സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നാളെ മുതല്‍ പ്ളാസ്റ്റിക് കാരിബാഗുകളില്ല

കണ്ണൂര്‍: പ്ളാസ്റ്റിക് വിമുക്ത കണ്ണൂര്‍-നല്ല മണ്ണ് നല്ല നാട് കാമ്പയിന്‍െറ ഭാഗമായി ജനുവരി 26 മുതല്‍ ജില്ലയിലെ 50ലേറെ സൂപ്പര്‍-ഹൈപ്പര്‍-മിനി മാര്‍ക്കറ്റുകള്‍ പ്ളാസ്റ്റിക് കാരിബാഗില്‍ സാധനങ്ങള്‍ വിതരണം ചെയ്യില്ല. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഇ.പി. ലത, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ്, ജില്ല കലക്ടര്‍ മിര്‍ മുഹമ്മദലി എന്നിവരും ജില്ല സൂപ്പര്‍ മാര്‍ക്കറ്റ്സ് അസോസിയേഷന്‍ പ്രതിനിധികളായ വി.വി. മുനീര്‍, സി.സി. ദിനേശ്, സി.എം. അബ്ദുല്‍ ഖാദര്‍ എന്നിവരുമാണ് പ്രഖ്യാപനം നടത്തിയത്. പ്ളാസ്റ്റിക് കാരിബാഗുകള്‍ ഒഴിവാക്കുന്നതിന്‍െറ ഭാഗമായി ജില്ലയില്‍ നിന്നും പുറമെ നിന്നും ആവശ്യത്തിന് തുണി-പേപ്പര്‍ ബാഗുകള്‍ ഇതിനകം ശേഖരിച്ചുകഴിഞ്ഞു. ഷോപ്പിങ്ങിന് വരുമ്പോള്‍ തുണി സഞ്ചിയുമായി വരാത്തവര്‍ക്ക് മിതമായ നിരക്ക് ഈടാക്കി വ്യാപാര സ്ഥാപനങ്ങള്‍ അവ ലഭ്യമാക്കുമെന്നും വ്യാപാരി പ്രതിനിധികള്‍ അറിയിച്ചു. ഏപ്രില്‍ രണ്ടോടെ ജില്ലയെ പ്ളാസ്റ്റിക് കാരിബാഗ്-ഡിസ്പോസബ്ള്‍സ് വിമുക്തമാക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവപ്പാണിതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് പറഞ്ഞു. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ആരംഭിച്ച കാമ്പയിന്‍ ശക്തമായ രീതിയിലാണ് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇതിനകം തന്നെ പ്ളാസ്റ്റിക് വിമുക്ത പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ജനുവരി 26ഓടെ കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഇക്കാര്യം പ്രഖ്യാപിക്കാനിരിക്കുകയാണ്. ഡിസംബര്‍ എട്ടിന് സംസ്ഥാനമൊട്ടാകെ ആരംഭിച്ച ഹരിത കേരളം മിഷന്‍ ജില്ലയില്‍ പ്ളാസ്റ്റിക് വിമുക്ത കാമ്പയിന് ശക്തി പകര്‍ന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. 57ാമത് സംസ്ഥാന കലാമേളയെ ഹരിതമേളയാക്കി മാറ്റുന്നതിന് ഊര്‍ജം പകര്‍ന്നത് ജില്ലയില്‍ തുടര്‍ന്നുവന്ന കാമ്പയിനായിരുന്നു. മേളയില്‍ ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നതിന് തുടക്കത്തില്‍ പല പ്രായോഗിക തടസ്സങ്ങളും ഉന്നയിക്കപ്പെട്ടിരുന്നുവെങ്കിലും ബന്ധപ്പെട്ടവര്‍ കൈക്കൊണ്ട നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ എല്ലാ തടസ്സങ്ങളും നീങ്ങുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പൂര്‍ണ സഹകരണത്തോടെയും പങ്കാളിത്തത്തോടെയും മാത്രമേ കാരിബാഗ് ഒഴിവാക്കുന്നതടക്കമുള്ള പദ്ധതികള്‍ വിജയിക്കുകയുള്ളൂവെന്ന് ജില്ല കലക്ടര്‍ പറഞ്ഞു. പ്ളാസ്റ്റിക് ബാഗ് ഒഴിവാക്കാന്‍ വ്യാപാര സ്ഥാപനങ്ങള്‍ എടുത്തിരിക്കുന്ന ഈ ധീരമായ ചുവടുവെപ്പിന് എല്ലാ പിന്തുണയും ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടാവണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് മാത്രം നഗരത്തിലെ 12 സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കാരിബാഗുകള്‍ നല്‍കാതിരുന്നപ്പോള്‍ 54,000 പ്ളാസ്റ്റിക് ബാഗുകളാണ് ഒഴിവാക്കാനായത്. 26 മുതല്‍ പൂര്‍ണായും ഒഴിവാക്കുന്നതോടെ പ്ളാസ്റ്റിക് മാലിന്യത്തില്‍ നിന്ന് ഒരു പരിധിവരെ നാട് രക്ഷപ്പെടുമെന്നും ജില്ല കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ ഇതിനകം 70ലേറെ മാലിന്യമില്ലാ മംഗല്യങ്ങള്‍ നടന്നു. സ്കൂളുകള്‍ വഴി പ്ളാസ്റ്റിക് ശേഖരിച്ച് സംസ്കരണ കേന്ദ്രങ്ങളിലേക്കയക്കുന്ന കലക്ടേഴ്സ് അറ്റ് സ്കൂള്‍ പദ്ധതി നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. സൂപ്പര്‍-ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ പ്ളാസ്റ്റിക് കാരിബാഗുകള്‍ ഒഴിവാക്കുന്നതോടെ മറ്റ് ചെറുകിട വ്യാപാരികളും ഇതിന് സന്നദ്ധമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.