ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് തുടങ്ങി

ചെറുതോണി: ജില്ലയില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് തുടങ്ങി. കാല്‍ലക്ഷത്തിലധികം ഇതരസംസ്ഥാനക്കാര്‍ ജില്ലയില്‍ ജോലിചെയ്യുന്നുണ്ടെന്നാണ് സ്പെഷല്‍ ബ്രാഞ്ചിന്‍െറ പ്രാഥമിക നിഗമനം. ഏതാനും വര്‍ഷം മുമ്പുവരെ പെരുമ്പാവൂര്‍, കോതമംഗലം, എറണാകുളം, മൂവാറ്റുപുഴ പ്രദേശങ്ങളില്‍ തമ്പടിച്ചിരുന്ന ഇവരില്‍ നല്ളൊരുവിഭാഗം ചെറുപ്പക്കാര്‍ അതിര്‍ത്തി ജില്ലയായ ഇടുക്കിയില്‍ എത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍. ആദ്യകാലത്ത് നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട് ഏജന്‍റുമാര്‍ കൊണ്ടുവന്നിരുന്ന ഇവര്‍ ഇപ്പോള്‍ തോട്ടം, കാര്‍ഷിക, ഹോട്ടല്‍ മേഖലകള്‍ കേന്ദ്രീകരിച്ച് ജില്ലയില്‍ ജോലി ചെയ്യുന്നുണ്ട്. ബൈസണ്‍വാലി, മൂന്നാര്‍, കുഞ്ചിത്തണ്ണി, രാജാക്കാട്, ഇടുക്കി, ചെറുതോണി, കരിമ്പന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധിപേരാണ് ഇങ്ങനെയുള്ളത്. ബംഗാളികളാണ് കൂടുതലെങ്കിലും അസം, ഉത്തര്‍പ്രദേശ്, ബിഹാര്‍, രാജസ്താന്‍, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമുണ്ട്. കുറഞ്ഞ കൂലി മതിയെന്നതും സമരം, യൂനിയന്‍ ഇതൊന്നുമില്ല എന്നതുമാണ് ഇതരസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കാന്‍ പ്രധാന കാരണം. കട്ടപ്പന, നെടുങ്കണ്ടം, കുമളി, ഏലപ്പാറ, തങ്കമണി, ഇടുക്കി പ്രദേശങ്ങളിലെ ഹോട്ടലുകളില്‍ ഇവര്‍ മാത്രമാണ് ഇപ്പോള്‍ ജോലിക്കുള്ളത്. നാട്ടില്‍ യഥാസമയം ജോലിക്കാരെ കിട്ടാനും പ്രയാസമാണ്. തുടക്കത്തില്‍ ഇവരെ ഏജന്‍റുമാരായിരുന്നു എത്തിച്ചിരുന്നതെങ്കില്‍ ഇപ്പോഴത് മാറി. ആദ്യമാദ്യം വന്നവര്‍ മറ്റുള്ളവരെ കൊണ്ടുവരാന്‍ തുടങ്ങി. ഇതോടെ ഏജന്‍റുമാരില്ലാതെ വന്നവരായി കൂടുതല്‍. ഇത്രയുംപേര്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും സര്‍ക്കാറിന്‍െറ പക്കല്‍ ഇവരെ സംബന്ധിച്ച് ഒരു രേഖയുമില്ല. ഇതരസംസ്ഥാനങ്ങളില്‍നിന്ന് അഞ്ചില്‍ കൂടുതല്‍ തൊഴിലാളികളെ കൊണ്ടുവരണമെങ്കില്‍ ഏജന്‍റ് ലേബര്‍ ഓഫിസുമായി ബന്ധപ്പെട്ട് രജിസ്ട്രേഷന്‍ നടത്തണമെന്നാണ് നിയമം. കൂടാതെ ക്ഷേമനിധി ഓഫിസില്‍ നിശ്ചിത വിഹിതം അടച്ചാല്‍ ആനുകൂല്യത്തിനും അര്‍ഹതയുണ്ട്. പക്ഷേ ഇത്തരം നടപടിക്രമങ്ങളൊന്നും ആരും പാലിക്കാറില്ല. ഇവിടെ ജോലിചെയ്യുന്നവരെക്കുറിച്ച് ജില്ലാ ഭരണകൂടവും ലേബര്‍ ഓഫിസറും ഇപ്പോഴും കൈമലര്‍ത്തതുകയാണ്. തമിഴ് തൊഴിലാളികള്‍ അര നുറ്റാണ്ടിലധികമായി ഇടുക്കിയില്‍ താമസമുണ്ട്. ഇതുകൂടാതെ മഴക്കാലമായാല്‍ കമ്പിളിയും മറ്റുമായി രാജസ്താനില്‍നിന്നുള്ളവരും വന്നുപോകുന്നു. എന്നാല്‍, ഈ രണ്ട് വിഭാഗക്കാരെക്കുറിച്ചും ഇതുവരെ പരാതികളൊന്നും ഉണ്ടായിട്ടില്ല. ഇവര്‍ പാന്‍പരാഗ് പോലുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതായി കണ്ടത്തെിയിട്ടുണ്ട്. നിരോധിത പുകയില ഉല്‍പന്നങ്ങള്‍ ഇതരസംസ്ഥാന തൊഴിലാളികളെ ഉദ്ദേശിച്ച് മാത്രം വില്‍ക്കുന്ന പെട്ടിക്കടകളുമുണ്ട്. മെഡിക്കല്‍ ക്യാമ്പുകളിലൊന്നും ഇവര്‍ പങ്കെടുക്കാറില്ല. കുടുംബമായി വന്ന് താമസിക്കുന്നവരും ധാരാളം. കുട്ടികള്‍ക്കുപോലും പ്രതിരോധ കുത്തിവെപ്പ് എടുക്കാറില്ല. കഴിഞ്ഞവര്‍ഷം ആരോഗ്യ വകുപ്പ് മുന്‍കൈയെടുത്ത് ഇടുക്കിയില്‍ ഇവര്‍ക്കുവേണ്ടി മാത്രം ക്യാമ്പ് നടത്തി. 55 പേര്‍ മാത്രമാണ് പങ്കെടുത്തത്. ഭാഷയും പ്രശ്നമാണ്. നിലവിലെ സാഹചര്യത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് സങ്കീര്‍ണമാകാനാണ് സാധ്യത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.