ചൂനാട്ട് അഞ്ച് കട കുത്തിത്തുറന്ന് പണവും സാധനങ്ങളും കവര്‍ന്നു

കറ്റാനം: സ്റ്റേഷനില്‍നിന്ന് നോക്കിയാല്‍ കാണാവുന്ന കടകളില്‍ പൊലീസിനെ വെല്ലുവിളിച്ച് വീണ്ടും കള്ളന്മാരുടെ വിളയാട്ടം. ചൂനാട്ട് ചന്തയിലാണ് തസ്കരവീരന്മാരുടെ ശല്യം പതിവാകുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ച് കടയാണ് കുത്തിത്തുറന്നത്. ഒരുകടയില്‍നിന്ന് 10,000 രൂപയും 5000ഓളം രൂപയുടെ സാധനങ്ങളും അപഹരിച്ചു. മുന്‍ അനുഭവം കാരണം മറ്റുകടക്കാര്‍ പണം സൂക്ഷിക്കാതിരുന്നത് കള്ളന്മാര്‍ക്ക് തിരിച്ചടിയായി. ഇലിപ്പക്കുളം വിഷ്ണുനിവാസില്‍ പഞ്ചമന്‍െറ സ്റ്റേഷനറി കടയില്‍ നിന്നാണ് പണവും മൊബൈല്‍ റീചാര്‍ജ് കൂപ്പണുകളും സൈക്ക്ള്‍ സ്പെയര്‍പാര്‍ട്ടുകളും അപഹരിച്ചത്. നെരിയാമ്പള്ളില്‍ വാവാക്കുഞ്ഞ്, പുത്തന്‍വിളയില്‍ മുരളി, ഇലങ്കത്തില്‍ സഫിയ, അരീക്കര പടീറ്റതില്‍ അജയന്‍ എന്നിവരുടെ കടകളിലാണ് മോഷണശ്രമം. മുരളിയുടെ കടയിലുണ്ടായിരുന്ന ചില്ലറ നാണയങ്ങളും കൊണ്ടുപോയി. ഓട് പൊളിച്ചാണ് പഞ്ചമന്‍െറ കടയില്‍ കയറിയത്. പൂട്ടുതകര്‍ത്തും നിരപ്പലകകള്‍ പൊളിച്ചുമാണ് മറ്റുകടകള്‍ക്ക് ഉള്ളില്‍ കടന്നത്. പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റിലെ കടകളില്‍ നേരത്തെയും ഇത്തരത്തില്‍ മോഷണം നടന്നിരുന്നു. രണ്ടുമാസം മുമ്പ് പ്രധാനറോഡിനോട് ചേര്‍ന്നുള്ള ഷുക്കൂറിന്‍െറ പച്ചക്കറിക്കടയിലും കയറിയിരുന്നു. കടകളുടെ കാലപ്പഴക്കമാണ് കുത്തിപ്പൊളിക്കലിന് സഹായകമാകുന്നത്. വ്യാപാരികളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് പരിശോധിച്ചു. സെക്യൂരിറ്റി ജീവനക്കാരനെ നിയോഗിച്ച് ഇതിന് പരിഹാരം കാണണമെന്നാണ് പൊലീസിന്‍െറ നിര്‍ദേശം. കള്ളന്മാരെ കണ്ടത്തൊന്‍ നടപടികളുണ്ടാകണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി യൂനിറ്റ് പ്രസിഡന്‍റ് ജി. രാജീവ്കുമാറും സെക്രട്ടറി ലത്തീഫ് കൂടാരത്തിലും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.