മാനാഞ്ചിറ–വെള്ളിമാട്കുന്ന് റോഡ്: സമരം ശക്തമാക്കാന്‍ തീരുമാനം

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡിനുവേണ്ടിയുള്ള ജനകീയസമരം ശക്തമാക്കാന്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ ചേര്‍ന്ന ബഹുജന സെമിനാര്‍ തീരുമാനിച്ചു. പ്രക്ഷോഭത്തിന്‍െറ ഭാഗമായി ഒക്ടോബര്‍ രണ്ടിന് കിഴക്കെ നടക്കാവില്‍ ഈ പാതയില്‍ രണ്ടു വര്‍ഷത്തിനകം മരിച്ച 90 പേരുടെ ഓര്‍മക്ക് രക്തസാക്ഷിമണ്ഡപം തീര്‍ത്ത് പുഷ്പാര്‍ച്ചന നടത്തും. അന്നുതന്നെ റോഡിന് തടസ്സംനില്‍ക്കുന്ന ദുഷ്ടശക്തികളുടെ മനസ്സ് വൃത്തിയാക്കാന്‍ പ്രതീകാത്മകമായി ശുചീകരണയജ്ഞം നടത്തും. ഒക്ടോബര്‍ 15ന് റോഡിനുവേണ്ടി സര്‍ക്കാര്‍ വിട്ടുകൊടുക്കേണ്ട ഭൂമി പിടിച്ചെടുക്കല്‍ സമരം നടത്തും. ഒക്ടോബര്‍ 30ന് ബഹുജനങ്ങളെ സംഘടിപ്പിച്ച് മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് ഉപരോധിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.ജി.എസ്. നാരായണന്‍ പ്രഖ്യാപിച്ചു. ഏതു തരം സമരത്തിനും എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് സെമിനാര്‍ ഉദ്ഘാടനംചെയ്ത എം.കെ. രാഘവന്‍ എം.പി പ്രഖ്യാപിച്ചു. നഗരപാതാ വികസന പദ്ധതിയില്‍പെട്ട ഏഴ് റോഡുകളുടെ പട്ടികയില്‍ പ്രഥമ സ്ഥാനത്തുണ്ടായിരുന്ന മാനാഞ്ചിറ-വെള്ളിമാട്കുന്ന് പാത എങ്ങനെ അപ്രത്യക്ഷമായെന്നത് ദുരൂഹമാണെന്ന് എം.പി പറഞ്ഞു. ലിസ്റ്റില്‍ മുന്നിലുണ്ടായിരുന്ന റോഡ് ഏറ്റവും പിന്നിലാവുകയും പിന്നീട് അപ്രത്യക്ഷമാവുകയുമായിരുന്നു. ഇതെങ്ങനെ സംഭവിച്ചെന്ന് ഒരു പിടിയും കിട്ടുന്നില്ളെന്ന് എം.പി പറഞ്ഞു. പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ ഭൂമി ആദ്യം ഏറ്റെടുക്കണമെന്ന മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെടുത്ത തീരുമാനത്തിന് കാലതാമസം വന്നു. രണ്ടാംഘട്ടസമരം നടന്നപ്പോള്‍ 25 കോടി രൂപ അനുവദിക്കുമെന്ന് ചീഫ് സെക്രട്ടറി ഫോണില്‍ അറിയിച്ചിരുന്നു. പദ്ധതിക്കുണ്ടായ കാലതാമസമെന്താണ് എന്നത് പഠിക്കേണ്ട വിഷയമാണെന്നും എം.കെ. രാഘവന്‍ എം.പി പറഞ്ഞു. എം.ജി.എസിന്‍െറ നേതൃത്വ ത്തില്‍ നടക്കുന്ന സമരത്തിന് എല്ലാ പിന്തുണയുമുണ്ടാകുമെന്ന് എ. പ്രദീപ്കുമാര്‍ എം.എല്‍.എ പറഞ്ഞു. സര്‍ക്കാറിന്‍െറ വാക്കുകള്‍ പാലിക്കപ്പെടാതെ പോയതാണ് പദ്ധതി മുടങ്ങാനുള്ള കാരണങ്ങളില്‍ പ്രധാനമെന്ന് എ. പ്രദീപ്കുമാര്‍ എം.എല്‍.എ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന നഗരപാതാ വികസനപദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിലാണ് വെള്ളിമാട്കുന്ന് പാതക്കുവേണ്ടി 100 കോടി രൂപ ഉടന്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. അത് ലഭിച്ചില്ളെന്ന് മാത്രമല്ല, പിന്നീട് അവതരിപ്പിച്ച ബജറ്റില്‍പോലും ഇതിന് പണം നീക്കിവെച്ചില്ല. വീണ്ടും പലതവണ കോടികളുടെ പ്രഖ്യാപനങ്ങള്‍ മാത്രമാണുണ്ടായത്. ഇത്രയും കാലത്തിനിടെ ആകെ ലഭിച്ചത് 25 കോടി രൂപ മാത്രമാണ്. നഗരപാതാ വികസനപദ്ധതിയില്‍നിന്ന് ഈ റോഡ് അപ്രത്യക്ഷമായതെങ്ങനെ എന്ന് കണ്ടത്തെണം. പദ്ധതികളുമായി ബന്ധപ്പെട്ട അവലോകനയോഗങ്ങള്‍പോലും സ്വകാര്യമായാണ് നടക്കുന്നത് എന്ന് പ്രദീപ്കുമാര്‍ കുറ്റപ്പെടുത്തി. സര്‍ക്കാറിന്‍െറ പ്രഥമപരിഗണനാപട്ടികയില്‍ പദ്ധതി ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.ജി.എസ്. നാരായണന്‍ അധ്യക്ഷത വഹിച്ചു. എന്‍.ഐ.ടി അസോസിയേറ്റ് പ്രഫസര്‍ ഡോ. പി.പി. അനില്‍കുമാര്‍ ‘നഗരവികസനവും മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡും’ വിഷയം അവതരിപ്പിച്ചു. റിട്ട. റീജനല്‍ ടൗണ്‍ പ്ളാനിങ് ഓഫിസര്‍ എം.കെ. ബാലകൃഷ്ണന്‍ മോഡറേറ്ററായിരുന്നു. സി.ഡി.എ ചെയര്‍മാന്‍ എന്‍.സി. അബൂബക്കര്‍, മുന്‍ മേയര്‍ എം. ഭാസ്കരന്‍, ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബു, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി. ബാലന്‍, മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ പി.ജെ. ജോഷ്വ, മാധ്യമം കോഴിക്കോട് ബ്യൂറോ ചീഫ് ഉമര്‍ പുതിയോട്ടില്‍, മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്‍റ് സി. മോഹന്‍, കാലിക്കറ്റ് ചേംബര്‍ പ്രതിനിധി ഡോ. കെ. മൊയ്തു, ബി.ജെ.പി പ്രതിനിധി ആര്‍.ജി. രമേഷ്, ആം ആദ്മി പാര്‍ട്ടി പ്രതിനിധി ആലിക്കുട്ടി, മുന്‍ മേയര്‍ സി.ജെ. റോബിന്‍, പി.എം. കോയ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. എം.ജി.എസ്. നാരായണന്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിങ് പ്രസിഡന്‍റ് അഡ്വ. മാത്യു കട്ടിക്കാന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി എം.പി. വാസുദേവന്‍ സ്വാഗതവും സിറാജ് വെള്ളിമാട്കുന്ന് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.