കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി എന്‍വിസാജ് സഹജീവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നെഞ്ചംപറമ്പിനടുത്ത് നിര്‍മിക്കുന്ന ആറ് വീടുകളുടെ മേല്‍ക്കൂരയുടെ നിര്‍മാണത്തിന് വിദ്യാര്‍ഥികളുടെ കൈത്താങ്ങ്. എടനീര്‍ സ്വാമിജീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ നാഷനല്‍ സര്‍വിസ് സ്കീം അംഗങ്ങളാണ് മാതൃകയായത്. കാറഡുക്ക പഞ്ചായത്തിലെ ബെള്ളൂരടുക്കയില്‍ നിര്‍മിക്കുന്ന ആറ് വീടുകളുടെയും ദുരിതബാധിതരായ കുടുംബങ്ങള്‍ക്കുവേണ്ടി നിര്‍മിക്കുന്ന കടയുടെയും മേല്‍ക്കൂര നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് എടനീരിലെ വിദ്യാര്‍ഥികള്‍ ഓണം അവധിക്കാലം ചെലവഴിച്ചത്. മേല്‍ക്കൂര മേയാനുള്ള ഓടുകള്‍ 500 മീറ്റര്‍ അകലെനിന്ന് നിര്‍മാണ സ്ഥലത്തേക്ക് ചുമന്ന് എത്തിക്കുകയായിരുന്നു. 100 വളന്‍റിയര്‍മാര്‍ ഗ്രൂപ്പുകളായി തിരിഞ്ഞാണ് പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചത്. മുള്ളേരിയ നാട്ടക്കല്ലിനടുത്തുള്ള കാനാക്കോടുനിന്ന് ഭക്ഷണസാധനങ്ങളും പാകം ചെയ്യാനുള്ള പാത്രങ്ങളും പണിയായുധങ്ങളും ചുമന്ന് കാല്‍നടയായാണ് മൂന്ന് കിലോമീറ്ററോളം കുന്നുകയറി വിദ്യാര്‍ഥികള്‍ ബെള്ളൂരടുക്കയിലെ നിര്‍മാണ സ്ഥലത്തത്തെിയത്.ബെള്ളൂരടുക്കയിലെ 36 സെന്‍റ് സ്ഥലത്ത് 600 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള ആറ് വീടും ഒരു കടയും ഒരു കമ്യൂണിറ്റി ഹാളുമാണ് എന്‍വിസാജ് നിര്‍മിക്കുന്നത്. വൈദ്യുതി ലഭിക്കാതിരുന്നതിനാല്‍ 2013ല്‍ പാതിവഴിയില്‍ മുടങ്ങിയ വീടു നിര്‍മാണം 2015ല്‍ വൈദ്യുതി ലഭിച്ചതിനെ തുടര്‍ന്നാണ് പുനരാരംഭിച്ചത്. നെഞ്ചംപറമ്പില്‍നിന്ന് ശേഖരിച്ച നാടന്‍ പൂക്കള്‍കൊണ്ട് വിദ്യാര്‍ഥികള്‍ ഗ്രാമത്തിലെ കുട്ടികള്‍ക്കൊപ്പം ഓണം- ബക്രീദ് സൗഹാര്‍ദ പൂക്കളവും ഒരുക്കി. എന്‍വിസാജിന് നേതൃത്വം നല്‍കുന്ന പ്രഫ. എം.എ. റഹ്മാന്‍, ഹസന്‍ മാങ്ങാട്, എന്‍ജിനീയര്‍ എ.കെ. മുണ്ടോള്‍, മേസ്ത്രി രാമകൃഷ്ണന്‍, മൊയ്തീന്‍ പൂവടുക്ക, നാരായണന്‍ വൈദ്യര്‍ പൂവടുക്ക എന്നിവര്‍ വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. പ്രിന്‍സിപ്പല്‍ എ.എന്‍. നാരായണന്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ഐ.കെ. വാസുദേവന്‍, എം.കെ. ദീപ, കെ.എസ്. കേശവന്‍ നമ്പൂതിരി, പ്രവീണ്‍കുമാര്‍, ഭാവന, അമൃത, നിത്യ, ഭവിഷ്യ, അമല്‍, അഭിനന്ദന്‍, മിഥുന്‍, ഗിരീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.