സി.പി.എം സെക്രട്ടേറിയറ്റ് റിപ്പോർട്ടിൽ സംസ്ഥാന സമിതി തിരുത്ത്; പ്രവർത്തന ശൈലിയിൽ മാറ്റംവരുത്തുമെന്ന് ഗോവിന്ദൻ

തിരുവനന്തപുരം: തളിപ്പറമ്പിലെയും പയ്യന്നൂരിലെയും സ്ഥാനാർഥി നിർണയമടക്കം സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയ റിപ്പോർട്ടിൽ സമഗ്ര തിരുത്തൽ വരുത്തി സി.പി.എം സംസ്ഥാന കമ്മിറ്റി. സമീപകാലത്ത് സെക്രട്ടേറിയറ്റ് തയാറാക്കുന്ന റിപ്പോർട്ടിൽ ഇത്രയധികം തിരുത്തലുകൾ സംസ്ഥാന കമ്മിറ്റി വരുത്തുന്നത് ആദ്യമായാണ്. സ്ഥാനാർഥിനിർണയത്തിൽ വലിയവീഴ്ചയില്ലെന്നായിരുന്നു സെക്രട്ടേറിയറ്റ് അവലോകന റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഇത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. ഇതോടെയാണ് തളിപ്പറമ്പിലും പയ്യന്നൂരിലും വീഴ്ച സംഭവിച്ചെന്ന സ്വയം വിമർശനത്തിന് പാർട്ടി തയാറായത്.

പയ്യന്നൂരിന്റെ കാര്യത്തിൽ കുറെക്കൂടി ആഴത്തി ലുള്ളപരിശോധന നടത്തണമെന്ന നിർദേശവുമുണ്ടായി. സ്ഥാനാർഥി നിർണയത്തിൽ മാത്രമല്ല വിഭാഗീയ പ്രശ്നങ്ങളും അവിടെ രൂപപ്പെട്ടു. പരാജയത്തിന് കാരണമായ വീഴ്ചകൾ ഏറ്റുപറയുമ്പോഴും പിണറായി വിജയനിലേക്കും എം.വി. ഗോവിന്ദനിലേക്കും ആരോപണങ്ങൾ എത്താതിരിക്കാനുള്ള കരുതലും സെക്രട്ടേറിയറ്റിൽ നിന്നുണ്ടായി. ഇക്കാര്യത്തിലും സംസ്ഥാന കമ്മറ്റിയിൽ വിമർശനമുണ്ടായി. അതേസമയം ഇത് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല.

ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെ വെള്ളാപ്പള്ളി നടേശൻ നടത്തിയ വർഗീയ പരാമർശങ്ങൾ സംബന്ധിച്ച സെക്രട്ടേറിയറ്റിന്റെ അവലോകന റിപ്പോർട്ടിൽ വേണ്ടത്ര മൂർച്ചയില്ലെന്നും സംസ്ഥാന കമ്മിറ്റിയിൽ അഭിപ്രായമുയർന്നു. സംസ്ഥാന സെക്രട്ടറിയുടെ പ്രവർത്തനരീതിയെയും വാർത്തസമ്മേളനങ്ങളിലെ അദ്ദേഹത്തിന്റെ പെരുമാറ്റത്തെയും നിരവധി നേതാക്കൾ വിമർശിച്ചു. വിമർശനം അംഗീകരിച്ച ഗോവിന്ദൻ തന്റെ പ്രവർത്തന ശൈലിയിൽ മാറ്റംവരുത്തുമെന്ന് വ്യക്തമാക്കി.

സെക്രട്ടേറിയറ്റിൽ വീണ്ടും മാധ്യമ നിയന്ത്രണം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ വീണ്ടും മാധ്യമങ്ങൾക്ക് നിയന്ത്രണം. മന്ത്രിമാരുടെ ഓഫിസിൽ നിന്ന് അറിയിപ്പില്ലാതെ അക്രഡിറ്റഡ് മാധ്യമ പ്രവർത്തകർക്ക് ഉൾപ്പെടെ ഇനി പ്രവേശനമുണ്ടാവില്ല. പോകേണ്ട വകുപ്പിൽ നിന്നുള്ള ശിപാർശ ഇല്ലാതെ ആരെയും കയറ്റിവിടേണ്ടെന്നാണ് സുരക്ഷ ജീവനക്കാർക്ക് നൽകിയ നിർദേശം.

പുതിയ സർക്കാർ അധികാരമേറ്റത് മുതൽ സെക്രട്ടേറിയറ്റിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്. ഇതോടെ സന്ദർശന സമയം വൈകിട്ട് മൂന്നുമണി മുതൽ അഞ്ചുവരെയാക്കി. സന്ദർശകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ മറയാക്കിയാണ് മാധ്യമപ്രവർത്തകരെയും സുരക്ഷാ ജീവനക്കാർ തടയുന്നത്. ഇതോടൊപ്പം സെക്രട്ടേറിയറ്റിലേക്ക് പ്രവേശിക്കുന്ന പ്രധാന കവാടമായ നോർത്ത് ഗേറ്റും അടച്ചു. പുതിയ സർക്കാർ അധികാരത്തിലെത്തിയപ്പോൾ തുറന്നുകൊടുത്ത ഗേറ്റാണിത്.

അതേസമയം, സെക്രട്ടേറിയറ്റിൽ മാധ്യമ പ്രവർത്തകർക്ക് ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരിച്ചു. സർക്കാറിനെ അപകീർത്തിപ്പെടുത്താനുള്ള പലവിധ ശ്രമങ്ങൾ നടക്കുന്നതിന്റെറ ഭാഗമാണ് ഈ ആക്ഷേപമെന്നും ‘മാധ്യമ’ത്തോട് പ്രതികരിച്ചു.

Tags:    
News Summary - State committee correction in CPM Secretariat report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.