വിഷ്ണു ഇനിയും ജീവിക്കും; അഞ്ചുപേരിലൂടെ

കോഴിക്കോട്: ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്‌കമരണം സംഭവിച്ച ഏവിയേഷൻ വിദ്യാർഥി അവയവദാനത്തിലൂടെ അഞ്ചു പേര്‍ക്ക് പുതുജീവനേകി. കണ്ണൂര്‍ തൃക്കണ്ണാപുരം സ്വദേശി എം.ടി. വിഷ്ണുവിന്റെ (27) അവയവങ്ങളാണ്​ ദാനം ചെയ്തത്​. ബംഗളരൂവില്‍നിന്ന്​ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ വെള്ളിയാഴ്ച രാവിലെയാണ് കോഴിക്കോട് ആസ്റ്റര്‍ മിംസിലെത്തിച്ചത്. ഇതിനകം തന്നെ മസ്തിഷ്‌ക മരണം സംഭവിച്ചിരുന്ന വിഷ്ണുവിന്റെ അവസ്ഥ മാതാപിതാക്കളെ പറഞ്ഞ് മനസ്സിലാക്കുകയും അവയവദാനത്തിന്റെ സാധ്യതകളെപ്പറ്റി ബോധവത്കരിക്കുകയുമായിരുന്നു. 'മരണശേഷവും അഞ്ചു പേരിലൂടെ അവന്‍ ജീവിക്കുമെങ്കില്‍ അതാണ് ഞങ്ങള്‍ക്ക് വേണ്ടത്​' എന്ന് പറഞ്ഞാണ് വിഷ്ണുവിന്റെ പിതാവും മാതാവും അവയവദാനത്തിന് സമ്മതം നല്‍കിയത്. കരള്‍, രണ്ട് വൃക്കകള്‍, ഹൃദയം, കോര്‍ണിയ എന്നിവയാണ് ദാനം ചെയ്തത്. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ മെട്രോമെഡ്​ ഹോസ്പിറ്റലിലാണ്​ രാത്രി ​വൈകിയും നടക്കുന്നത്​. രാത്രി പത്തോടെയാണ്​ അവയവം നീക്കം ചെയ്യുന്ന ശസ്ത്രക്രിയകള്‍ ആരംഭിച്ചത്​. ബംഗളൂരുവിലാണ്​ വിഷ്​ണു ഏവിയേഷൻ കോഴ്സിന്​ പഠിക്കുന്നത്​. പിതാവ് സുനിൽ കുമാർ ബി.എസ്​.എൻ.എൽ ജീവനക്കാരനാണ്. മാതാവ് ചിത്ര എറണാകുളം കാംകോയിൽ ജോലി ചെയ്യുന്നു. സഹോദരി: കൃഷ്ണപ്രിയ (പ്ലസ്​വൺ വിദ്യാർഥിനി).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.