ഗാന്ധിജിയെ കണ്ട ഓര്‍മകള്‍ രാമചന്ദ്രന്‍ മാഷിന് ഇന്നും ആവേശം

ഹരിപ്പാട്: ഓരോ സ്വാതന്ത്ര്യദിനപ്പുലരി കടന്നുപോകുമ്പോഴും ബാല്യകാലത്ത് തന്‍െറ മുന്നില്‍ അപ്രതീക്ഷിതമായി എത്തിയ രാഷ്ട്രപിതാവിന്‍െറ ഓര്‍മകളാണ് രാമചന്ദ്രന്‍ മാഷിന്‍െറ മനസ്സില്‍ എത്തുക. ഗാന്ധിജിയുടെ ജീവിതശൈലിയും ആദര്‍ശങ്ങളും ചെറുപ്പത്തില്‍തന്നെ തന്‍െറയും ജീവിതത്തിന്‍െറ ഭാഗമാക്കാന്‍ ശ്രമിച്ച അധ്യാപകന്‍ ഇന്ന് വാര്‍ധക്യത്തില്‍ വിശ്രമത്തിലാണ്. 87കാരനായ രാമചന്ദ്രന്‍ ഹരിപ്പാട് ഗവ. ബോയ്സ് ഹൈസ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകനായിരുന്നു. ഹരിപ്പാട് ഇത്തിക്കല്‍ ഓണമ്പള്ളി വീട്ടില്‍ പരമേശ്വരന്‍ പിള്ളയുടെയും ദേവകിയമ്മയുടെയും മൂത്തമകനായ പി. രാമചന്ദ്രന്‍ ’84ലാണ് അധ്യാപകവൃത്തിയില്‍ നിന്ന് വിരമിച്ചത്. സ്കൂള്‍ വിദ്യാഭ്യാസ കാലത്താണ് ഗാന്ധിയുടെ കേരള സന്ദര്‍ശനം നടന്നത്. 1939ല്‍ മുംബൈ മുതല്‍ കന്യാകുമാരി വരെ അദ്ദേഹം സന്ദര്‍ശനം നടത്തി. ഹരിപ്പാട് വഴിയാണ് കടന്നുപോയത്. പി.ഡബ്ള്യു.ഡി ഓഫിസ് സ്ഥിതിചെയ്യുന്ന സ്ഥലത്തെ മുസാവരി ബംഗ്ളാവിലാണ് അദ്ദേഹം രാത്രി താമസിച്ചത്. ഗാന്ധിജിയെ കാണാന്‍ കഴിഞ്ഞത് ജീവിതത്തിലെ അപൂര്‍വ ഭാഗ്യമായി രാമചന്ദ്രന്‍ മാഷ് കാണുന്നു. ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷമാണ് ഗാന്ധിജി യാത്ര തുടര്‍ന്നത്. അന്നത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളായ പാണ്ഡവത്ത് ശങ്കരപിള്ള ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് രാഷ്ട്രപിതാവിനെ സ്വീകരിച്ചത്. 1947ല്‍ സ്വാതന്ത്ര്യം ആഘോഷിച്ചതും ഇന്നും ഓര്‍മയില്‍ നിറഞ്ഞുനില്‍ക്കുന്നു. സര്‍ സി.പിയുടെ ഭരണകാലത്ത് ബ്രിട്ടീഷ് വൈസ്രോയി ലിന്‍ലിത്ത് കോ പ്രഭുവും ഭാര്യയും തന്‍െറ നാട്ടിലൂടെ പോയതും ഓര്‍മിക്കുന്നു. ഭാര്യ രാജമ്മയും നാല് മക്കളും മരുമക്കളും അടങ്ങുന്നതാണ് രാമചന്ദ്രന്‍ മാഷിന്‍െറ കുടുംബം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.