അഞ്ചരക്കണ്ടി കറപ്പ തോട്ടം ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണം –വെല്‍ഫെയര്‍ പാര്‍ട്ടി

കണ്ണൂര്‍: അഞ്ചരക്കണ്ടിയിലെ കറപ്പതോട്ടം മിച്ചഭൂമിയായി കണക്കാക്കി സര്‍ക്കാര്‍ ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ എക്സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു. ഭൂപരിഷ്കരണവേളയില്‍ തോട്ട ഭൂമി എന്ന ആനുകൂല്യത്തില്‍ മാറ്റി നിര്‍ത്തിയ ഏഷ്യയിലെ ഏറ്റവും വലിയ കറപ്പതോട്ടം പിന്നീട് കറപ്പ മരങ്ങള്‍ വ്യാപകമായി വെട്ടിമാറ്റി നശിപ്പിക്കപ്പെട്ടതോടെ തോട്ടഭൂമിയുടെ തരത്തില്‍ നിന്ന് ഒഴിവാക്കപ്പെടേണ്ടതാണ്. ഈ സാഹചര്യത്തില്‍ കറപ്പതോട്ടത്തിന്‍െറ ഭാഗമായിരുന്ന മുന്നൂറ് ഏക്കര്‍ ഭൂമി മിച്ച ഭൂമിയായി പരിഗണിച്ച് സര്‍ക്കാര്‍ ഏറ്റെടുക്കണം. നിലവിലെ കൈവശക്കാരന്‍ ഭൂമി ഏറ്റെടുക്കുന്ന സമയത്തും പിന്നീട് മുക്ത്യാര്‍ നല്‍കുമ്പോഴും ഭൂമിയുടെ തരം എസ്റ്റേറ്റ് എന്നായിരുന്നു. നിയമവ്യവസ്ഥകള്‍ തെറ്റിച്ച് തോട്ട ഭൂമിയില്‍ ബിസിനസ് സംരംഭങ്ങള്‍ തുടങ്ങുന്നതിന് ഭൂമിയുടെ തരവും സ്ഥാനവും മാറ്റിയതിനെക്കുറിച്ചും അന്വേഷണം നടത്തണം. 2006ല്‍ മുക്ത്യാര്‍ ഏജന്‍റ് എതിര്‍കക്ഷിക്ക് വേണ്ടി രേഖയില്‍ എസ്റ്റേറ്റിന്‍െറ തരത്തില്‍ തിരിമറി നടത്തി ഗാര്‍ഡന്‍ എന്നാക്കി. കറപ്പതോട്ടം കൃഷി ഭൂമിയല്ളെന്നും ഇവിടെ കെട്ടിടങ്ങളില്ളെന്നും തെറ്റായി രേഖപ്പെടുത്തുകയും ഈ രേഖയെ സാധൂകരിക്കുന്നതിന് എസ്റ്റേറ്റിലെ കറപ്പമരങ്ങള്‍ മുറിച്ചുമാറ്റുകയും പതിറ്റാണ്ടുകള്‍ പഴക്കമുള്ളതും കേരളത്തിലെ ആദ്യത്തെ രജിസ്ട്രേഷന്‍ നടപടികള്‍ നടത്തി വന്നിരുന്നതുമായ കെട്ടിടങ്ങളും പൊളിച്ചുമാറ്റി. ഇതോടെ ഈ വസ്തു കേരള ലാന്‍ഡ് റിഫോംസ് ആക്ട് പ്രകാരം മിച്ചഭൂമിയായി മാറി. എന്നാല്‍, മിച്ച ഭൂമിയില്‍ നിര്‍മിച്ച അനധികൃത കെട്ടിടങ്ങള്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കിയ അധികൃതരുടെ നടപടിയും അന്വേഷിക്കണം. പുറമ്പോക്കിലും തെരുവിലും അഭയം തേടുന്ന ലക്ഷക്കണക്കിന് ഭൂരഹിതരുള്ള കേരളത്തിലാണ് വന്‍കിട മുതലാളിമാര്‍ ഭൂമി അനധികൃതമായി ഉപയോഗിക്കുന്നത്. കറപ്പതോട്ടം മിച്ച ഭൂമിയായി പ്രഖ്യാപിച്ച് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ജൂണ്‍ 25ന് രാവിലെ പത്തിന് എസ്റ്റേറ്റ് ഭൂമിയിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കാന്‍ ജില്ലാ എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്‍റ് പി.ബി.എം ഫര്‍മീസ് അധ്യക്ഷത വഹിച്ചു. എം. ജോസഫ് ജോണ്‍, പള്ളിപ്രം പ്രസന്നന്‍, ജബീന ഇര്‍ഷാദ്, പി.വി. ചന്ദ്രന്‍, എന്‍.എം. ശഫീഖ്, കെ.പി. മുനീര്‍, സി. ഇംതിയാസ്, ബെന്നി ഫെര്‍ണാണ്ടസ്, സൈനുദ്ദീന്‍ കരിവെള്ളൂര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.