മന്ത്രിയുടെ ഉറപ്പില്‍ എം.എല്‍.എ നിരാഹാരം നിര്‍ത്തി

പയ്യന്നൂര്‍: മണ്ഡലത്തിലെ റോഡുകള്‍ ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സി. കൃഷ്ണന്‍ എം.എല്‍.എ കണ്ടോത്ത് ദേശീയ പാതയോരത്ത് കഴിഞ്ഞ നാലു ദിവസമായി നടത്തി വന്ന നിരാഹാര സത്യഗ്രഹം പൊതുമരാമത്ത് മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം വി. നാരായണന്‍ നാരങ്ങനീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്. മന്ത്രി എം.എല്‍.എയുമായി ഫോണില്‍ സംസാരിച്ച് ഏഴിന പരിഹാര ഫോര്‍മുല മൂന്നോട്ട് വെച്ചു. അതു പ്രകാരം പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിന്‍െറ നവീകരണത്തിന് മൂന്ന് കോടി രൂപ ഉടന്‍ അനുവദിക്കും. വെള്ളൂര്‍ പാടിയോട്ടുചാല്‍ പുളിങ്ങോം റോഡിന്‍െറ നവീകരണത്തിന് 35 കോടി രൂപയുടെ പ്രൊപ്പോസല്‍ ധനകാര്യ വകുപ്പിന്‍െറ അനുമതിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഉടന്‍ തന്നെ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി ഭരണാനുമതി നല്‍കും. ഈ റോഡിലെ പാച്ച് വര്‍ക്കുകള്‍ക്കായി 45 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പണി ഉടന്‍ പൂര്‍ത്തിയാക്കും. മത്തേുരുമ്പ ചപ്പാരപ്പടവ് കുറ്റൂര്‍ റോഡിന്‍െറ ഒന്നാം ഘട്ടത്തിന് നാലര കോടി രൂപ അനുവദിച്ച് ഭരണാനുമതി നല്‍കും. ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് രണ്ട് കോടി രൂപ അനുവദിക്കും. മണ്ഡലത്തിലെ മറ്റു റോഡുകളുടെ പാച്ച് വര്‍ക്കുകള്‍ക്കായി 75 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ചെറുതാഴം കുറ്റൂര്‍ പെരിങ്ങോം, വെള്ളോറ കക്കറ കടുക്കാരം റോഡുകളുടെ എസ്റ്റിമേറ്റ് ധനകാര്യ വകുപ്പിന്‍െറ പരിഗണനക്ക് സമര്‍പ്പിക്കും -എന്നിവയാണ് മന്ത്രി നല്‍കിയ ഉറപ്പുകള്‍. വി. നാരായണന്‍, ടി.ഐ. മധുസൂദനന്‍, സി. സത്യപാലന്‍, കെ.വി. ഗോവിന്ദന്‍, ജി.ഡി. നായര്‍, പി. ജയന്‍, കെ.വി. ബാബു, ടി.സി.വി. ബാലകൃഷ്ണന്‍, ടി.പി. സുനില്‍കുമാര്‍, തുടങ്ങിയവര്‍ സമരപന്തലിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.