ഉപ്പുവെള്ള ഭീഷണി; മണിയൂരില്‍ കുടിവെള്ളത്തിന് നെട്ടോട്ടം

വടകര: വേനല്‍ തുടങ്ങിയതോടെ ഉപ്പുവെള്ള ഭീഷണി വ്യാപകമായി. പലയിടത്തും കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. മണിയൂര്‍ പഞ്ചായത്തിലെ ചൊവ്വാപ്പുഴയുടെ തീരദേശവാസികളാണ് കടുത്ത ഭീഷണി നേരിടുന്നത്. ഇക്കാര്യത്തില്‍ അധികൃതരോട് പരാതി പറഞ്ഞു മടുത്തുവെന്നാണ് നാട്ടുകാരുടെ ആരോപണം. 500 ഏക്കറിലേറെ വ്യാപിച്ചുകിടക്കുന്ന ചൊവ്വാപ്പുഴയില്‍ കഴിഞ്ഞ മാസം മുതല്‍ ഉപ്പുവെള്ളം കയറി തുടങ്ങി. വര്‍ഷകാലം തുടങ്ങിയാല്‍ മാത്രമേ ഉപ്പിന്‍െറ അളവ് കുറയുകയുള്ളൂ. ഇത്തവണ ഉപ്പുവെള്ളം കയറുന്നത് അധികരിച്ചിരിക്കയാണ്. പുഴയില്‍ ഉപ്പുവെള്ളം നിറയുന്നതോടെ സമീപത്തെ കിണറുകളിലേക്കും വ്യാപിക്കുന്നു. ഇറിഗേഷന്‍ ഡിപ്പാര്‍ട്മെന്‍റാണ് ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനുള്ള പ്രവൃത്തികള്‍ നടത്തേണ്ടത്. പാലയാട് നടയില്‍ ഇതിനായി ചീര്‍പ്പു നിര്‍മിച്ചെങ്കിലും ഒരു ഗുണവും ഉണ്ടായിട്ടില്ല. ചീര്‍പ്പ് ആദ്യകാലങ്ങളില്‍ ഫലപ്രദമായിരുന്നു. പിന്നീട് കാഴ്ചവസ്തുവായി. 1953ലാണ് ഉപ്പുവെള്ളം തടയുന്നതിന് പാലയാട്ട് നടയില്‍ ചീര്‍പ്പ് സ്ഥാപിച്ചത്. തുടക്കത്തില്‍ സ്ഥാപിച്ച ഷട്ടര്‍ പ്രദേശവാസികള്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്നു. ഏകദേശം 35 വര്‍ഷം ഈ ഷട്ടര്‍ നിലനിന്നതായാണ് പഴമക്കാര്‍ പറയുന്നത്. ഇതിന്‍െറ തകര്‍ച്ചക്കുശേഷം സ്ഥാപിച്ച ഷട്ടര്‍ നാലുവര്‍ഷം മാത്രമേ നിന്നുള്ളൂ. പിന്നീടിങ്ങോട്ട് ഷട്ടര്‍ സ്ഥാപിക്കുന്നതിനായി കാര്യമായരീതിയില്‍ ഇടപെടല്‍ നടന്നില്ല. പ്രദേശത്തെ കൃഷി കുറഞ്ഞതോടെയാണ് ഉപ്പുവെള്ളം തടയുന്ന പ്രവൃത്തിക്ക് കോട്ടം സംഭവിച്ചതെന്ന് പറയുന്നു. നല്ല മത്സ്യസമ്പത്തുള്ള പുഴയാണിത്. നിലവില്‍ 50ലേറെപേര്‍ ഇവിടെനിന്ന് പുഴമത്സ്യം പിടിച്ച് ഉപജീവനം നടത്തുന്നുണ്ട്. പുഴമത്സ്യം തേടി പലയിടത്തുനിന്നായി ആളുകള്‍ ഇവിടെ എത്താറുണ്ട്. ചീര്‍പ്പിലിപ്പോള്‍ താല്‍ക്കാലികമായി മരപ്പലകകള്‍ കെട്ടിയുണ്ടാക്കിയ തടയണകൊണ്ടാണ് ഉപ്പുവെള്ളത്തിന്‍െറ ശക്തമായ വരവ് തടയുന്നത്. എന്നാലിത് വെറുതെയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഉപ്പുവെള്ളത്തിന്‍െറ പ്രശ്നം പരിഹരിക്കാന്‍ ശാശ്വതമായ ഇടപെടല്‍ വേണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. ഉപ്പുവെള്ള ഭീഷണികാരണം സമീപപ്രദേശത്തെ കിണറുകളില്‍നിന്നാണ് പുഴയോരവാസികള്‍ കുടിവെള്ളം കൊണ്ടുവരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.