മൂന്ന് പതിറ്റാണ്ടിന് ശേഷം കൊല്ലം-തേക്കടി കെ.എസ്.ആര്‍.ടി.സി സര്‍വിസ് പുനരാരംഭിക്കുന്നു

കൊല്ലം: മൂന്ന് പതിറ്റാണ്ടു മുമ്പ് നിര്‍ത്തലാക്കിയ കൊല്ലം-തേക്കടി ബസ് സര്‍വിസ് കെ.എസ്.ആര്‍.ടി.സി പുനരാരംഭിക്കുന്നു. കെ.യു.ആര്‍.ടി.സി ജനുറം സൂപ്പര്‍ഫാസ്റ്റ് എ.സി ബസ് കൊല്ലത്തുനിന്ന് തേക്കടിയിലേക്ക്് തിങ്കളാഴ്ച സര്‍വിസ് ആരംഭിക്കും. 30 വര്‍ഷം മുമ്പ് പത്തനംതിട്ട ഡിപ്പോ ആരംഭിച്ചപ്പോള്‍ കൊല്ലം ഡിപ്പോയില്‍നിന്ന് ലാഭത്തിലോടിയിരുന്ന തേക്കടി സര്‍വിസ് അവിടേക്ക് കൈമാറി. എന്നാല്‍, ഒരു വര്‍ഷത്തിനകം പത്തനംതിട്ട ഡിപ്പോ തേക്കടി സര്‍വിസ് നിര്‍ത്തി. കൊല്ലത്തുനിന്നുള്ള തേക്കടി ഫാസ്റ്റ് പാസഞ്ചര്‍ ബസ് ശങ്കരമംഗലം, ഭരണിക്കാവ്, അടൂര്‍, പത്തനംതിട്ട, എരുമേലി, പുളിമുക്ക്, മുണ്ടക്കയം, കുമളി വഴിയാണ് പോയിരുന്നത്. ജനുറം സര്‍വിസ് രാവിലെ എട്ടിന് കൊല്ലം ഡിപ്പോയില്‍നിന്ന് ആരംഭിച്ച് തിരുമുല്ലവാരത്തുപോയശേഷം കൊട്ടാരക്കര, അടൂര്‍ വഴിയാണ് യാത്ര തുടരുക. തിങ്കളാഴ്ച രാവിലെ എട്ടിന് കൊല്ലം ഡിപ്പോയില്‍ സര്‍വിസിന്‍െറ ഉദ്ഘാടനം പി.കെ. ഗുരുദാസന്‍ എം.എല്‍.എ നിര്‍വഹിക്കും. എം.എല്‍.എയുടെ നിവേദനത്തിന്‍െറ അടിസ്ഥാനത്തില്‍ അനുവദിച്ച മൂന്നു പുതിയ ജനുറം എ.സി സര്‍വിസുകളുടെ ഉദ്ഘാടനവും നടക്കും. കൊല്ലം-ഗുരുവായൂര്‍, കൊല്ലം- തൃശൂര്‍, കൊല്ലം -പുനലൂര്‍ സര്‍വിസുകളാണ് തുടങ്ങുന്നത്. രാവിലെ 7.50നു പുറപ്പെടുന്ന ഗുരുവായൂര്‍ സര്‍വിസ് വൈറ്റില, വരാപ്പുഴ, കൊടുങ്ങല്ലൂര്‍ വഴിയാണ്. കൊല്ലത്തുനിന്ന് രാവിലെ 5.30നു പുറപ്പെടുന്ന തൃശൂര്‍ സര്‍വിസ് കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, മൂവാറ്റുപുഴ വഴി പോകും. കൊല്ലം- പുനലൂര്‍ ബസ് ഓര്‍ഡിനറി ചെയിന്‍ സര്‍വിസാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.