വിഷവാതകം; നിര്‍ത്തിവെച്ച കമ്പനി പ്രവര്‍ത്തനം പുനരാരംഭിച്ചു

തുറവൂര്‍: കുത്തിയതോട് പഞ്ചായത്ത് 10ാം വാര്‍ഡില്‍ അമാല്‍ഗം കോമ്പൗണ്ടിലെ വി.കെ.എല്‍ സീസണിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ നിര്‍ത്തിവെച്ച പ്രവര്‍ത്തനം പുനരാരംഭിച്ചു. ജനപ്രതിനിധികളുടെയും കമ്പനി മാനേജ്മെന്‍റ്, സമീപവാസികള്‍ എന്നിവരുടെ പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനമായത്. കഴിഞ്ഞ രാത്രിയില്‍ കമ്പനിയില്‍നിന്ന് വിഷവാതകം ഉയര്‍ന്നതിനത്തെുടര്‍ന്ന് സമീപവാസികളില്‍ പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ശ്വാസംമുട്ടലും ഛര്‍ദിയും നെഞ്ചെരിച്ചിലും അനുഭവപ്പെട്ടിരുന്നു. ചിലര്‍ ആശുപത്രിയില്‍ ചികിത്സയും തേടി. ഇതേതുടര്‍ന്ന് സമീപവാസികള്‍ കമ്പനിക്ക് മുന്നില്‍ തടിച്ചുകൂടി. സംഭവം അറിഞ്ഞത്തെിയ ജനപ്രതിനിധികളും കുത്തിയതോട് എസ്.ഐ എ.എല്‍. അഭിലാഷിന്‍െറ നേതൃത്വത്തില്‍ പൊലീസ് സംഘവും എത്തി ജനങ്ങളെ ശാന്തരാക്കി കമ്പനി പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. ബുധനാഴ്ച രാവിലെ 9.30ന് കമ്പനി ഹാളില്‍ കൂടിയ യോഗത്തില്‍ വിഷവാതകം ഉയരുന്നതിന് പരിഹാരനടപടി സ്വീകരിക്കാനും വിദ്യാര്‍ഥികളുടെ പഠനത്തെ സാരമായി ബാധിക്കുന്ന അതിശബ്ദം ഒഴിവാക്കാന്‍ വൈകുന്നേരം ഏഴുമുതല്‍ രാത്രി 10 വരെ ശബ്ദമുണ്ടാക്കുന്ന പ്രവര്‍ത്തനം നിര്‍ത്തിവെക്കാനും തീരുമാനിച്ചു. കുണ്ടംപൊഴി ലക്ഷംവീട് കോളനിയിലേക്ക് ചാഞ്ഞുകിടക്കുന്ന കമ്പനി കോമ്പൗണ്ടിലെ മരങ്ങളും ശിഖരങ്ങളും വെട്ടിമാറ്റാനും തീരുമാനമായി. യോഗത്തില്‍ പട്ടണക്കാട് ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സി.ടി. വിനോദ്, കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്‍റ് പ്രേമ രാജപ്പന്‍, വാര്‍ഡ് മെംബര്‍ ലത ശശിധരന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ എസ്.എ. ഷരീഫ്, ടി.എ. ഷാഹുല്‍ ഹമീദ്, എന്‍. ശശിധരന്‍, മാനേജ്മെന്‍റ് പ്രതിനിധികളായ അനീഷ് പോള്‍, ബെന്നി ജോണ്‍, പി. മേനു, കണ്ണന്‍, സമീപവാസികളുടെ പ്രതിനിധികളായി ജാസ്മി, റോസി, ലിജി എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.