കസ്തൂരിരംഗന്‍, പട്ടയം: സര്‍ക്കാര്‍ ഉന്നതതല യോഗം വിളിക്കുന്നു

തൊടുപുഴ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടി കേന്ദ്ര സര്‍ക്കാരുമായി ആലോചിക്കാനും ജില്ലയിലെ കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കുന്നത് സംബന്ധിച്ച നടപടിക്കുമായി സംസ്ഥാനതലത്തില്‍ ഉന്നതതല യോഗം വിളിക്കും. ജില്ലയുടെ പൊതുവിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അഡ്വ. ജോയ്സ് ജോര്‍ജ് എം.പിയുടെ നേതൃത്വത്തിലത്തെിയ നിവേദകസംഘത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍നിന്ന് കൃഷിയിടങ്ങളെയും ജനവാസ കേന്ദ്രങ്ങളെയും തോട്ടങ്ങളെയും ഒഴിവാക്കാന്‍ ആവശ്യമായ ഭൂപടവും റിപ്പോര്‍ട്ടും കേന്ദ്രത്തിന് നല്‍കേണ്ടതുണ്ട്. റിപ്പോര്‍ട്ടിന്മേല്‍ അന്തിമ വിജ്ഞാപനം ഇറങ്ങാന്‍ ആറുമാസം മാത്രമേ ശേഷിക്കുന്നുള്ളൂവെന്നിരിക്കെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് ആവശ്യമായ റിപ്പോര്‍ട്ടുകള്‍ നല്‍കണം. സംസ്ഥാന പരിസ്ഥിതി വകുപ്പിന്‍െറ ചുമതല വഹിക്കുന്നത് മുഖ്യമന്ത്രിയാണ്. ഉടന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഉദ്യോഗസ്ഥരെ കൂടി പങ്കെടുപ്പിച്ച് ഉന്നതതല യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി ജോയ്സ് ജോര്‍ജ് എം.പി അറിയിച്ചു. 16 ഉപാധികള്‍ അടങ്ങിയ പട്ടയമാണ് ഇടുക്കിയില്‍ മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് നല്‍കിയത്. ഉപാധികളില്ലാത്ത പട്ടയം നല്‍കണമെന്നും നിവേദകസംഘം ആവശ്യപ്പെട്ടു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനുമായും ഇക്കാര്യം ചര്‍ച്ചചെയ്തു. റവന്യൂ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗവും ഉടന്‍ വിളിക്കാമെന്ന് മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും അറിയിച്ചു. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി നല്‍കുന്ന പദ്ധതി പ്രകാരം പട്ടയം ലഭിച്ച നിരവധിപേര്‍ ഭൂമി എവിടെയെന്ന് അറിയാതെ വിഷമിക്കുകയാണ്. ഇവര്‍ക്ക് ഭൂമി നല്‍കാന്‍ നടപടിയുണ്ടാകണമെന്ന് നിവേദകസംഘം ആവശ്യപ്പെട്ടു. വനം മന്ത്രിയെയും റവന്യൂ മന്ത്രിയെയും സന്ദര്‍ശിച്ച സംഘം പട്ടയഭൂമിയില്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കാനുള്ള നിയമവിരുദ്ധ നിരോധം നീക്കണമെന്നും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയവും കേരള വനംവകുപ്പും പരിസ്ഥിതി സംഘടനയായ ജി.ഇ.എഫിന്‍െറ സഹകരണത്തോടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വനവത്കരണ പദ്ധതി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. വരുംദിവസങ്ങളില്‍തന്നെ ഒരോ വകുപ്പുമായി ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെടുന്ന ഉന്നതോദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് ഉന്നതതല യോഗം വിളിക്കാനും തീരുമാനമായി. പ്രശ്ന പരിഹാരത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രിമാര്‍ സംഘത്തിന് ഉറപ്പുനല്‍കി. എം.എല്‍.എമാരായ എം.എം. മണി, ഇ.എസ്. ബിജിമോള്‍, എസ്. രാജേന്ദ്രന്‍, സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍, കര്‍ഷക സംഘം ജില്ലാ പ്രസിഡന്‍റ് സി.വി. വര്‍ഗീസ്, ജില്ലാ കമ്മിറ്റി അംഗം റോമിയോ സെബാസ്റ്റ്യന്‍, ഹൈറേഞ്ച് സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍, രക്ഷാധികാരികളായ ആര്‍. മണിക്കുട്ടന്‍, മുഹമ്മദ് റഫീഖ് അല്‍ഖൗസരി, സി.കെ. മോഹനന്‍ എന്നിവരാണ് നിവേദക സംഘത്തില്‍ ഉണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.