സീറ്റ് വിഭജനത്തെച്ചൊല്ലി എൽ.ഡി.എഫിൽ തർക്കം

*സിറ്റിങ് സീറ്റുകൾ ഘടകകക്ഷികൾക്ക് വിട്ടുകൊടുക്കാനാകില്ലെന്ന് സി.പി.ഐ തിരുവനന്തപുരം: കോർപറേഷൻപരിധിയിലെ . പുതുതായി മുന്നണിയിലെത്തിയവർക്കായി സിറ്റിങ് സീറ്റുകൾ വിട്ടുകൊടുക്കാൻ സി.പി.എം തയാറാകാത്തതും പകരം ