ഏരൂര്‍ രാമഭദ്രന്‍ വധക്കേസ്: ജയമോഹനെ സി.ബി.ഐ അറസ്റ്റുചെയ്ത് വിട്ടയച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് അഞ്ചല്‍ ഏരൂര്‍ രാമഭദ്രന്‍ വധക്കേസില്‍ കശുവണ്ടിവികസനകോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹനെ സി.ബി.ഐ സംഘം അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ബുധനാഴ്ച തിരുവനന്തപുരം സി.ബി.ഐ യൂനിറ്റ് ഓഫിസില്‍ വിളിച്ചുവരുത്തിയ അദ്ദേഹത്തെ നാലുമണിക്കൂറോളം ചോദ്യംചെയ്തു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു. മറ്റൊരു സി.പി.എം പ്രാദേശിക നേതാവായ റോയിക്കുട്ടിയെയും അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. 

ബി.ജെ.പി-കോണ്‍ഗ്രസ് ഗൂഢാലോചനയാണ് തന്‍െറ അറസ്റ്റിന് കാരണമെന്ന് ജാമ്യത്തിലിറങ്ങിയ ജയമോഹന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേസില്‍ തനിക്ക് പങ്കില്ല. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിച്ചതാണ്. സി.പി.എം നേതാക്കളെ കുടുക്കാനുള്ള ആസൂത്രിത ഗൂഢാലോചനയാണ് സി.ബി.ഐ നടപടിക്കുപിന്നിലെന്നും അദ്ദേഹം ആരോപിച്ചു. രാമഭദ്രന്‍ കേസുമായി ബന്ധപ്പെട്ട് ജയമോഹനെ ചൊവ്വാഴ്ച ചോദ്യംചെയ്തിരുന്നു. ഇദ്ദേഹത്തോടൊപ്പം ചോദ്യംചെയ്ത സി.പി.എം കൊല്ലം ജില്ലകമ്മിറ്റിഅംഗം കെ. ബാബുപണിക്കര്‍, ഡി.വൈ.എഫ്.ഐ നേതാവും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ പേഴ്സനല്‍ സ്റ്റാഫ് അംഗവുമായ മാക്സണ്‍, പുനലൂര്‍ സ്വദേശിയായ ഡി.വൈ.എഫ്.ഐ നേതാവ് റിയാസ് എന്നിവരുടെ അറസ്റ്റ് കഴിഞ്ഞദിവസം തന്നെ രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍, ഇവര്‍ നല്‍കിയ മൊഴിയില്‍ വൈരുധ്യങ്ങളുണ്ടെന്നാണ് സി.ബി.ഐസംഘം കരുതുന്നത്. ഇതില്‍ വ്യക്തത വരുത്താനാണ് ബുധനാഴ്ച വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാന്‍ ജയമോഹനോട് ആവശ്യപ്പെട്ടത്. തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ ഹാജരാക്കിയ മാക്സണ്‍, ബാബുപണിക്കര്‍, റിയാസ് എന്നിവരെ ഡിസംബര്‍ ആറുവരെ റിമാന്‍ഡ് ചെയ്തു. ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സി.ബി.ഐ വ്യാഴാഴ്ച കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. പ്രതികള്‍ സമര്‍പ്പിച്ച ജാമ്യഹരജിയില്‍ വ്യാഴാഴ്ച വിധി പറയും.  

ബാബു പണിക്കര്‍ ഒഴികെയുള്ള രണ്ടുപേരും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായി അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം, ബാബുപണിക്കര്‍ ഗൂഢാലോചനയില്‍ പങ്കെടുക്കുകയും മറ്റുള്ളവര്‍ കൊലപാതകത്തിന് സഹായം ചെയ്തതായും സി.ബി.ഐ ഇന്‍സ്പെക്ടര്‍ കെ.ടി. തോമസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും പറയുന്നു. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ പുതിയ പ്രതികളെ ഉള്‍പ്പെടുത്തിയത് രാഷ്ട്രീയപ്രേരിതമായാണെന്ന് പ്രതികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. തെളിവുകളുടെ പിന്‍ബലമില്ലാതെ പുതിയ പ്രതികളെ കേസില്‍ ഉള്‍പ്പെടുത്തി സി.പി.എമ്മിനെയും പാര്‍ട്ടിനേതാക്കളെയും സമൂഹത്തില്‍ തേജോവധം ചെയ്യുന്നതിന് സി.ബി.ഐയെ കരുവാക്കുകയാണെന്നും ആരോപണങ്ങളുടെ നിജസ്ഥിതി കോടതി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

