പെരുമ്പാവൂര്‍: രാജ്യത്ത് ദലിതര്‍ക്കും സ്ത്രീകള്‍ക്കുമെതിരായ ആക്രമണം വര്‍ധിച്ചുവരുകയാണെന്നും എല്ലാ സ്ത്രീകള്‍ക്കും സുരക്ഷിതത്വവും സ്വാതന്ത്ര്യവും ലഭ്യമായാല്‍ മാത്രമേ രാജ്യത്തിന് പുരോഗതി കൈവരിക്കാനാവുകയുള്ളൂവെന്നും ജെ.എന്‍.യു യൂനിയന്‍ പ്രസിഡന്‍റ് കനയ്യകുമാര്‍. പെരുമ്പാവൂര്‍ താലൂക്കാശുപത്രിയില്‍ കഴിയുന്ന കൊല്ലപ്പെട്ട ജിഷയുടെ മാതാവിനെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഷയുടെ കൊലപാതകികളെ എത്രയുംവേഗം നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും അന്വേഷണം ത്വരിതപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. നിര്‍ഭയ ആക്ട് രൂപവത്കരിച്ചശേഷവും ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ളെന്ന തെളിവാണ് ജിഷയുടെ കൊലപാതകം. വിദ്യാഭ്യാസപുരോഗതിയിലും സാംസ്കാരിക സമ്പന്നതയിലും അഭിമാനിക്കുന്ന കേരളത്തിന് ലോകത്തിന് മുന്നില്‍ തലകുനിക്കേണ്ടിവന്ന സംഭവമാണ് ജിഷയുടെ ദാരുണ അന്ത്യം. കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന് ജിഷയുടെ കുടുംബത്തിന് നീതി ഉറപ്പുവരുത്തേണ്ടത് ഭരണാധികാരികളുടെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകം നടന്ന വട്ടോളിപ്പടിയിലെ ജിഷയുടെ വീടും സന്ദര്‍ശിച്ച ശേഷമാണ് കനയ്യകുമാര്‍ മടങ്ങിയത്. എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. കെ. രാജന്‍, എം.എല്‍.എ യും ജെ.എന്‍.യു വിദ്യാര്‍ഥിയുമായ മുഹമ്മദ് മുഹ്സിന്‍, ജെ.എന്‍.യു വൈസ് പ്രസിഡന്‍റ് ഷഹ്ല റാഷിദ് ഷോറ, എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി സുഭാഷ് സുധാകരന്‍, സംസ്ഥാന പ്രസിഡന്‍റ് വി. വിനില്‍ തുടങ്ങിയവരും കനയ്യകുമാറിനൊപ്പം പെരുമ്പാവൂരില്‍ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.