ചെയര്‍മാന്‍ വൈദ്യുതി ബോര്‍ഡ് ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

പറവൂര്‍: നഗരത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വൈദ്യുതി തടസ്സം പരിഹരിക്കണമെന്നും തെരുവ് വിളക്ക് കത്തിക്കാത്തതില്‍ പ്രതിഷേധിച്ചും നഗരസഭ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പിന്‍െറ നേതൃത്വത്തില്‍ പറവൂര്‍ വൈദ്യുതി ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. ശനിയാഴ്ച രാവിലെ 10.30 ഓടെയാണ് ചെയര്‍മാന്‍െറ നേതൃത്വത്തിലുള്ള കൗണ്‍സിലര്‍മാര്‍ പ്രതിഷേധ സൂചകമായി സമരം നടത്തിയത്. നഗരത്തില്‍ മുന്നറിയിപ്പില്ലാതെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് കച്ചവട സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും ഏറെ പ്രയാസം ഉണ്ടാക്കുകയാണ്. ഇതിനെതിരെ നഗരസഭ ചെയര്‍മാന്‍ ആറുമാസം മുമ്പ് ഡിവിഷനല്‍ ഉദ്യോഗസ്ഥരുടെ യോഗം ചേരുകയും തകരാര്‍ പരിഹരിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഒരു മാസത്തോളം വൈദ്യുതി തകരാറുകള്‍ കുറവായിരുന്നു. എന്നാല്‍, മഴക്കാലം തുടങ്ങിയതോടെ വീണ്ടും പഴയപടിയായി. വൈദ്യുതി ലൈനുകളുടെ മുകളില്‍ മരച്ചില്ലകള്‍ ചാഞ്ഞു കിടക്കുന്നത് വെട്ടിമാറ്റുന്നതിന്‍െറ പേരില്‍ നിരവധി തവണയാണ് മുന്നറിയിപ്പില്ലാതെ നഗരത്തില്‍ വൈദ്യുതി വിച്ഛേദിക്കുന്നത്. വെട്ടി നീക്കിയ മരച്ചില്ലകള്‍ റോഡരികിലും കാനകളിലും നിക്ഷേപിക്കുന്നതും വൈദ്യുതി ജീവനക്കാര്‍ പതിവാക്കിയിരിക്കുകയാണെന്നും ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് കുറ്റപ്പെടുത്തി. സമരത്തെ തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെി ചെയര്‍മാനുമായി ചര്‍ച്ച ചെയ്യുകയും പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയതിന്‍െറ അടിസ്ഥാനത്തില്‍ ഉച്ചക്ക് 12 ഓടെ സമരം അവസാനിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പ്രദീപ് തോപ്പില്‍, ഡെന്നി തോമസ്, ഡി. രാജ്കുമാര്‍, സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.