ആറാട്ടുപുഴ: നിര്‍മാണം പുരോഗമിച്ചുകൊണ്ടിരുന്ന വലിയഴീക്കല്‍ പാലം പണി നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ടെന്‍ഡര്‍ നടപടിക്രമം പാലിച്ചില്ളെന്ന ആരോപണത്തെ തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ് നിര്‍മാണം തടഞ്ഞത്. സര്‍ക്കാര്‍ നടപടിക്കെതിരെ തീരദേശത്ത് പ്രതിഷേധം ശക്തമായി. സര്‍ക്കാര്‍ നടപടി രാഷ്ട്രീയപ്രേരിതമാണെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചു. സെപ്റ്റംബര്‍ ആറിന് തീരദേശ ഹര്‍ത്താലിനും ആഹ്വാനംചെയ്തു. മരാമത്ത് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കഴിഞ്ഞ മൂന്നിന് പുറത്തിറക്കിയ ഉത്തരവിലാണ് പണി നിര്‍ത്തിവെക്കാനും പണം നല്‍കുന്നത് തടഞ്ഞും നിര്‍ദേശിച്ചത്. പൊതുജനങ്ങള്‍ക്കും പ്രത്യേകിച്ച്, കുട്ടികള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും നിലവിലെ നിര്‍മാണ സ്ഥലത്ത് സുരക്ഷിതത്വമൊരുക്കാന്‍ നടപടി എടുക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഡിസ്ട്രിക്ട് ഫ്ളാഗ്ഷിപ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോഗ്രാമില്‍ (ഡി.എഫ്.ഐ.പി) ഉള്‍പ്പെടുത്തി കേരള റോഡ് ഫണ്ട് ബോര്‍ഡ് മുഖേന 146.5 കോടി രൂപ ചെലവ് ലക്ഷ്യമിട്ടാണ് പാലം നിര്‍മാണം തുടങ്ങിയത്. പെട്രോള്‍-ഡീസല്‍ വില്‍പനയില്‍നിന്ന് ഒരുരൂപ സെസ്സ് കണ്ടത്തെി ഫണ്ട് ശേഖരിക്കാനായിരുന്നു തീരുമാനം. കഴിഞ്ഞ ഫെബ്രുവരി 27നാണ് പാലത്തിന്‍െറ നിര്‍മാണോദ്ഘാടനം നടന്നത്. 36 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനകം മൂന്ന് തൂണുകളുടെ പൈലിങ് പൂര്‍ത്തിയായി. പാലത്തിന്‍െറ നീളം 815 മീറ്ററും അപ്രോച്ച് റോഡിന്‍െറ നീളം 414 മീറ്ററുമാണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് ആഭ്യന്തരമന്ത്രിയും സ്ഥലം എം.എല്‍.എയുമായിരുന്ന രമേശ് ചെന്നിത്തലയുടെ ശ്രമഫലമായാണ് പാലം അനുവദിച്ചത്. എന്നാല്‍, പാലത്തിന്‍െറ കരാറിലും മറ്റും നടപടിക്രമങ്ങള്‍ പാലിച്ചില്ളെന്നുള്ള ആക്ഷേപം ശക്തമായതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ സര്‍ക്കാറിന്‍െറ അവസാനകാലത്ത് പൊതുമരാമത്ത് സെക്രട്ടറി 2016 ഫെബ്രുവരി 20ന് ഇറക്കിയ ഉത്തരവ് പ്രകാരം ടെന്‍ഡര്‍ നടപടികളില്ലാതെ വടകര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഊരാളുങ്കല്‍ സൊസൈറ്റിക്ക് വലിയഴീക്കല്‍ പാലമടക്കം 977.7 കോടി രൂപയുടെ പ്രവൃത്തി നല്‍കിയതിയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ രംഗത്തുവന്നിരുന്നു. 12 ദിവസത്തിനുള്ളില്‍ ഈ പ്രവൃത്തികള്‍ക്ക് സാങ്കേതികാനുമതി ലഭ്യമാക്കിയതിലൂടെ സംസ്ഥാന സര്‍ക്കാറിന് 100 കോടി രൂപയുടെ നഷ്ടമാണുണ്ടായതെന്നും സംഘടന ആരോപിച്ചു. എന്നാല്‍, അക്രഡിറ്റഡ് ഏജന്‍സി എന്ന കാര്യം പരിഗണിച്ചാണ് യഥാര്‍ഥ കണ്‍വയന്‍സ് റേറ്റില്‍ ഉള്‍പ്പെട്ടതും ഡി.എസ്.ആര്‍ പ്രകാരം തയാറാക്കിയ നിരക്കില്‍ ടെന്‍ഡര്‍ നടപടി ഒഴിവാക്കി പ്രവൃത്തികള്‍ സ്വകാര്യ സ്ഥാപനത്തിന് നല്‍കിയതെന്നുമാണ് അന്ന് സര്‍ക്കാര്‍ മറുപടി നല്‍കിയത്. കരാറുകാര്‍ ഈ വിഷയം ഉന്നയിച്ച് ഹൈകോടതിയെ സമീപിച്ചെങ്കിലും സര്‍ക്കാറിന്‍െറ വാദം ശരിവെക്കുകയായിരുന്നു. എന്നാല്‍, ഭരണമാറ്റത്തോടെ ആരോപണം ബലപ്പെട്ടതിന്‍െറ അടിസ്ഥാനത്തിലാണ് പൊതുമരാമത്ത് വകുപ്പിന്‍െറ പുതിയ നടപടിയെന്നാണ് കരുതുന്നത്. ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയ ജോലികളാണ് തടഞ്ഞിരിക്കുന്നത്. എന്നാല്‍, സെസ്സ് പിരിക്കുന്നതുമായി ബന്ധപ്പെട്ട ചില നടപടിക്രമങ്ങളിലെ പ്രശ്നങ്ങളാണ് പണി നിര്‍ത്തിവെക്കാന്‍ കാരണമെന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഒരാഴ്ചക്കുള്ളില്‍ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്നും അവര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.