കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി. സമീര്‍ രാജിവെച്ച ഒഴിവിലേക്കുള്ള തെരഞ്ഞെടുപ്പ് ഈമാസം 30ന് നടക്കും. രാവിലെ 11ന് കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളിലാണ് തെരഞ്ഞെടുപ്പ്. ജില്ലാ കലക്ടറാണ് വരണാധികാരി. ജൂണ്‍ 13നാണ് സി. സമീര്‍ ഡെപ്യൂട്ടി മേയര്‍സ്ഥാനം രാജിവെച്ചത്. എല്‍.ഡി.എഫ് ഉന്നയിച്ച അവിശ്വാസപ്രമേയത്തിന് തൊട്ടുമുമ്പാണ് സി. സമീര്‍ രാജിവെച്ചത്. പ്രഥമ കോര്‍പറേഷനില്‍നിന്ന് ലീഗ് അംഗം അവിശ്വാസത്തിലൂടെ പുറത്താക്കപ്പെട്ടുവെന്ന ചീത്തപ്പേരിന് ഇടവരുത്താതെ രാജിവെക്കാന്‍ ലീഗ് ജില്ലാ നേതൃത്വം നിര്‍ദേശം നല്‍കുകയായിരുന്നു. കോണ്‍ഗ്രസ് വിമതന്‍ പി.കെ. രാഗേഷാണ് എല്‍.ഡി.എഫിന്‍െറ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥി. സമീര്‍ രാജിവെച്ച ദിവസംതന്നെ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ യോഗംചേര്‍ന്ന് പി.കെ. രാഗേഷിനെ സ്ഥാനാര്‍ഥിയായി നിര്‍ദേശിക്കാന്‍ തീരുമാനിച്ചിരുന്നു. യു.ഡി.എഫിലെ നേരത്തേയുള്ള ധാരണയനുസരിച്ച് ലീഗിനുതന്നെയാണ് ഡെപ്യൂട്ടി മേയര്‍സ്ഥാനം ലഭിക്കുക. ഇങ്ങനെയാണെങ്കില്‍ സി. സമീര്‍തന്നെയാകും സ്ഥാനാര്‍ഥി. എന്നാല്‍, ഇതുസംബന്ധിച്ച് യു.ഡി.എഫ് യോഗം ചേര്‍ന്നതിനുശേഷം മാത്രമേ തീരുമാനിക്കുകയുള്ളൂവെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോര്‍പറേഷനില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും 27വീതം സീറ്റുകളാണ് ലഭിച്ചത്. കോണ്‍ഗ്രസ് വിമതന്‍ പി.കെ. രാഗേഷിന്‍െറ പിന്തുണയോടെ മേയറായി എല്‍.ഡി.എഫിലെ ഇ.പി. ലത തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍നിന്ന് രാഗേഷ് വിട്ടുനില്‍ക്കുകയും നറുക്കെടുപ്പിലൂടെ സി. സമീര്‍ ഡെപ്യൂട്ടി മേയറാകുകയും ചെയ്തു. പിന്നീട് യു.ഡി.എഫ് പാളയത്തിലേക്കുപോയ രാഗേഷിന്‍െറ പിന്തുണയോടെ സ്ഥിരംസമിതി തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മേല്‍ക്കൈ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.