ശ്രീകണ്ഠപുരം (കണ്ണൂര്‍): ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ആളുകളെ പരിചയപ്പെട്ടശേഷം പണം തട്ടി മുങ്ങുന്നയാള്‍ അറസ്റ്റില്‍. കുറുമാത്തൂര്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപം സീനത്ത് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ചക്കരക്കല്ല് സ്വദേശി പുളിക്കന്‍ അബ്ദുല്ല (48)യെയാണ് ശ്രീകണ്ഠപുരം എസ്.ഐ പി.ബി. സജീവ് അറസ്റ്റ് ചെയ്തത്. പൊലീസ് ഓഫിസര്‍, കലക്ടര്‍, കലക്ടറേറ്റ് ഉദ്യോഗസ്ഥന്‍, മനുഷ്യാവകാശ കമീഷന്‍ അംഗം തുടങ്ങി വിവിധ പേരുകള്‍ പറഞ്ഞ് ഓരോ സ്ഥലങ്ങളിലും ചെന്ന് ആളുകളുമായി ബന്ധം സ്ഥാപിച്ച ശേഷം പാസ്പോര്‍ട്ട്, എസ്.എസ്.എല്‍.സി ബുക്, വിസ, വീട് നിര്‍മാണ സഹായം, സ്വര്‍ണം എന്നിങ്ങനെ ശരിയാക്കി നല്‍കുമെന്ന് പറഞ്ഞാണ് അബ്ദുല്ല പണം തട്ടിയത്. മാന്യമായി വേഷം ധരിക്കുന്നതിനാല്‍ ആരും സംശയിച്ചിരുന്നില്ല. 3000 മുതല്‍ 25,000 രൂപ വരെ ഇത്തരത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നായി ഇയാള്‍ പലരില്‍നിന്നും വാങ്ങിയിട്ടുണ്ട്. ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നതായാണ് പൊലീസിന് സൂചന. സ്വര്‍ണം നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയതിന് നേരത്തേ നീലേശ്വരം പൊലീസ് ഇയാളെ തേടി കുറുമാത്തൂരില്‍ എത്തിയിരുന്നുവെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. ശ്രീകണ്ഠപുരം നെടുങ്ങോത്തെ നാലകത്ത് ഖദീജയുടെ പരാതിയിലാണ് ശ്രീകണ്ഠപുരം പൊലീസ് കേസെടുത്ത് അബ്ദുല്ലയെ പിടികൂടിയത്. വീട് നിര്‍മിച്ചുതരാമെന്ന് പറഞ്ഞ് ഖദീജയില്‍നിന്ന് 28,500 രൂപ വാങ്ങിയിരുന്നുവത്രേ. ഖദീജയുടെ ബന്ധു അബ്ദുറഹ്മാന്‍െറ മകന് പാസ്പോര്‍ട്ടും വിസയും നല്‍കാമെന്ന് പറഞ്ഞ് 21,000 രൂപയും വാങ്ങി. അബ്ദുറഹ്മാന്‍െറ ഭാര്യ അസ്മക്ക് സ്വര്‍ണം നല്‍കാമെന്ന് പറഞ്ഞും പണം തട്ടി. കൂട്ടുമുഖത്തും കുറുമാത്തൂര്‍ ഭാഗത്തും ചിലര്‍ തട്ടിപ്പിനിരയായെങ്കിലും ആരും പരാതി നല്‍കിയിട്ടില്ല. ജില്ലയിലെ മറ്റു സ്റ്റേഷന്‍ പരിധികളില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന സൂചന ലഭിച്ചതിനാല്‍ പൊലീസ് എല്ലായിടത്തും വിവരം കൈമാറി. സിവില്‍ പൊലീസ് ഓഫിസര്‍മാരായ ജനാര്‍ദനന്‍, വിജയന്‍, അലി അക്ബര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.