തിളക്കുന്ന വെയിലില്‍ ആറുമണിക്കൂര്‍ ജോലി; ട്രാഫിക് വാര്‍ഡന് 300 രൂപ കൂലി

കൊച്ചി: ആറുമണിക്കൂര്‍ പൊരിവെയിലില്‍ തിളക്കുന്ന ടാറിനുമുകളില്‍ നിന്ന് വെന്തുരുകിയാല്‍ കിട്ടുന്നത് മുന്നൂറ് രൂപ. വേനല്‍ച്ചൂട് 40 ഡിഗ്രിയോടടുക്കുന്ന സന്ദര്‍ഭത്തിലാണ് ഒരിലയുടെ തണല്‍പോലുമില്ലാതെ പൊരിവെയിലത്ത് തുച്ഛവേതനത്തിന് ഒരുപറ്റം ആളുകള്‍ ട്രാഫിക് ഡ്യൂട്ടി ചെയ്യുന്നത്. ഗതാഗത നിയന്ത്രണത്തിന് പൊലീസിനെ സഹായിക്കാന്‍ ദിവസ വേതനത്തിന് നിയോഗിക്കപ്പെട്ട വാര്‍ഡന്മാരാണ് പൊള്ളുന്ന സൂര്യന്‍െറ താപം ഏറെ ഏറ്റുവാങ്ങാന്‍ നിര്‍ബന്ധിതരാകുന്നത്. ഗതാഗതം നിയന്ത്രിക്കുന്നതിന് പൊലീസിനെ സഹായിക്കാന്‍ കൊച്ചി നഗരത്തില്‍ നിയോഗിച്ചിരിക്കുന്നത് 72 ട്രാഫിക് വാര്‍ഡന്മാരെ. ഇതില്‍ അമ്പതോളം പേര്‍ സ്ത്രീകളാണ്. രാവിലെ എട്ടുമുതല്‍ രണ്ട് ഷിഫ്റ്റായാണ് ഡ്യൂട്ടി. ആറുമണിക്കൂര്‍ ഡ്യൂട്ടി ചെയ്താല്‍ പ്രതിദിനം ലഭിക്കുന്നത് മുന്നൂറ് രൂപ. കിട്ടുന്നതില്‍ നല്ലപങ്കും കുടിവെള്ളത്തിന് മാത്രം ചെലവാക്കണം. കനത്ത ചൂടിനെയും വാഹനങ്ങളില്‍നിന്നുയരുന്ന പുകയെയും പ്രതിരോധിക്കാന്‍ പലരും കൈയുറ, മാസ്ക് എന്നിവ ഉപയോഗിക്കുന്നുണ്ട്. ഇവ സ്വന്തം ചെലവില്‍ വാങ്ങണം. താല്‍ക്കാലിക ജീവനക്കാരായതുകൊണ്ട് മറ്റ് ആനുകൂല്യങ്ങളുമില്ല. ഡ്യൂട്ടി സമയം മുഴുവന്‍ ഒരേനില്‍പ് നില്‍ക്കാനാണ് വിധി. ശക്തമായ ചൂടില്‍ തുടര്‍ച്ചയായി നില്‍ക്കുന്നത് ആരോഗ്യ പ്രശ്നങ്ങളുമുണ്ടാക്കുന്നു.ഇവരുടെ ദുരിതം കണ്ട് ചില സംഘടനകള്‍ കുടിവെള്ളം എത്തിക്കാറുണ്ട്. നഗരത്തിലെ ചില സൂപ്പര്‍മാര്‍ക്കറ്റുകളില്‍, ‘പൊരിവെയിലില്‍ വലയുന്ന ട്രാഫിക് വാര്‍ഡന്മാര്‍ക്കും പൊലീസുകാര്‍ക്കും കുടിവെള്ളം എത്തിക്കാന്‍ കൈകോര്‍ക്കുക’ എന്ന പേരില്‍ ചിലര്‍ ബോക്സുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വിശാലമനസ്കരില്‍ ചിലര്‍ ഇതില്‍ പൊട്ടിക്കാത്ത കുപ്പിവെള്ളം നിക്ഷേപിക്കാറുമുണ്ട്. പക്ഷേ, വളരെ കുറഞ്ഞ പ്രതികരണം മാത്രമാണ് ഇങ്ങനെ കിട്ടുന്നതെന്ന് കച്ചവടക്കാരും പറയുന്നു. നഗരമധ്യത്തില്‍ പൊരിവെയിലില്‍ ജോലിചെയ്യുന്നവരുടെ ദാഹമകറ്റാന്‍ ഇത് പര്യാപ്തമാകുന്നുമില്ല. പലരും അടുത്ത ചായക്കടകളില്‍നിന്നും ശീതളപാനീയക്കടകളില്‍നിന്നും ഒഴിഞ്ഞ കുപ്പികളില്‍ വെള്ളം ശേഖരിച്ചാണ് ദാഹമകറ്റുന്നത്. വണ്‍വേ ട്രാഫിക്കിന്‍െറ ഭാഗമായും മറ്റും ഗതാഗതം തിരിച്ചുവിടുന്നതിന് ഇവരുടെ സഹായമാണ് അധികൃതര്‍ തേടുന്നത്. അപ്രതീക്ഷിതമായി ഇങ്ങനെ വാഹനങ്ങള്‍ തിരിച്ചുവിടുമ്പോള്‍ പലരും ട്രാഫിക് വാര്‍ഡന്മാരോട് തട്ടിക്കയറാറുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.