്ച 13 കോടി കോര്‍പറേഷന്‍ കണക്കില്‍ രേഖപ്പെടുത്താതെ നഷ്ടപ്പെടുത്തിയെന്ന് പരാതി. ജനുവരിയില്‍തന്നെ അക്കൗണ്ടില്‍ പണം വന്നിട്ടും ഉദ്യോഗസ്ഥര്‍ കണക്കില്‍ പണം കാണിക്കാത്തതിനെ തുടര്‍ന്ന് സാമ്പത്തിക വര്‍ഷം തീരുന്ന മാര്‍ച്ച് മാസത്തിനകം തുക വിനിയോഗിക്കാനാവാതെ നഷ്ടപ്പെട്ടുവെന്ന പരാതിയില്‍ ധനകാര്യ സ്ഥിരംസമിതി അന്വേഷണം നടത്താന്‍ നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഗൗരവമുള്ള ക്രമക്കേടാണ് നടന്നതെന്നും എല്ലാ കക്ഷിയിലും പെട്ടവര്‍ അംഗങ്ങളായ ധനകാര്യ സമിതി അന്വേഷണം തൃപ്തികരമല്ളെങ്കില്‍ തുടര്‍ നടപടിയുണ്ടാവുമെന്നും മേയര്‍ വി.കെ.സി. മമ്മദ് കോയ യോഗത്തെ അറിയിച്ചു. എന്നാല്‍, സര്‍വകക്ഷി സംഘം അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോക്കു നടത്തി. ഭരണകക്ഷിയിലെ എം.പി.സുരേഷ്, പ്രതിപക്ഷത്തെ പൊറ്റങ്ങാടി കിഷന്‍ ചന്ദ് എന്നിവരാണ് ഇതു സംബന്ധിച്ച് അടിയന്തര ശ്രദ്ധ ക്ഷണിച്ചത്. 13 കോടി കണക്കില്‍ പെട്ടിരുന്നെങ്കില്‍ സ്ഥലം ഏറ്റെടുത്തതിനുള്ള പണമെങ്കിലും നല്‍കാമായിരുന്നുവെന്നും തുക നഷ്ടപ്പെടുത്തിയതില്‍ ഉദ്യോഗസ്ഥരെപ്പോലെ ഭരണ സമിതിയും കുറ്റക്കാരാണെന്നും പ്രതിപക്ഷാംഗങ്ങള്‍ കുറ്റപ്പെടുത്തി. കോര്‍പറേഷന്‍ ഓഫിസിലെയും ട്രഷറി ഓഫിസിലെയും സോഫ്റ്റ്വെയര്‍ തമ്മിലുള്ള വ്യത്യാസം പിഴവിന് കാരണമാണെന്ന് കരുതുന്നതായും അടുത്ത കൗണ്‍സിലിനു മുമ്പ് ഇതുസംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാമെന്നും സെക്രട്ടറി ടി.പി. സതീശന്‍ സഭയെ അറിയിച്ചു. പണം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഉദ്യോഗസ്ഥ തലത്തിലുള്ള അന്വേഷണം പോരെന്ന് പ്രതിപക്ഷം നിലപാടെടുക്കുകയായിരുന്നു. സര്‍ക്കാര്‍ പണം തല്‍കുന്നില്ളെന്ന് കുറ്റപ്പെടുത്തുന്ന ഭരണക്കാര്‍ അനുവദിച്ച ഫണ്ട് നഷ്ടപ്പെടുത്തുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. നിരവധി അപകടങ്ങള്‍ നടന്ന പുതിയ കോതി അപ്രോച് റോഡില്‍ വൈദ്യുതി ലൈന്‍ വലിച്ച് തെരുവുവിളക്ക് കത്തിക്കാന്‍ കെ.എസ്.ഇ.ബിക്ക് നിര്‍ദേശം നല്‍കിയതായി മേയര്‍ വി.കെ.സി മമ്മദ് കോയ അറിയിച്ചു. നിലവിലുള്ള ലൈറ്റുകള്‍ ഇതിനകം പുന$സ്ഥാപിച്ചു കഴിഞ്ഞു. ലീഗിലെ സി. അബ്ദുറഹിമാനാണ് ഇക്കാര്യത്തില്‍ ശ്രദ്ധക്ഷണിച്ചത്. മാനാഞ്ചിറയില്‍ കുടിവെള്ളം ശുചിയാക്കാന്‍ ട്രീറ്റ്മെന്‍റ് പ്ളാന്‍റ് പണിയാന്‍ യോഗം തീരുമാനിച്ചു. മാനാഞ്ചിറയടക്കം നഗരത്തില്‍ 12 കുടിവെള്ള സ്രോതസ്സില്‍ ട്രീറ്റ്മെന്‍റ് പ്ളാന്‍റ് വേണമെന്ന സി.ഡബ്ള്യു.ആര്‍.ഡി.എം നിര്‍ദേശമുള്ള കാര്യം കോണ്‍ഗ്രസിലെ അഡ്വ. പി.എം. നിയാസാണ് ശ്രദ്ധയില്‍പെടുത്തിയത്. നഗരത്തില്‍ ഓടകളില്‍നിന്ന് മണ്ണ് നീക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാനും തീരുമാനമായി. കഴിഞ്ഞ തവണത്തേക്കാള്‍ 10 ശതമാനം ഓരോ വാര്‍ഡിനും കൂട്ടിനല്‍കും. കോണ്‍ഗ്രസിലെ മനക്കല്‍ ശശിയാണ് ശ്രദ്ധ ക്ഷണിച്ചത്. ബേപ്പൂര്‍ ഭാഗത്തെ കുടിവെള്ള ക്ഷാമത്തെപ്പറ്റി ബി.ജെ.പിയിലെ എന്‍. സതീഷ് കുമാറും മീഞ്ചന്ത വാര്‍ഡില്‍ പാലാട്ട് എയ്ഡഡ് യു.പി സ്കൂള്‍ അടച്ചുപൂട്ടാന്‍ ശ്രമം നടക്കുന്ന കാര്യം നമ്പിടി നാരായണനും ശ്രദ്ധയില്‍പെടുത്തി. എം. രാധാകൃഷ്ണന്‍, കെ.വി. ബാബുരാജ്, കെ.ടി. ബീരാന്‍ കോയ, റഹിയ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.