തലശ്ശേരി: ജീവിതത്തിന്‍െറ അരങ്ങില്‍ നൂറ്റാണ്ടിന്‍െറ കളിയാട്ടം കണ്ട ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക് ആദരവായി തലശ്ശേരിയിലെ ശിഷ്യഗണം ‘ഗുരുപര്‍വ’മൊരുക്കുന്നു. കളിവിളക്കിന് പിന്നില്‍ എട്ടരപ്പതിറ്റാണ്ടിന്‍െറ അരങ്ങറിവോടെ പച്ചയായും മിനുക്കായും ആടിത്തിമിര്‍ത്ത മഹാനടന് മതിയായ ആദരമൊരുക്കുകയാണ് തലശ്ശേരിയുടെ സാംസ്കാരികമണ്ണ്. 1973ല്‍ തലശ്ശേരി തിരുവങ്ങാട് അദ്ദേഹം സ്ഥാപിച്ച ഭാരതീയ നാട്യകലാലയത്തിന്‍െറ ആഭിമുഖ്യത്തിലാണ് 101 വര്‍ഷങ്ങളുടെ നിറവില്‍ ഗുരുവിനെ ആദരിക്കുന്നത്. 1916 ജൂണ്‍ 26ന് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കില്‍ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ചേലിയയെന്ന ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്‍െറ ജനനം. പരേതനായ മടയന്‍കണ്ടി ചാത്തുക്കുട്ടി നായരുടെയും പരേതയായ കിണറ്റുംകര തറവാട്ടംഗം കുഞ്ഞമ്മക്കുട്ടി അമ്മയുടെയും മകനാണ്. നാലാം ക്ളാസുവരെ വീടിനടുത്തുള്ള ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്കൂളില്‍ പഠനം. 15ാം വയസ്സില്‍ കഥകളി പഠിക്കണമെന്ന അതിയായ ആഗ്രഹത്തില്‍ നാടുവിട്ടു. മേപ്പയൂര്‍ രാധാകൃഷ്ണ കഥകളിയോഗത്തില്‍ ഗുരു കരുണാകര മേനോന്‍െറ ശിക്ഷണത്തില്‍ കഠിന പരിശീലനം. തുടര്‍ന്ന് ഉത്തര മലബാറിലെ മണ്‍മറഞ്ഞുപോയ വിവിധ കഥകളിയോഗത്തില്‍ നിറസാന്നിധ്യമായി. ത്യാഗത്തിന്‍െറപേരില്‍ ഗാന്ധിജിയുടെ പ്രശംസനേടിയ കൗമുദി ടീച്ചറുടെ പ്രേരണയിലാണ് നൃത്തരംഗത്തേക്ക് തിരിഞ്ഞത്. കലാമണ്ഡലം മാധവന്‍, സേലം രാജരത്ന പിള്ള, മദ്രാസ് ബാലചന്ദ്ര സരസ്വതി ഭായ് തുടങ്ങിയവരുടെ കീഴില്‍ ഭരതനാട്യം പഠിച്ചു. കണ്ണൂരിലെ ഭാരതീയ നൃത്തവിദ്യാലയവും തലശ്ശേരിയിലെ തിരുവങ്ങാട് ഭാരതീയ നാട്യകലാലയവും അദ്ദേഹത്തിന്‍െറ നടനജീവിതത്തിന്‍െറ നാഴികക്കല്ലായിരുന്നു. 60 വര്‍ഷം നാട്യകലാലയത്തിന്‍െറ ഉന്നതിയുടെയും പ്രശസ്തിയുടെയും പിന്നില്‍ അദ്ദേഹത്തിന്‍െറ സമര്‍പ്പണമായിരുന്നു. രണ്ടുവര്‍ഷത്തോളം സര്‍ക്കസ് സംഘത്തില്‍ ചേര്‍ന്ന് ദക്ഷിണേന്ത്യയില്‍ പര്യടനവും നടത്തിയിട്ടുണ്ട്. ഗുരു ഗോപിനാഥനുമായി ചേര്‍ന്ന് കേരളനടനത്തിന് രൂപംനല്‍കി. 1947ല്‍ ചേമഞ്ചേരി പൂക്കാട് കലാലയത്തിന്‍െറ ആരംഭത്തിന് നിര്‍ണായക പങ്കാളിയായി. 1983 ഏപ്രില്‍ 28ന് കൊയിലാണ്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഭാരതീയകലാലയം തറവാട്ടുവകയായി. പിന്നീട് കലാസാംസ്കാരിക രംഗത്തെ പുതുതലമുറക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സ്കൂള്‍ തിയറ്ററിന് തുടക്കമിട്ടു. കഥകളിയുടെയും നൃത്തത്തിന്‍െറയും ഏടുകളില്‍ ജീവിതം ഇഴുകിച്ചേര്‍ത്ത അദ്ദേഹത്തിന് ശനിയാഴ്ച വൈകീട്ട് ആറിനാണ് ആദരവ് ഒരുക്കിയിട്ടുള്ളത്. തലശ്ശേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന ഗുരുപര്‍വം സാഹിത്യകാരന്‍ എം. മുകുന്ദന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഡ്വ. എ.എന്‍. ഷംസീര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. കെ.കെ. മാരാര്‍ മുഖ്യപ്രഭാഷണം നടത്തും. തിരുവങ്ങാട് ഭാരതീയ നാട്യകലാലയം അവതരിപ്പിക്കുന്ന നൃത്തസന്ധ്യ, പണ്ഡിറ്റ് വിജയ് സുര്‍സെന്‍ പുണെയും സംഘവും അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി സംഗീതം എന്നിവയും ഉണ്ടാകും. സ്വാഗതസംഘം ജനറല്‍ കണ്‍വീനറും സിനിമാ സംവിധായകനുമായ പ്രദീപ് ചൊക്ളി, നഗരസഭാ കൗണ്‍സിലര്‍ എ.വി. ശൈലജ, എം.വി. സുകുമാരന്‍, രാജേന്ദ്രന്‍ തായാട്ട്, രാജേന്ദ്രന്‍ വെളിയമ്പ്ര, ലെനീഷ് എരഞ്ഞോളി, വസന്ത ടീച്ചര്‍, ശ്യാമള കിഷോര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.