ആറാട്ടുപുഴ: തീരദേശങ്ങളിലും ഗ്രാമങ്ങളിലും ലഹരി മാഫിയ പിടിമുറുക്കുന്നു. നഗരങ്ങളില്‍ പ്രവര്‍ത്തനം സുഗമമല്ലാതായതോടെയാണ് സംഘങ്ങള്‍ ചുവടുമാറ്റിയിരിക്കുന്നത്. പ്രദേശത്തെ യുവാക്കളെ മോഹനവാഗ്ദാനങ്ങല്‍ നല്‍കി പ്രലോഭിപ്പിച്ച് തങ്ങളുടെ ഏജന്‍റുമാരാക്കുകയാണ് സംഘങ്ങള്‍. കായല്‍തീരങ്ങളും കടല്‍ത്തീരങ്ങളും ആളൊഴിഞ്ഞ പറമ്പുകളും വീടുകളും ലഹരി പുകക്കാനുള്ള താവളങ്ങളായി മാറിക്കഴിഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെവരെ ലഹരിക്ക് അടിമയാക്കിയാണ് മാഫിയകള്‍ പണം കൊയ്യുന്നത്. വള്ളത്തിലും ലഹരിവസ്തുക്കളുടെ വിപണനവും ഉപഭോഗവും തകൃതിയായി നടക്കുന്നുണ്ട്. മദ്യത്തെക്കാള്‍ അപകടകരമായ ലഹരിവസ്തുക്കളുടെ അടിമകളായി കുട്ടികളും യുവാക്കളും മാറുന്നതിന്‍െറ ഞെട്ടിക്കുന്ന വിവരങ്ങള്‍ രക്ഷിതാക്കളില്‍ ഭീതി പടര്‍ത്തുകയാണ്. ലഹരി മരുന്ന് കേസുകളില്‍ പിടിക്കപ്പെടുന്നവരില്‍ അധികപേരും വിദ്യാര്‍ഥികളും യുവാക്കളുമാണെന്ന കണക്കുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ആറുമാസത്തിനിടയില്‍ ജില്ലാ പൊലീസ് അധികാരി എ. അക്ബറിന്‍െറ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആന്‍റി നാര്‍ക്കോട്ടിക് സെല്‍ 8500 റെയ്ഡുകളാണ് നടത്തിയത്. 2299 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ജില്ലയും ആലപ്പുഴയാണ്. 1435 പ്രതികള്‍ അറസ്റ്റിലായി. 12 വയസ്സുള്ള യു.പി ക്ളാസ് വിദ്യാര്‍ഥി മുതല്‍ ഉന്നത പ്രഫഷനല്‍ വിദ്യാഭ്യാസമുള്ള വിദ്യാര്‍ഥികള്‍വരെ പിടിയിലായവരുടെ പട്ടികയിലുണ്ട്. 21 കിലോ കഞ്ചാവ്, 555 ഗ്രാം ഹഷീഷ്, ലഹരിക്കായി നാക്കില്‍ ഒട്ടിക്കുന്ന 27 എല്‍.എസ്.ഡി സ്റ്റാമ്പുകള്‍, 12 ആംപ്യൂളുകള്‍, എം.ഡി.എം.എ പൊടി അഞ്ച് ഗ്രാം, നിരോധിത പുകയില ഉല്‍പന്നങ്ങളുടെ 2.10 കോടി വിലവരുന്ന 70,500 പാക്കറ്റുകള്‍ എന്നിവ ഈ കാലയളവില്‍ പിടികൂടി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആന്‍റി നാര്‍ക്കോട്ടിക് സെല്ലും പൊലീസും ജാഗ്രതയിലാണ്. ലഹരി മാഫിയയെ തുരത്തുക എന്ന ലക്ഷ്യത്തോടെ പഴുതടച്ച അന്വേഷണമാണ് സംഘം നടത്തുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് ലഹരി വരുന്നത് തടയാന്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കായംകുളം, അരൂര്‍, ചെങ്ങന്നൂര്‍, നൂറനാട് എന്നീ ഭാഗങ്ങളിലായാണ് ആന്‍റി നാര്‍ക്കോട്ടിക് സെല്ലിനെ വിന്യസിച്ചിരിക്കുന്നത്. ഡിവൈ.എസ്.പി ഡി. മോഹനനാണ് റെയ്ഡുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ലഹരിയുമായി ബന്ധപ്പെട്ട് വിദ്യാലയങ്ങള്‍, റെസിഡന്‍റ്സ് അസോസിയേഷന്‍, ക്ളബുകള്‍ എന്നിവ കേന്ദ്രീകരിച്ച് ശക്തമായ ബോധവത്കരണ പരിപാടികളും സംഘം നടത്തുന്നുണ്ട്. സംഘത്തിലെ ക്ളാസെടുക്കാന്‍ യോഗ്യരായവരെ ഇതിനായി നിയോഗിക്കുന്നു. ഇതരസംസ്ഥാന തൊഴിലാളികളും കച്ചവടക്കാരായും ഉപഭോക്താക്കളായും വന്‍തോതില്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഇതും അന്വേഷണസംഘത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. സംവിധാനങ്ങളുടെ കുറവ് സംഘത്തിന് പരാധീനതകള്‍ സൃഷ്ടിക്കുന്നു. ആവശ്യമായ സംവിധാനങ്ങളും സമൂഹത്തിന്‍െറ വിവിധ തുറകളിലുള്ളവരുടെ പിന്തുണയും ഉണ്ടെങ്കില്‍ ലഹരിമാഫിയയെ ഒരു പരിധിവരെ തുരത്താന്‍ കഴിയുമെന്നാണ് ആന്‍റി നാര്‍ക്കോട്ടിക് സെല്ലും പൊലീസും പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.