മെട്രോ: കാക്കനാട്ടേക്ക് നീട്ടാനുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടി തുടങ്ങി

കാക്കനാട്: കാക്കനാട്ടേക്ക് മെട്രോ റെയില്‍ നീട്ടാനുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടി തുടങ്ങിയതായി കലക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു. പാലാരിവട്ടം മുതല്‍ ഇന്‍ഫോ പാര്‍ക്ക് വരെയുള്ള സര്‍വേ നടപടികളാണ് തുടങ്ങിയത്. ഇന്‍ഫോപാര്‍ക്ക് വരെ 11.2 കിലോമീറ്ററാണ് മെട്രോ റെയില്‍ സ്ഥാപിക്കുന്നത്. റോഡിന്‍െറ മധ്യഭാഗത്തുനിന്ന് ഇരു വശങ്ങളിലേക്ക് 11 മീറ്ററാണ് വീതി. ഇതിനായി സ്ഥലം ഏറ്റെടുക്കാന്‍ അളന്നുതിട്ടപ്പെടുത്തുന്ന ജോലിയാണ് ആരംഭിച്ചത്. ഈ മാസം സര്‍വേ പൂര്‍ത്തീകരിക്കും. ഏറ്റെടുക്കുന്ന സ്ഥലം ജില്ലാ ഭരണകൂടത്തിന് കൈമാറും. നേരത്തേ പ്രത്യേക ഏജന്‍സി പഠനം നടത്തി താല്‍ക്കാലിക സ്കെച്ച് തയാറാക്കി കെ.എം.ആര്‍.എല്ലിന് നല്‍കിയിരുന്നു. ഇതില്‍ മൂന്നിടങ്ങളില്‍ തര്‍ക്കമുണ്ടായി. ആലിന്‍ ചുവട് എസ്.എന്‍.ഡി.പിയുടെ അമ്പലവും പ്രതിഷ്ഠയും കാക്കനാട് മീഡിയ അക്കാദമിയുടെ സ്ഥലം എന്നിവിടങ്ങളിലായിരുന്നു തര്‍ക്കം. ഫ്ളാറ്റുമായി ബന്ധപ്പെട്ട് ചെറിയ തോതില്‍ തര്‍ക്കമുണ്ടായിരുന്നു. മെട്രോ റെയിലിന്‍െറ പരിശോധനാ വിഭാഗമായ റൈറ്റ്സ് പാലാരിവട്ടത്ത് തര്‍ക്ക സ്ഥലങ്ങള്‍ പരിശോധിച്ച് സാധ്യതാ പഠന റിപ്പോര്‍ട്ട് തയാറാക്കി കെ.എം.ആര്‍.എല്ലിന് നല്‍കിയിരുന്നു.ഇതിന്‍െറ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സ്ഥലം ഏറ്റെടുക്കാന്‍ പ്രാഥമിക നടപടി ആരംഭിച്ചത്. റിപ്പോര്‍ട്ട് പ്രകാരം ആലിന്‍ ചുവട്ടില്‍ അലൈന്‍മെന്‍റില്‍ ചെറിയ മാറ്റമുണ്ടായേക്കും. എന്നാല്‍, മെട്രോ റെയില്‍ മീഡിയ അക്കാദമിയുടെ ഭാഗത്ത് കൂടുതല്‍ മുന്നോട്ടെടുത്ത് അക്കാദമി കെട്ടിടം സംരക്ഷിക്കുന്ന വിധത്തിലാണ് പുതിയ അലൈന്‍മെന്‍റ്. പാലാരിവട്ടം മുതല്‍ ഇന്‍ഫോ പാര്‍ക്ക് വരെ 11 സ്റ്റേഷനുകളാണ് ഒരുക്കുന്നത്. രണ്ട് ഏക്കറോളം സ്ഥലം ഇതിനായി ഏറ്റെടുക്കേണ്ടി വരും. വാഴക്കാലയില്‍ റോഡിന്‍െറ ഇരുവശവും 11 മീറ്റര്‍ ലഭിക്കാത്തതിനാല്‍ വീതി കൂട്ടുമ്പോള്‍ കെട്ടിടങ്ങള്‍ പോകാനിടയുണ്ട്. ബാക്കി സ്ഥലങ്ങളിലെ കെട്ടിടങ്ങള്‍ ഭാഗികമായേ പോകാനിടയുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.