സ്ത്രീ സുരക്ഷാ നടപടികളുമായി റെയില്‍വേ: കാഞ്ഞങ്ങാട്, കാസര്‍കോട് സ്റ്റേഷനുകളില്‍ കാമറ സ്ഥാപിക്കും

കാഞ്ഞങ്ങാട്: സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി കാഞ്ഞങ്ങാട്, കാസര്‍കോട് റെയില്‍വേ സ്റ്റേഷനുകളില്‍ സി.സി.ടി.വി കാമറ സ്ഥാപിക്കും. കാഞ്ഞങ്ങാടിനും കാസര്‍കോടിനും പുറമെ പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, കൊയിലാണ്ടി, കുറ്റിപ്പുറം, തിരൂര്‍, ഷൊര്‍ണൂര്‍, പാലക്കാട് തുടങ്ങി മലബാറിലെ മറ്റ് 11 റെയില്‍വേ സ്റ്റേഷനുകളിലും കാമറ സ്ഥാപിക്കുന്നുണ്ട്. ഡിസംബറോടെ പദ്ധതി നടപ്പാക്കുമെന്നാണ് റെയില്‍വേ അധികൃതര്‍ നല്‍കുന്ന സൂചന. നിലവില്‍ പാലക്കാട് ഡിവിഷനു കീഴില്‍ കോഴിക്കോട്, മംഗളൂരു സ്റ്റേഷനുകളിലാണ് ശക്തമായ നിരീക്ഷണ സംവിധാനമുള്ളത്. ഇവിടങ്ങളില്‍ സുരക്ഷയുടെ ഭാഗമായി ഇന്‍റഗ്രേറ്റഡ് സെക്യൂരിറ്റി സിസ്റ്റമാണ് (ഐ.എസ്.എസ്) ഉള്ളത്. നിരീക്ഷണ കാമറക്ക് പുറമെ യാത്രക്കാരുടെയും മറ്റും ബാഗേജ് സ്കാനര്‍, വാഹനം പരിശോധിക്കുന്ന വെഹിക്കിള്‍ സ്കാനര്‍ എന്നിവ ഈ സംവിധാനത്തിലുണ്ട്. നിര്‍ഭയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കാമറ സ്ഥാപിക്കുക. തീവണ്ടികളിലും റെയില്‍വേ സ്റ്റേഷനുകളിലും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കാമറകള്‍ സ്ഥാപിക്കാന്‍ റെയില്‍വേ അധികൃതര്‍ തീരുമാനമെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.