നവീകരണം പൂര്‍ത്തിയായ എം.സി റോഡ് കലുങ്കിനായി വീണ്ടും കുഴിച്ചു

ഏറ്റുമാനൂര്‍: നവീകരണ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായ എം.സി റോഡ് വീണ്ടും വെട്ടിപ്പൊളിച്ചത് ഏറ്റുമാനൂര്‍ പട്ടണത്തില്‍ ഗതാഗതക്കുരുക്കിന് കാരണമായി. പലതവണ ഉയര്‍ത്തിയും താഴ്ത്തിയും ടാറിങ് ജോലി പൂര്‍ത്തിയാക്കിയ റോഡാണ് പുതിയ കലുങ്ക് നിര്‍മിക്കുന്നതിന് വെട്ടിത്താഴ്ത്തിയത്. ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജങ്ഷനില്‍നിന്ന് സ്വകാര്യ ബസ് സ്റ്റാന്‍ഡിലേക്ക് കയറുന്ന ഭാഗത്താണ് കഴിഞ്ഞദിവസം പുതിയ കലുങ്കിന്‍െറ നിര്‍മാണം ആരംഭിച്ചത്. പോസ്റ്റ് ഓഫിസിനും വില്ളേജ് ഓഫിസിനും അടുത്താണ് ടൗണില്‍ നിലവില്‍ കലുങ്കുകള്‍ പണിതിട്ടുള്ളത്. ടാറിങ് പൂര്‍ത്തിയാക്കിക്കഴിഞ്ഞ് പുതിയ കലുങ്കിനുവേണ്ടി റോഡിന് കുറുകെ കുഴിയെടുത്തത് കെ.എസ്.ടി.പിയുടെ അശാസ്ത്രീയമായ നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്കും അതിലൂടെ സര്‍ക്കാറിനുണ്ടാകുന്ന ഭീമമായ നഷ്ടത്തിലേക്കുമാണ് വിരല്‍ചൂണ്ടുന്നത്. റോഡ് ടാറിങ്ങിന് മുമ്പുതന്നെ ഏറ്റുമാനൂര്‍ ടൗണിലെ നവീകരണപ്രവര്‍ത്തനങ്ങള്‍ ഏറെ വിവാദമായിരുന്നു. ഓട നിര്‍മാണത്തിലെ അപാകതകളും പലയിടത്തും സ്വകാര്യ വ്യക്തികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഓടകള്‍ റോഡിലേക്കിറക്കി പണിതതും പരാതിക്കിടനല്‍കിയിരുന്നു. തിരു ഏറ്റുമാനൂരപ്പന്‍ ബസ്ബേക്ക് മുന്നില്‍ തന്നെ നാലുതവണ റോഡ് താഴ്ത്തുകയും പിന്നീട് ഉയര്‍ത്തുകയും ചെയ്തിരുന്നു. സെന്‍ട്രല്‍ ജങ്ഷനിലും ഉയര്‍ത്തിക്കൊണ്ടുവന്ന റോഡ് പിന്നീട് രണ്ടുതവണ താഴ്ത്തി. ഒരേ ലെവലില്‍ പോകേണ്ട റോഡില്‍ താഴ്ന്ന സ്ഥലങ്ങള്‍ ഉയര്‍ത്തുന്നതിനോ ഉയര്‍ന്ന സ്ഥലങ്ങള്‍ താഴ്ത്തുന്നതിനോ വേണ്ട നടപടി സ്വീകരിച്ചിട്ടില്ല. ടൗണില്‍ എത്തുന്നതോടെ കുപ്പിയുടെ കഴുത്തുപോലെ റോഡിന്‍െറ വീതിയും കുറയുന്നു. പലയിടത്തും കലുങ്കുകള്‍ നിര്‍മിച്ചിരിക്കുന്നത് റോഡിന്‍െറ വീതിക്ക് ആനുപാതികമായിട്ടല്ല എന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. വില്ളേജ് ഓഫിസിന് സമീപമുള്ള കലുങ്കിന്‍െറ ഭിത്തിക്കും ഓടക്കുമിടയില്‍ ഒന്നര അടിയോളം അകല്‍ചയുണ്ട്. ഇത് ഒട്ടേറെ അപകടങ്ങള്‍ക്ക് വഴിവെക്കുന്നു. ഓടകള്‍ക്ക് മീതെയിടുന്ന സ്ളാബുകള്‍ ഉറപ്പില്ലാത്തവയും പൊട്ടിപ്പൊളിഞ്ഞതുമാണെന്ന പരാതിയുമുണ്ട്. റോഡ് പണിക്കിടെ ഓടയില്‍ വീഴുന്ന മണ്ണും മറ്റ് മാലിന്യവും നീക്കംചെയ്യാതെ സ്ളാബ് ഇട്ട് മൂടുന്നത് വെള്ളം കെട്ടിക്കിടക്കാനും സാംക്രമികരോഗങ്ങള്‍ പരക്കാനും കാരണമാകുന്നു. പലയിടത്തും ആവശ്യത്തിന് ചായ്വ് ഇല്ലാതെയാണ് റെഡിമെയ്ഡ് ഓടകള്‍ വെച്ചിരിക്കുന്നത്. കെ.എസ്.ടി.പിയുടെ അശാസ്ത്രീയമായ റോഡ് പണി ഗതാഗത നിയന്ത്രണത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് പൊലീസും പറയുന്നു. തങ്ങളെ അറിയിക്കാതെ പെട്ടെന്ന് റോഡ് വെട്ടിപ്പൊളിക്കുന്നത് മുന്‍കൂട്ടിയുള്ള നിയന്ത്രണമേര്‍പ്പെടുത്തുന്നത് സാധിക്കാതെവരുന്നു. ഇതറിയാതെ കോട്ടയം മെഡിക്കല്‍ കോളജ് തുടങ്ങിയ ആശുപത്രികളിലേക്ക് രോഗികളുമായി വരുന്ന ആംബുലന്‍സുകളും കുരുക്കില്‍പെട്ട് കിടക്കേണ്ടിവരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.