യൂത്ത് ലീഗ് നേതാവിനും യുവാവിനും മര്‍ദനം

മഞ്ചേശ്വരം: ഉപ്പളയില്‍ യൂത്ത് ലീഗ് നേതാവിനും യുവാവിനും മര്‍ദനമേറ്റതായി പരാതി. യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി ഗോള്‍ഡന്‍ അബ്ദുറഹ്മാന്‍ (26), മണിമുണ്ട സ്വദേശിയും ഇലക്ട്രിക്കല്‍ ജീവനക്കാരനുമായ സാസിം (22) എന്നിവരാണ് മര്‍ദനമേറ്റെന്ന് പൊലീസില്‍ പരാതി നല്‍കിയത്. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. വെള്ളിയാഴ്ച ഉപ്പളയില്‍ നടക്കുന്ന ഒരു പരിപാടിയുടെ പ്രചാരണത്തിനുവേണ്ടി തയാറാക്കിയ ഫ്ളക്സ് ബോര്‍ഡ് വാങ്ങാനായി ബൈക്കില്‍ പോകുന്നതിനിടയില്‍ ഉപ്പള റെയില്‍വേ സ്റ്റേഷന്‍ റോഡില്‍വെച്ച് കൊലക്കേസ് പ്രതിയായ ശംസുദ്ദീന്‍ എന്നയാള്‍ തടഞ്ഞുവെച്ച് മര്‍ദിക്കുകയായിരുന്നുവെന്ന് റഹ്മാന്‍ മഞ്ചേശ്വരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം, ജോലിക്കിടെ ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോകുന്നതിനിടെ റഹ്മാന്‍ തടഞ്ഞുവെച്ച് മര്‍ദിക്കുകയായിരുന്നുവെന്ന് കുമ്പള ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാസിം പറഞ്ഞു. യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറിയും ഹിദായത്ത് നഗര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ് ചെയര്‍മാനുമായ ഗോള്‍ഡന്‍ അബ്ദുറഹ്മാനെ കഞ്ചാവ് മാഫിയസംഘം ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഉപ്പളയില്‍ യുവാക്കള്‍ പ്രകടനം നടത്തി. ഹിദായത്ത് നഗര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബിന്‍െറയും ലഹരിവിരുദ്ധ കൂട്ടായ്മ വാട്സ് ആപ് ഗ്രൂപ്പിന്‍െറയും നേതൃത്വത്തില്‍ നടന്ന പ്രകടനത്തിന് അബ്ബൂ, മുഹമ്മദ് കുഞ്ഞി, ഹനീഫ് ബാബ, സിദ്ദീഖ്, മാഷിഖ്, ലത്തീഫ്, അഫ്സല്‍, ആരിഫ്, ഉസ്മാന്‍, ജംഷാദ്, രാമകൃഷ്ണന്‍, ശിവറാം, സത്താര്‍, റസാഖ്, റഹീം, അന്താഞ്ഞി, ഫാറൂഖ് ബഷീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.