കരിനില കാര്‍ഷികമേഖല പ്രതിസന്ധിയില്‍

അമ്പലപ്പുഴ: നീറ്റുകക്ക വിതരണം യഥാസമയം നടക്കാത്തതുമൂലം കരിനില കാര്‍ഷികമേഖലയില്‍ പ്രതിസന്ധി. അമ്ളരസം കൂടുതലുള്ള അമ്പലപ്പുഴ, കരുമാടി, പുറക്കാട്, കരുവാറ്റ പ്രദേശങ്ങളിലെ 9000 ഏക്കര്‍ നെല്‍കൃഷിയാണ് മുരടിച്ചുനില്‍ക്കുന്നത്. നീറ്റുകക്ക ഉപയോഗിച്ച് മണ്ണിന്‍െറ പുളിരസം മാറ്റാനുള്ള നടപടി ആരംഭിച്ചില്ളെങ്കില്‍ കൃഷി ഫലപ്രദമായി നടത്താന്‍ കഴിയാതെവരുമെന്ന് കര്‍ഷകര്‍ പറയുന്നു. മഴക്കാലത്ത് മാത്രം ഒരുകൃഷി ചെയ്യുന്ന രീതിയാണ് ഇവിടെയുള്ളത്. അമിത അമ്ളരസം ഇല്ലാതാക്കാന്‍ കര്‍ഷകര്‍ക്ക് നീറ്റുകക്ക നല്‍കിവരാറുണ്ട്. വിതക്കുന്നതിനുമുമ്പും വിതച്ച് 45 ദിവസം കഴിഞ്ഞും ഒരേക്കര്‍ പാടത്ത് മൂന്ന് ക്വിന്‍റല്‍ നീറ്റുകക്കയാണ് ഉപയോഗിക്കേണ്ടത്. എന്നാല്‍, പറിച്ചുനടീല്‍ കഴിഞ്ഞ് ദിവസങ്ങളായിട്ടും കരിനില കര്‍ഷക വികസന ഏജന്‍സി നീറ്റുകക്ക വിതരണം ചെയ്തിട്ടില്ല. കരിനിലങ്ങളിലെ കൃഷി പരിപോഷിപ്പിക്കാന്‍ രൂപവത്കരിച്ച വികസന ഏജന്‍സിയുടെ പ്രവര്‍ത്തനം ഫലത്തില്‍ കര്‍ഷകര്‍ക്ക് ദ്രോഹകരമാണെന്ന് അവര്‍ പറയുന്നു. കായലില്‍നിന്ന് ഖനനം ചെയ്യുന്ന കക്ക സൊസൈറ്റികള്‍ വഴി കര്‍ഷകര്‍ക്ക് നല്‍കുകയാണ് പതിവ്. 50ശതമാനം സബ്സിഡിയും ഇതിനുണ്ട്. എന്നാല്‍, കഴിഞ്ഞ അഞ്ചുവര്‍ഷം കരിനില കര്‍ഷക വികസന ഏജന്‍സി ഇക്കാര്യത്തില്‍ ഗുണപരമായ നടപടി സ്വീകരിച്ചിട്ടില്ളെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. കരിനിലങ്ങളിലെ കൃഷി പ്രതിസന്ധി തൊഴിലാളികളുടെ ജീവിതത്തെയും ബാധിച്ചിട്ടുണ്ട്. നീറ്റുകക്ക വിതരണം ഉള്‍പ്പെടെ ജോലി നടക്കാതെ വരുന്നു. മാത്രമല്ല, അമ്ളരസം ഉള്ളതിനാല്‍ വിളവ് കുറയുകയും നെല്ലിന്‍െറ തൂക്കത്തെ ബാധിക്കുകയും ചെയ്യും. നെല്ല് സംഭരിക്കുന്ന ഏജന്‍സികള്‍ കരിനിലങ്ങളിലെ നെല്ലിനോട് വിവേചനപരമായ സമീപനമാണ് സ്വീകരിച്ചുവരുന്നത്. ഈര്‍പ്പത്തിന്‍െറ അംശം കൂടുതലാണെന്നും തൂക്കക്കുറവാണെന്നുമുള്ള പരാതി അവര്‍ ഉന്നയിക്കാറുണ്ട്. മാത്രമല്ല, പുളിരസത്തില്‍ ഉണ്ടാകുന്ന നെല്ലിന് ദൃഢത കുറവാകാനും ഇടയുണ്ട്. ഇതിനെല്ലം പ്രതിവിധിയായി മണ്ണിനെ ആരോഗ്യകരമാക്കി മാറ്റാന്‍ ആവശ്യമായ നടപടികളാണ് വേണ്ടത്. ഇക്കാര്യത്തില്‍ ഏജന്‍സികള്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.