കോഴിക്കോട്: മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്‍െറയും നിലപാടിന് വിരുദ്ധമായി റോഡ് വികസനം നീട്ടിക്കൊണ്ടുപോയി റോഡിലെ അപകടമരണങ്ങള്‍ക്ക് കാരണക്കാരനായ ജില്ലാ കലക്ടറുടെ പേരില്‍ നരഹത്യക്ക് കേസെടുക്കമെന്ന് മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് ആക്ഷന്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സിയാച്ചിന്‍ മേഖലയില്‍ ഇന്ത്യന്‍ ആര്‍മി ജൂനിയര്‍ കമീഷണര്‍ ഓഫിസറായ കെ.പി. സിനേഷിന്‍െറ ഇളയ മകന്‍ 10 വയസ്സുകാരന്‍ ഭഗത്ലാല്‍ കഴിഞ്ഞ ശനിയാഴ്ച കിഴക്കെ നടക്കാവില്‍ ബസിടിച്ച് മരിച്ചിരുന്നു. സിനേഷിന്‍െറ ഭാര്യ ഷൈനി ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡിലെ കിഴക്കെ നടക്കാവ്, പാറോപ്പടി ഭാഗങ്ങള്‍ മുന്‍ഗണന നല്‍കി വികസിപ്പിച്ചാല്‍ മാത്രമേ അപകടങ്ങള്‍ കുറക്കാന്‍ കഴിയുകയുള്ളൂവെന്ന് ട്രാഫിക് പൊലീസ് അസിസ്റ്റന്‍റ് കമീഷണര്‍ (നോര്‍ത്) അറിയിച്ചിരുന്നു. എന്നാല്‍, ആവശ്യമുള്ള 500 കോടി മൊത്തം ലഭിച്ച് ഭൂമി മുഴുവന്‍ ഏറ്റെടുത്തശേഷമേ റോഡ് പണി തുടങ്ങാന്‍ കഴിയുകയുള്ളൂവെന്ന ജില്ലാ കലക്ടറുടേതായി പത്രത്തില്‍ വന്ന പ്രസ്താവന ധിക്കാരവും ജനങ്ങളുടെ ജീവന്‍കൊണ്ട് പന്താടുന്ന സമീപനവുമാണെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. ഫണ്ട് ലഭ്യമാകുന്ന മുറക്ക് അടിയന്തരമായി വികസിപ്പിക്കേണ്ട സ്ഥലത്ത് റോഡ് പണി തുടങ്ങാത്ത നിലപാട് അംഗീകരിക്കാനാകില്ല. ഭൂമി നല്‍കുന്നതിന് വിധേയരാകുന്നവരില്‍ 80 ശതമാനം പേരും നെഗോഷ്യബ്ള്‍ പര്‍ച്ചേസ് വ്യവസ്ഥകളില്‍ ഭൂമി വിട്ടുതരാന്‍ സമ്മതപത്രം നല്‍കിയവരാണ്. 64 കോടി രൂപ സര്‍ക്കാര്‍ റിലീസ് ചെയ്തതില്‍ 39 കോടിയും മൂന്നുമാസത്തിലേറെയായി കലക്ടറുടെ അക്കൗണ്ടിലാണ്. അതില്‍ നാലു കോടിക്ക് സര്‍ക്കാര്‍ ഭൂമി മതില്‍കെട്ടി, 2.82 ഏക്കര്‍ ഭൂമി റോഡിന് വിട്ടുനല്‍കി വാഹനഗതാഗതം സുഗമമാക്കാന്‍ മുഖ്യമന്ത്രി നേരത്തേ നിര്‍ദേശിച്ചിരുന്നു. 25 കോടിക്ക് പാറോപ്പടി, കിഴക്കെ നടക്കാവ് അപകടമേഖലകളില്‍ സ്ഥലം ഏറ്റെടുത്തിരുന്നെങ്കില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍, ഇത് അവഗണിച്ച് പ്രത്യേക ഫണ്ടുള്ള ലൈറ്റ് മെട്രോ പാതയിലെ മാനാഞ്ചിറ-മാവൂര്‍ റോഡ് ഭാഗത്തെ തര്‍ക്കമുള്ള സ്ഥലത്തേക്ക് ഫണ്ട് തിരിച്ചുവിട്ട കലക്ടറുടെ ഏകപക്ഷീയ നടപടി ദുരുദ്ദേശ്യപരവും റോഡ് വികസനം വൈകിപ്പിക്കാനുള്ള നടപടിയുമാണ്. ചാര്‍ജുള്ള മന്ത്രിയും ജനപ്രതിനിധികളും ഞങ്ങള്‍ ഈ നാട്ടുകാരല്ളെന്ന മട്ടില്‍ കലക്ടറുടെ നടപടികള്‍ക്ക് കൂട്ടുനില്‍ക്കുകയാണ് -ആക്ഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.