മൂവാറ്റുപുഴ: 16ാം വാര്‍ഡ് സംവരണമായത് യു.ഡി.എഫ് ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ഥിക്ക് തിരിച്ചടി

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിലെ സംവരണ സീറ്റുകള്‍ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചതിന് പിന്നാലെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയിലേക്ക് കടന്നു. നിലവില്‍ 28 വാര്‍ഡുകളുള്ള മൂവാറ്റുപുഴ നഗരസഭയില്‍ 14 സ്ത്രീ സംവരണ സീറ്റുകളും 14 ജനറല്‍ സീറ്റുകളുമാണുള്ളത്. ഇന്നലെ എറണാകുളം ടൗണ്‍ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 16ാം വാര്‍ഡ് പട്ടികജാതി സ്ത്രീ സംവരണ സീറ്റായും 22ാം വാര്‍ഡ് പട്ടികജാതി (പുരുഷന്‍) സംവരണ സീറ്റുകളുമായി മാറി. നിലവിലുള്ള കൗണ്‍സിലിലെ പല പ്രമുഖരുടെയും സീറ്റുകള്‍ വനിതാ സംവരണ സീറ്റായി മാറിയതുമൂലം പ്രമുഖ നേതാക്കളാരും മത്സരിക്കാനിടയില്ല. നഗരസഭ സാരഥ്യം വനിതകള്‍ക്കാകുമെന്നുള്ളതുകൊണ്ട് പ്രമുഖരാരും മത്സരത്തിന് താല്‍പര്യമെടുക്കുന്നില്ല. എന്നാല്‍, ജനറല്‍ സീറ്റായി മാറിയ വാര്‍ഡുകളില്‍ പ്രമുഖര്‍ മത്സരരംഗത്ത് ഇല്ളെങ്കിലും സീറ്റ് നിര്‍ണയം കീറാമുട്ടിയായി മാറും. ഓരോ വാര്‍ഡിലും രണ്ടും മൂന്നും സ്ഥാനാര്‍ഥി മോഹികള്‍ രംഗത്തുവന്നതാണ് പാര്‍ട്ടികള്‍ക്ക് വിനയാകുന്നത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ പ്രാദേശിക നേതാക്കള്‍ സ്വയംസ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് രംഗത്തുവന്നത് വിവാദമായിരുന്നു. ഇനി ഇവരെ മെരുക്കിയെടുത്ത് ഏകാഭിപ്രായത്തില്‍ എത്തിച്ച് സ്ഥാനാര്‍ഥി നിര്‍ണയം നടത്തുക എന്നതും ദുര്‍ഘടമാണ്. നഗരസഭ ചെയര്‍പേഴ്സണ്‍ സ്ഥാനം ലക്ഷ്യമിട്ട് 16ാം വാര്‍ഡില്‍ പ്രവര്‍ത്തനം തുടങ്ങിയ മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് പി.എസ്. സലീമിന്‍െറ ഭാര്യ ഗുല്‍ഷന്‍ സലീമിന് സംവരണ സീറ്റ് നറുക്കെടുപ്പ് തിരിച്ചടിയായി. സലീം പ്രതിനിധാനം ചെയ്തിരുന്ന 16ാം വാര്‍ഡ ്പട്ടികജാതി സ്ത്രീ സംവരണ സീറ്റായി മാറിക്കഴിഞ്ഞു. ഈ വാര്‍ഡ് ഇവര്‍ക്ക് വിനയായെങ്കിലും തൊട്ടടുത്ത വാര്‍ഡിലെ നിലവിലെ കൗണ്‍സിലര്‍ ആര്യാസജിക്ക് ഗുണകരമായി. 22ാം വാര്‍ഡ് കൗണ്‍സിലര്‍ കേരള കോണ്‍ഗ്രസ് എമ്മിലെ ലില്ലി റോയിയുടെ ഭര്‍ത്താവും കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് കൂടിയായ റോയി ഈ വാര്‍ഡില്‍ സീറ്റ് ഉറപ്പിച്ചിരുന്നു. എന്നാല്‍, വാര്‍ഡ് പട്ടികജാതി പുരുഷ സംവരണ സീറ്റായി മാറിയത് തിരിച്ചടിയായി. യു.ഡി.എഫ് ഭരണത്തിലത്തെിയാല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനാകുമായിരുന്നു റോയി. ഇരുമുന്നണികളിലെയും പ്രമുഖരായ മുനിസിപ്പല്‍ ചെയര്‍മാന്‍ യു.ആര്‍. ബാബു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജി. അനില്‍കുമാര്‍, കോണ്‍ഗ്രസിലെ പി.പി. എല്‍ദോസ്, പി.എസ്. സലീം ഹാജി എന്നിവരുടെ വാര്‍ഡുകളെല്ലാം വനിതാ വാര്‍ഡുകളായി മാറി. ഇതോടെ ഇവര്‍ക്ക് പുതിയ തട്ടകം തേടേണ്ട സ്ഥിതിയാണ്. ഇവരെ പോലുള്ളവര്‍ തെരഞ്ഞെടുപ്പില്‍ നിന്നും മാറി നിന്നാല്‍ പിന്നെ ഇരമുന്നണികളില്‍ നിന്നും മത്സര രംഗത്തു വരുന്നത് രണ്ടാംനിര നേതാക്കളായിരിക്കും. ഇത് ഭരണരംഗത്ത് പ്രശ്നം സൃഷ്ടിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.