ഫാം ഉടമയെ മര്‍ദിച്ച സംഭവം: പഞ്ചായത്തംഗം ഉള്‍പെടെ മൂന്നുപേര്‍ പിടിയില്‍

അങ്കമാലി: ഫാം ഉടമയെ മാരകായുധങ്ങളുപയോഗിച്ച് മര്‍ദിച്ച സംഭവത്തില്‍ തുറവൂര്‍ ഗ്രാമപഞ്ചായത്തംഗം ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. ഏഴ് പേര്‍ക്കെതിരെ വധശ്രമത്തിന് അങ്കമാലി പൊലീസ് കേസെടുത്തു. ക്രൂരമായ ആക്രമണത്തിനുശേഷം സംഘം വധഭീഷണി മുഴക്കി രണ്ട് മുദ്രപ്പത്രത്തില്‍ ഒപ്പിടുവിച്ച് വാങ്ങിയതായും പരാതിയുണ്ട്. പ്രതികള്‍ ഏഴുപേരും തുറവൂര്‍ കിടങ്ങൂര്‍ സ്വദേശികളാണ്. നാലുപേര്‍ ഒളിവിലാണ്. ഗ്രാമപഞ്ചായത്തംഗം കിടങ്ങൂര്‍ കണ്ണോത്ത് പണിക്കര്‍ വീട്ടില്‍ സന്തോഷ് പണിക്കര്‍ (48), കിടങ്ങൂര്‍ പുതിയേടത്ത് വീട്ടില്‍ അഖില്‍ (24), കിടങ്ങൂര്‍ ആട്ടൂക്കാരന്‍ വീട്ടില്‍ സജീഷ് (30) എന്നിവരാണ് പിടിയിലായത്. ആലുവ തോട്ടക്കാട്ടുകര അറക്കല്‍ പുത്തന്‍വീട്ടില്‍ മനു ആനന്ദിനെയാണ് (48) ആക്രമിച്ചത്. അവശനിലയിലായ മനുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച വൈകുന്നേരം നാലിന് മനുവിന്‍െറ കിടങ്ങുരുള്ള ഫാം ഹൗസിലായിരുന്നു സംഭവം. സന്തോഷ് പണിക്കരായിരുന്നു ഫാം വാടകക്കെടുത്തിരുന്നത്. എന്നാല്‍, കാലാവധിക്കുശേഷം ഇയാള്‍ ഒഴിഞ്ഞുകൊടുത്തില്ലത്രെ. ഇതേതുടര്‍ന്ന് ജനപ്രതിനിധികള്‍ അടക്കമുള്ളവരുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ സന്തോഷ് ആറുദിവസത്തിനകം ഒഴിഞ്ഞുകൊടുക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നതാണെങ്കിലും ഒഴിഞ്ഞുകൊടുത്തില്ല. അതിനിടെ, വെള്ളിയാഴ്ച മനു ഫാമില്‍ എത്തിയപ്പോള്‍ സന്തോഷ് സംഘംചേര്‍ന്ന് മദ്യപിക്കുകയായിരുന്നെന്നാണ് പറയുന്നത്. മനു അത് ചോദ്യം ചെയ്യുകയും സംഘം മദ്യപിക്കുന്ന ചിത്രം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തതോടെ പ്രതികള്‍ ആക്രമണം അഴിച്ചുവിട്ടതെന്നാണ് പരാതി. കണ്ണിനും മുഖത്തും പുറത്തും വയറ്റിലും മറ്റും ഇരുമ്പുവടികൊണ്ട് മര്‍ദനമേറ്റ മനു അവശനായപ്പോഴാണ് മുദ്രപ്പത്രത്തില്‍ ഒപ്പിടുവിച്ച് വാങ്ങിയതെന്നും പൊലീസ് പറഞ്ഞു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം അങ്കമാലി സി.ഐ എ.കെ. വിശ്വനാഥന്‍, പ്രിന്‍സിപ്പല്‍ എസ്.ഐ പി.എച്ച്. സമീഷ് എന്നിവരുടെ നേതൃത്വത്തില്‍ അഡീഷനല്‍ എസ്.ഐ. ഡേവിസ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ജിസ്മോന്‍, അജിത്ത് എന്നിവരടങ്ങുന്ന പൊലീസ് സംഘം മുഖ്യപ്രതികളെ പിടികൂടുകയായിരുന്നു. മറ്റുപ്രതികളും ഉടന്‍ വലയിലാകുമെന്നും പൊലീസ് പറഞ്ഞു. പ്രതികളെ ആലുവ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.