മനുഷ്യാവകാശ കോടതിയിലെ ആദ്യ കേസ് പൊലീസ് പീഡനത്തിനെതിരെ

കൊച്ചി: സംസ്ഥാനത്തെ 14 ജില്ലാ സെഷന്‍സ് കോടതികളെ മനുഷ്യാവകാശ കോടതികളായി പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യ ഹരജി മനുഷ്യാവകാശ ദിനത്തില്‍ എറണാകുളം സെഷന്‍സ് ജഡ്ജി നാരായണ പിഷാരടി പരിഗണിച്ചു. എറണാകുളം പെരുമ്പാവൂര്‍ സ്വദേശി പി. കൃഷ്ണമോഹനാണ് നെടുമ്പാശ്ശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.കെ. മുരളീധരനും സിവില്‍ പൊലീസ് ഓഫിസറായ മുരളീധരനും വനിതാ പൊലീസ് ഓഫിസര്‍ക്കും എതിരെ അഡ്വ. ഡി.ബി. ബിനു മുഖേന ഹരജി നല്‍കിയത്. ജൂലൈ 20നാണ് പരാതിക്കാസ്പദമായ സംഭവം. നെടുമ്പാശ്ശേരി ബി.എസ്.എന്‍.എല്‍ ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ സബ് ഡിവിഷനല്‍ എന്‍ജിനീയറായ കൃഷ്ണ മോഹനെ പൊലീസ് ഉദ്യോഗസ്ഥര്‍ ഓഫിസില്‍നിന്ന് പുറത്താക്കുകയും അപമാനിക്കുകയും ചെയ്തെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനത്തെിയതെന്നായിരുന്നു പൊലീസുകാരുടെ മറുപടി. പരാതിയുടെ പകര്‍പ്പ് നല്‍കണമെന്ന കത്തുമായി 20ന് പരാതിക്കാരനും രണ്ട് ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥരും കൂടി നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനില്‍ ചെന്നെങ്കിലും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് ഹരജിയില്‍ ആരോപിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മനുഷ്യാവകാശ ലംഘനത്തിന് നടപടിയെടുക്കണമെന്നും നഷ്ടപരിഹാരം ഈടാക്കി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചത്. പൊലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ അസഭ്യം പറഞ്ഞതിന്‍െറ റെക്കോഡ് ചെയ്ത സീഡിയും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. തുടര്‍ നടപടികള്‍ക്കായി കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി. എല്ലാ ജില്ലാ-സെഷന്‍സ് കോടതികളെയും മനുഷ്യാവകാശ കോടതികളായി പ്രഖ്യാപിച്ചെങ്കിലും ഇക്കാര്യം ജനങ്ങളെ അറിയിക്കാത്തതുമൂലം വിജ്ഞാപനം വന്ന് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഒരു പരാതിപോലും സംസ്ഥാനത്തെ കോടതികളിലത്തെിയില്ല. തുടര്‍ന്നാണ്, മനുഷ്യാവകാശ ദിനത്തില്‍ ഹരജി സമര്‍പ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.