തോരണം കഴുത്തില്‍ കുരുങ്ങിയും ലോറിയിലെ തടി തട്ടിയും രണ്ടുപേര്‍ക്ക് പരിക്ക്

ചാരുംമൂട്: തടി കയറ്റിപ്പോയ ലോറിയില്‍നിന്ന് തടി തട്ടിയും പൊട്ടിയ തോരണങ്ങള്‍ കഴുത്തില്‍ കുരുങ്ങിയും രണ്ടുപേര്‍ക്ക് പരിക്ക്. ഡി.വൈ.എഫ്.ഐ ചാരുംമൂട് മേഖല പ്രസിഡന്‍റ് താമരക്കുളം പേരൂര്‍ കാരാണ്‍മ കുളത്തിന്‍െറ മേലേതില്‍ ആര്‍. അനില്‍ (29), ചുനക്കര കോമല്ലൂര്‍ താഴത്തെ കുന്നുവിളയില്‍ വിശ്വംഭരന്‍ (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തടി തട്ടി പരിക്കേറ്റ അനിലിന്‍െറ നില ഗുരുതരമാണ്. തലക്ക് പരിക്കേറ്റ അനിലിനെ ആലപ്പുഴ മെഡിക്കല്‍ കോളജിലും കയര്‍ കുരുങ്ങി കഴുത്തിന് പരിക്കേറ്റ വിശ്വംഭരനെ മാവേലിക്കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം 6.30ഓടെയായിരുന്നു സംഭവം. അടൂരില്‍നിന്ന് വള്ളിക്കുന്നത്തേക്ക് റബര്‍ തടി കയറ്റി വന്ന ലോറിയാണ് അപകടം വിതച്ചത്. ചാരുംമൂട് ജങ്ഷന് തെക്കുഭാഗത്ത് നവകേരള മാര്‍ച്ചിനുവേണ്ടി ഒരുക്കിയ സമ്മേളന നഗറിന് മുന്നിലായിരുന്നു അപകടം. ലോറിയിലുണ്ടായിരുന്ന തടിയുടെ വശങ്ങള്‍ തട്ടി റോഡിന്‍െറ ഇരുവശങ്ങളിലും കുഴിച്ചിട്ടിരുന്ന തൂണുകള്‍ റോഡിലേക്ക് മറിഞ്ഞുവീഴുകയും തോരണ ചരടുകള്‍ പൊട്ടുകയും ചെയ്തു. ഈ സമയം ലോറിക്ക് പിന്നാലെ വന്ന വിശ്വംഭരന്‍െറ കഴുത്തില്‍ കയര്‍ കുരുങ്ങുകയും കുറച്ചുദൂരം ബൈക്ക് സഹിതം വലിച്ചുകൊണ്ടുപോകുകയും ചെയ്തു. നിര്‍ത്താതെ പോയ ലോറിയിലുണ്ടായിരുന്ന തടി സമ്മേളന നഗറിന് മുന്നില്‍നിന്ന അനിലിന്‍െറ തലയില്‍ തട്ടുകയായിരുന്നു. നിര്‍ത്താതെ പോയ ലോറി സി.പി.എം പ്രവര്‍ത്തകര്‍ ഒരുകിലോമീറ്റര്‍ അകലെ തടഞ്ഞിട്ടു. നൂറനാട് പൊലീസ് എത്തി വാഹനം കസ്റ്റഡിയിലെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.