മൂവാറ്റുപുഴ: ഡീസല്‍ സംഭരണിയില്‍ വെള്ളം നിറഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് പമ്പ് ഓപറേറ്ററെ അന്യായമായി സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് ഡ്രൈവേഴ്സ് യൂനിയന്‍െറ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. സസ്പെന്‍ഷന് വിധേയനായ താല്‍ക്കാലിക പമ്പ് ഓപറേറ്റര്‍ ടോമി ജോര്‍ജാണ് സമരമാരംഭിച്ചിരിക്കുന്നത്. ഈ മാസം ആദ്യമാണ് സംഭവം. ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡീസല്‍ സംഭരണിക്ക് സമീപത്തുകൂടി കടന്നുപോകുന്ന തോട്ടിലേക്ക് അടക്കം തത്വദീക്ഷയില്ലാതെ മണ്ണ് കൊണ്ടുവന്ന് തള്ളിയതാണ് ഡീസല്‍ ടാങ്കില്‍ വെള്ളം കയറാന്‍ കാരണമായത്. ഹൃദയ സംബന്ധമായ അസുഖത്തത്തെുടര്‍ന്ന് ഡ്രൈവര്‍ ജോലി ചെയ്യാന്‍ കഴിയാതിരുന്ന ടോമി ജോര്‍ജായിരുന്നു ഈ സമയം പമ്പ് ഓപറേറ്ററുടെ ജോലി ചെയ്തിരുന്നത്. സംഭവ ദിവസം രാവിലെ പമ്പില്‍നിന്ന് ഡീസല്‍ അടിച്ച് സര്‍വീസിന് പുറപ്പെട്ട ബസുകള്‍ ഒന്നിനുപിറകെ ഒന്നായി റോഡില്‍ കിടന്നതോടെയാണ് ടാങ്കില്‍ വെള്ളം കയറിയ വിവരം അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ടാങ്കിന്‍െറ പൊട്ടിയ എയര്‍ പൈപ്പിലൂടെ വെള്ളം ഇറങ്ങിയതാണെന്ന് കണ്ടത്തെിയിരുന്നു. ഇതേതുടര്‍ന്നാണ് ടോമിയെ സസ്പെന്‍ഡ് ചെയ്തത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കെ.എസ്.ആര്‍.ടി.സിയുടെ സിവില്‍ വിങ്ങിന്‍െറ അപാകതമൂലം സംഭവിച്ച തെറ്റിന് പാവപ്പെട്ട ജീവനക്കാരനെ ബലിയാടാക്കിയ നടപടി അംഗീകരിക്കാനാവില്ളെന്ന് തൊഴിലാളികള്‍ പറഞ്ഞു. അസുഖംമൂലം ജോലി ചെയ്യാന്‍ കഴിയാതിരുന്ന ടോമി പമ്പ് ഓപറേറ്ററുടെ ജോലി ഏറ്റെടുത്ത് 10 ദിവസം തികയുന്ന അന്നായിരുന്നു ടാങ്കില്‍ വെള്ളം കയറിയത്. തോട് മണ്ണിട്ട് മൂടിയാല്‍ പ്രശ്നമുണ്ടാകുമെന്ന് തൊഴിലാളികള്‍ ബോധിപ്പിച്ചിരുന്നെങ്കിലും സിവില്‍ വിങ്ങിലെ ഒരു ഉദ്യോഗസ്ഥന്‍െറ കടുംപിടിത്തമാണ് ടാങ്കിന് സമീപത്തെ തോട് മണ്ണിട്ട് മൂടാന്‍ കാരണമായത്. ഇക്കാര്യങ്ങളെല്ലാം അന്വേഷണം നടത്തിയ കോട്ടയം എ.ഡബ്ള്യു.എം വി.സി. ഉണ്ണികൃഷ്ണന്‍െറ ശ്രദ്ധയില്‍പെടുത്തിയെങ്കിലും ഇതൊന്നും ഗൗനിക്കാതെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നുവെന്നും തൊഴിലാളികള്‍ പറഞ്ഞു. ഉന്നതരെ രക്ഷിക്കാനാണ് കീഴ്ജീവനക്കാരനെ മാത്രം പ്രതിയാക്കി നടപടിയെടുത്തതെന്നും അവര്‍ പറഞ്ഞു. സമരം ഡ്രൈവേഴ്സ് യൂനിയന്‍ ജില്ലാ പ്രസിഡന്‍റ് വി.എ. നിയാസ് ഉദ്ഘാടനം ചെയ്തു. വി.വി. ഹരിദാസ്, എം.എം. ഷിബു സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.