മലബാര്‍ സിമന്‍റ്സില്‍ വ്യത്യസ്ത വില

പൂച്ചാക്കല്‍: പള്ളിപ്പുറത്തെ മലബാര്‍ സിമന്‍റ്സ് ഫാക്ടറിയില്‍ സിമന്‍റ് വില്‍പന നടത്തുന്നത് തോന്നിയ വിലയ്ക്ക്. ആലപ്പുഴ ജില്ലയിലെ സിമന്‍റ് മൊത്ത വ്യാപാരികള്‍ക്ക് വില്‍ക്കുന്നതിനേക്കാള്‍ 50 രൂപ കുറച്ചാണ് എറണാകുളത്തെ വ്യാപാരികള്‍ക്ക് നല്‍കുന്നത്. വില വ്യത്യാസം സംബന്ധിച്ച് ജില്ലയിലെ വ്യാപാരികള്‍ മലബാര്‍ സിമന്‍റ്സ് അധികൃതരുമായി കഴിഞ്ഞദിവസം ചര്‍ച്ച നടത്തി. യാത്രക്കൂലി അടക്കമുള്ള കാര്യങ്ങളിലാണ് ഈ കുറവ് നല്‍കുന്നതത്രേ. ഇതിനാല്‍ എറണാകുളത്തെ ചില വ്യാപാരികള്‍ പള്ളിപ്പുറത്തുനിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന സിമന്‍റ് ചേര്‍ത്തല താലൂക്കിലെ പല സ്ഥലങ്ങളില്‍ വില്‍ക്കുകയാണെന്നും ജില്ലയിലെ വ്യാപാരികള്‍ ആരോപിച്ചു. കഴിഞ്ഞദിവസം മണപ്പുറത്ത് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് എറണാകുളത്തെ വ്യാപാരി സിമന്‍റ് ഇറക്കി നല്‍കിയതിന്‍െറ തെളിവ് സഹിതമാണ് പരാതി ഉന്നയിച്ചത്. എറണാകുളത്തെ വ്യാപാരികള്‍ കുറഞ്ഞ വിലയ്ക്ക് സിമന്‍റ് വാങ്ങിയശേഷം പ്രദേശത്തുതന്നെ വില്‍പന നടത്തുന്നത് സംബന്ധിച്ചും ജില്ലയിലെ വ്യാപാരികള്‍ക്കും എറണാകുളത്തെ വ്യാപാരികള്‍ക്കും സിമന്‍റ് നല്‍കുന്നതിലെ വില വ്യത്യാസം സംബന്ധിച്ചും മാനേജ്മെന്‍റിന്‍െറ ശ്രദ്ധയില്‍പ്പെടുത്തി. ചര്‍ച്ചയില്‍ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് ലഭിച്ചതായി വ്യാപാരികള്‍ പറഞ്ഞു. ഒ.സി. വക്കച്ചന്‍, സബീര്‍ വാണിയപ്പുരക്കല്‍, പാപ്പച്ചന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.