പുന്നമടയുടെ തീരത്ത് ജലമേള ആഘോഷമായി

ആലപ്പുഴ: 64ാമത് നെഹ്റു ട്രോഫി വള്ളംകളി കാണുന്നതിന് ലോകത്തിന്‍െറ നാനാതുറകളില്‍ നിന്നുള്ള വിദേശികള്‍ അടക്കമുള്ള ആസ്വാദകര്‍ എത്തിയപ്പോള്‍ അത് പുന്നമടയുടെ തീരത്തെ ആഘോഷമായി മാറി. കായല്‍പരപ്പിലും കരയിലും ഒരുപോലെ ആര്‍പ്പുവിളിയുടെയും താളമേളത്തിന്‍െറയും അന്തരീക്ഷമായിരുന്നു. മത്സരം തുടങ്ങുന്നതിന് മുമ്പുതന്നെ ഗാലറികള്‍ നിറഞ്ഞുകവിഞ്ഞു. വഞ്ചിപ്പാട്ട് പാടി കമന്‍േററ്റര്‍മാര്‍ ജലമേളയെ കൂടുതല്‍ ആവേശഭരിതമാക്കി, കാണികളും ഏറ്റുപാടി. രാവിലെ 11 മണിയോടെ ചെറുവള്ളങ്ങളുടെ മത്സരം ആരംഭിച്ചിരുന്നു. തുടക്കംമുതല്‍ തന്നെ ചെറുവള്ളങ്ങളുടെ മത്സരവും ആവേശഭരിതമായിരുന്നു. ഇടക്ക് പെയ്തുപോയ ചാറ്റല്‍മഴ ആവേശത്തെ ഇരട്ടിയാക്കി. പിന്നീട് തെളിഞ്ഞ അന്തരീക്ഷം. ഉച്ചക്കുശേഷം രണ്ടുമണിയോടെ അവസാനവട്ട മത്സരങ്ങളുടെ ഒരുക്കം തുടങ്ങി. കര്‍ശനമായ നിര്‍ദേശങ്ങള്‍ ഇതിനിടെ സംഘാടകരുടെ ഭാഗത്തുനിന്ന് ഉണ്ടായി. അനാവശ്യമായി കായല്‍പരപ്പില്‍ ഓടിനടക്കുന്ന ബോട്ടുകളെ അവക്ക് നിര്‍ദേശിക്കപ്പെട്ട സ്ഥാനത്തേക്ക് മാറ്റാന്‍ ഇതുകൊണ്ട് കഴിഞ്ഞു. മാസ്ഡ്രില്‍ ജലമേളയുടെ ഏറ്റവും ആകര്‍ഷണീയമായ ഒന്നാണ്. മത്സരത്തില്‍ പങ്കെടുത്ത ചുണ്ടന്‍വള്ളങ്ങള്‍ മാത്രമാണ് മാസ്ഡ്രില്‍ അവതരിപ്പിക്കാന്‍ എത്തിയത്. തുഴ ഉയര്‍ത്തിയും താളംപിടിച്ചുമുള്ള മാസ്ഡ്രില്‍ വിദേശികള്‍ക്ക് ഏറെ ഹരംപകര്‍ന്നു. ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങള്‍ തുടങ്ങിയപ്പോള്‍ കാണികള്‍ തമ്മിലുള്ള പന്തയങ്ങളും തുടങ്ങി. കരുത്തന്മാരായ ചുണ്ടന്‍വള്ളങ്ങളുടെ ഏറ്റുമുട്ടല്‍ കാണാനുള്ള ആകാംക്ഷയുടെ നിമിഷങ്ങളായിരുന്നു പിന്നീട്. അവയുടെ മുന്നോട്ടുള്ള കുതിപ്പ് മൊബൈല്‍ കാമറയില്‍ പകര്‍ത്താനുള്ള തിരക്കും ഗാലറികളില്‍ ദൃശ്യമായിരുന്നു. മത്സരഫലം അറിയാനുള്ള സംവിധാനം ഇരുപവിലിയനിലും സ്ഥാപിക്കാതിരുന്നത് മാധ്യമപ്രവര്‍ത്തകര്‍ക്ക് ചെറിയ പ്രയാസമുണ്ടാക്കി. ബി.ബി.സി അടക്കമുള്ള അന്തര്‍ദേശീയ മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടുചെയ്യാന്‍ എത്തിയ ജലമേളയില്‍ കുറച്ചുകൂടി സൂക്ഷ്മത ഇക്കാര്യത്തില്‍ പാലിക്കാമായിരുന്നു. ഇറിഗേഷന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ആര്‍. രേഖ, അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍മാരായ ഹരന്‍ ബാബു, എസ്. ദീപു, സി.ഡി. ബാബുമോന്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. കനത്ത സുരക്ഷാവലയത്തിലായിരുന്നു മത്സരം സംഘടിപ്പിച്ചത്. 1800ലധികം പൊലീസുകാരെയാണ് ജില്ലാ പൊലീസ് മേധാവി എ. അക്ബറിന്‍െറ നേതൃത്വത്തില്‍ വിന്യസിച്ചിരുന്നത്. ഒരുതരത്തിലുള്ള ക്രമസമാധാന പ്രശ്നങ്ങളും ഉണ്ടാകാതിരിക്കാന്‍ ജില്ലാ പൊലീസ് ചീഫിന്‍െറ പ്രത്യേക ശ്രദ്ധയും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.