മാക്സിന്‍ പ്രതിയായിരുന്നില്ല -മന്ത്രി 
തിരുവനന്തപുരം: അഞ്ചല്‍ ഏരൂര്‍ രാമഭദ്രന്‍ വധക്കേസില്‍ അറസ്റ്റിലായ മാക്സിനെ തന്‍െറ പേഴ്സനല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഒരുകേസിലും പ്രതിയായിരുന്നില്ളെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. മാക്സിന്‍ അറസ്റ്റിലായ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഏതുസാഹചര്യത്തിലാണ് സി.ബി.ഐ അറസ്റ്റ് ചെയ്തതെന്ന് പരിശോധിക്കും. വിശദവിവരങ്ങള്‍ ലഭ്യമായശേഷം പ്രതികരിക്കാമെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചന –സി.പി.എം 
തിരുവനന്തപുരം: ഏരൂര്‍ രാമഭദ്രന്‍ വധക്കേസില്‍ സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്ത നടപടി രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് സി.പി.എം കൊല്ലം ജില്ല സെക്രട്ടറി കെ.എന്‍. ബാലഗോപാല്‍. നിയമപരമായിതന്നെ കള്ളക്കേസിനെ നേരിടുമെന്നും എ.കെ.ജി സെന്‍ററിന് മുന്നില്‍ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ജാമ്യംലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. 
രാഷ്ട്രീയ ലക്ഷ്യത്തോടെ ബി.ജെ.പി സര്‍ക്കാര്‍ എടുത്ത തീരുമാനമാണിത്. ലോക്കല്‍ പൊലീസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച കേസാണ്. നിയമപരമായ അന്വേഷണം പൂര്‍ത്തിയായെന്നുമാണ് കോടതിയില്‍ സി.ബി.ഐ നേരത്തെ വ്യക്തമാക്കിയിരുന്നത്. ഫസല്‍ വധക്കേസിലെ വെളിപ്പെടുത്തലിനെ തുടര്‍ന്നുള്ള സി.ബി.ഐയുടെ വാശിയാണ് ഇപ്പോഴത്തെ അറസ്റ്റിന് കാരണം. ജനങ്ങളെ ഇതിനെതിരെ അണിനിരത്തുമെന്നും അദ്ദേഹം പറഞ്ഞു.

പേഴ്സനല്‍ സ്റ്റാഫ് നിയമനക്കുറ്റം മന്ത്രി ഏറ്റുപറയണം –ചെന്നിത്തല
തിരുവനന്തപുരം: ഏരൂര്‍ രാമഭദ്രന്‍ വധക്കേസിലെ പ്രതിയെ പേഴ്സനല്‍ സ്റ്റാഫില്‍നിന്ന് പുറത്താക്കി നിയമനക്കുറ്റം ഏറ്റുപറയാന്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മ തയാറാകണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കൊലക്കേസ് പ്രതി മന്ത്രിയുടെ സ്റ്റാഫില്‍ പ്രവര്‍ത്തിക്കുന്നുവെന്നത് ഞെട്ടലോടെയാണ് കേരളം കേട്ടത്. സി.ബി.ഐ അറസ്റ്റ് ചെയ്ത പ്രതിയെ സ്റ്റാഫില്‍നിന്ന് ഒഴിവാക്കണം. നിയമനം നടത്തുംമുമ്പ് വ്യക്തികളെപ്പറ്റി അന്വേഷിക്കാന്‍ സ്പെഷല്‍ ബ്രാഞ്ച് സംവിധാനം ഉണ്ടായിരിക്കെ കൊലപാതകികളെയും സാമൂഹികവിരുദ്ധരെയും സ്റ്റാഫില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ജനങ്ങളെ അപഹസിച്ചിരിക്കുകയാണ്. കൊലക്കുറ്റം ആരോപിക്കപ്പെട്ടവര്‍ എങ്ങനെ സ്റ്റാഫില്‍ വന്നെന്ന് മന്ത്രി വിശദീകരിക്കണം. സി.ബി.ഐ അറസ്റ്റ് ചെയ്ത നിമിഷംതന്നെ പ്രതിയെ പേഴ്സനല്‍ സ്റ്റാഫില്‍നിന്ന് പുറത്താക്കാന്‍ മന്ത്രി തയാറാകാത്തതിനുപകരം ഇപ്പോഴും അവരെ രാഷ്ട്രീയമായി സംരക്ഷിക്കുകയാണ്. ഇനിയും അത് തുടര്‍ന്നാല്‍ കനത്തവില നല്‍കേണ്ടിവരുമെന്നും ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - ramabadran case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.