വാട്ടര്‍ അതോറിറ്റിക്കെതിരെ കൂത്തുപറമ്പ് നഗരസഭ

കൂത്തുപറമ്പ്: കുടിവെള്ള വിതരണ പദ്ധതി യാഥാര്‍ഥ്യമാക്കുന്നതില്‍ വാട്ടര്‍ അതോറിറ്റി കാണിക്കുന്ന അനാസ്ഥക്കെതിരെ കൂത്തുപറമ്പ് നഗരസഭാ കൗണ്‍സില്‍ രംഗത്ത്. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന കൗണ്‍സില്‍ യോഗത്തില്‍ വി. ചന്ദ്രന്‍ അവതരിപ്പിച്ച പ്രമേയം ഐകകണ്ഠ്യേനയാണ് പാസാക്കിയത്. 12 വര്‍ഷം മുമ്പാണ് എല്‍.ഐ.സിയുടെ ധനസഹായത്തോടെയുള്ള കുടിവെള്ള വിതരണ പദ്ധതി നടപ്പാക്കാന്‍ വാട്ടര്‍ അതോറിറ്റി തീരുമാനിച്ചത്. കോട്ടയം, പാട്യം പഞ്ചായത്തുകളിലും കൂത്തുപറമ്പ് നഗരസഭയിലും ശുദ്ധജലം ലഭ്യമാക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇതിനുവേണ്ടി വലിയ വെളിച്ചത്ത് കൂറ്റന്‍ സംഭരണിയും പാട്യം, കോട്ടയം എന്നിവിടങ്ങളില്‍ ചെറുസംഭരണിയും പണിതിരുന്നു. എന്നാല്‍, വലിയവെളിച്ചത്തെ സംഭരണിയുടെ നിര്‍മാണവും പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്ന ജോലിയും ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല. പാലത്തുങ്കര ഭാഗത്ത് മെയിന്‍ റോഡില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുവേണ്ടി എടുത്ത കുഴി ശരിയായ രീതിയില്‍ മൂടാത്തതും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി റോഡിലൂടെയാണ് പൈപ്പ് ലൈനിന്‍െറ കുറെ ഭാഗം കടന്നുപോകുന്നത്. എന്നാല്‍, കെ.എസ്.ടി.പി റോഡ് നവീകരണ പ്രവൃത്തി ആരംഭിക്കുന്നതിന് മുമ്പ് പൈപ്പ് ലൈന്‍ സ്ഥാപിച്ചില്ളെങ്കില്‍ നവീകരണ പ്രവൃത്തികളെയും ബാധിക്കും. ഇത് വാട്ടര്‍ അതോറിറ്റിക്കും വന്‍ സാമ്പത്തിക നഷ്ടമാണ് വരുത്തിവെക്കുക. 25 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കുടിവെള്ള വിതരണ പദ്ധതി 2015ല്‍ പൂര്‍ത്തിയാകേണ്ടതായിരുന്നു. എന്നാല്‍, വാട്ടര്‍ അതോറിറ്റിയുടെ മാനേജ്മെന്‍റിന്‍െറ കെടുകാര്യസ്ഥതമൂലമാണ് പദ്ധതി നീണ്ടുപോകുന്നതെന്നാണ് നഗരസഭ ആരോപിക്കുന്നത്. അതേസമയം, വേനല്‍ക്കാലം ആരംഭിച്ചതോടെ കൂത്തുപറമ്പ് നഗരസഭയിലെയും പാട്യം, കോട്ടയം പഞ്ചായത്തുകളിലെയും പല ഭാഗങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുകയാണ്. പദ്ധതി യാഥാര്‍ഥ്യമായില്ളെങ്കില്‍ ഈ പ്രദേശത്തെ ജനങ്ങള്‍ കുടിവെള്ളത്തിനുവേണ്ടി നെട്ടോട്ടമോടേണ്ട അവസ്ഥയാണുള്ളത്. ഇത് ശക്തമായ പ്രക്ഷോഭത്തിന് ഇടയാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.