ആദിവാസി പുനരധിവാസ പദ്ധതി ട്രൈബല്‍ വകുപ്പ് അട്ടിമറിക്കുന്നെന്ന്

കോതമംഗലം: ആദിവാസി പുനരധിവാസ പദ്ധതികള്‍ അട്ടിമറിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് ട്രൈബല്‍ വകുപ്പെന്ന് ആക്ഷേപം. പന്തപ്ര പുനരധിവാസ ഭൂമിയില്‍ താമസമാക്കിയ ആദിവാസി ഊരുകൂട്ടമാണ് ആക്ഷേപവുമായി രംഗത്തുവന്നത്. കാട്ടുമൃഗങ്ങളുടെ ശല്യം കാരണം ആത്മരക്ഷാര്‍ഥം ഒമ്പത് വര്‍ഷം മുമ്പ് ഭൂമി ഉപേക്ഷിച്ച് വാരിയത്തുനിന്ന് കൂടിയിറങ്ങിയവരാണിവര്‍. കൃഷിയും ജീവനോപാധികളും താമസിച്ചിരുന്ന കുടിലുകളും കാട്ടാനയും കാട്ടുപോത്തും ഉള്‍പ്പെടെയുള്ളവ നശിപ്പിച്ചതോടെയാണ് ഇവര്‍ കാടിറങ്ങിയത്. 110 കുടുംബങ്ങളില്‍നിന്നും 400ലേറെ ആദിവാസികളാണ് എല്ലാം ഉപേക്ഷിച്ച് പോന്നത്. പൂയംകുട്ടി പുഴയോരത്തെ കണ്ടംപാറയില്‍ കുടില്‍ കെട്ടി താമസം ആരംഭിച്ചു. വാരിയത്ത് ഇവരുടെ കൈവശമിരുന്ന അഞ്ച് ഏക്കര്‍ മുതല്‍ 20 ഏക്കര്‍ വരെ കൃഷിഭൂമിക്ക് പകരമായി വന്യമൃഗശല്യം കുറഞ്ഞ ഭാഗത്ത് നല്‍കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍െറ ഭാഗമായി മണികണ്ഠന്‍ ചാലിനടുത്ത ചുള്ളിപൂവനില്‍ 100 ഏക്കര്‍ സ്ഥലം സര്‍വേ നടത്തുകയും ചെയ്തു. എന്നാല്‍, ഇത് പൂര്‍ണമായും വനഭൂമിയാണെന്നും പകരം ഉരുളന്‍തണ്ണി തേക് പ്ളാന്‍േറഷനില്‍ ഒരു കുടുംബത്തിന് രണ്ട് ഏക്കര്‍ വീതം നല്‍കാമെന്നും മലയാറ്റൂര്‍ ഡി.എഫ്.ഒ അറിയിച്ചു. ഇതോടെ കാടിറങ്ങിയ കുടുംബങ്ങളില്‍ 43 കുടുംബങ്ങള്‍ വാരിയത്തേക്ക് തിരിച്ചുപോയി. 67 കുടുംബങ്ങള്‍ കണ്ടംപാറയില്‍ താമസം തുടര്‍ന്ന് വിവിധ സമരങ്ങളുമായി രംഗത്തിറങ്ങി.കണ്ടംപാറ സന്ദര്‍ശിച്ച പട്ടികജാതി ക്ഷേമ മന്ത്രി ഒരു മാസത്തിനുള്ളില്‍ പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും നടപ്പായില്ല. ഇതോടെ വിവിധ മനുഷ്യാവകാശ സംഘടനകള്‍ ഇടപെട്ട് ഹൈകോടതിയില്‍ ഹരജി നല്‍കിയതോടെ 2014 ജൂണ്‍ 20ന് ഇവര്‍ക്ക് രണ്ടുമാസത്തിനകം ഭൂമി നല്‍കാന്‍ ഉത്തരവിട്ടു. എന്നാല്‍, വനം വകുപ്പ് ഇത് നടപ്പാക്കിയില്ല. ഉരുളന്‍ തണ്ണി പന്തപ്രയിലെ തേക്ക് പ്ളാന്‍േറഷനിലെ ആറ് ഏക്കര്‍ സ്ഥലത്ത് 67 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. സമരങ്ങളെ തുടര്‍ന്ന് 2015 മാര്‍ച്ച് രണ്ടിന് മുഖ്യമന്ത്രി കോളനി സന്ദര്‍ശിച്ചു. മൂന്നുമാസത്തിനകം ഒരോ കുടുംബത്തിനും രണ്ടേക്കര്‍ സ്ഥലം വീതം നല്‍കുമെന്നും വീട് നിര്‍മാണത്തിന് സാമ്പത്തിക സഹായത്തോടൊപ്പം രണ്ട് തേക്ക്മരങ്ങള്‍ നല്‍കുമെന്നും വാഗ്ദാനം ചെയ്തു. എന്നാല്‍ ഒന്നും നടപ്പിലായില്ല. ഇതിന് പുറമെ ട്രൈബല്‍ വകുപ്പ് രേഖകള്‍ തയാറാക്കി വനംവകുപ്പിന് നല്‍കാത്തതിനാല്‍ 22 കുടുംബങ്ങള്‍ക്ക് കൈവശ വനാവകാശ രേഖ ലഭിച്ചിട്ടില്ല . ഇത് കാരണം ഭൂമി ലഭ്യമാകുന്ന നടപടി നീണ്ടുപോവുകയാണ്. ഇതില്‍ പ്രതിഷേധിച്ച് തദേശ തെരഞ്ഞെടുപ്പ് കോളനി നിവാസികള്‍ ഒന്നടങ്കം ബഹിഷ്കരിച്ചിരുന്നു. ട്രൈബല്‍, വനം വകുപ്പുകളുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് ജനുവരി ഒന്നിന് പന്തപ്രയിലെ ബാക്കി ഭൂമി കൈയേറാനുള്ള തീരുമാനമാണ് ഊരുകൂട്ടം കൈക്കൊണ്ടിരിക്കുന്നതെന്ന് ഊരുമൂപ്പന്‍ കുട്ടന്‍ ഗോപാലനും കാണിക്കാരന്‍ തങ്കപ്പന്‍ കാമാക്ഷിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.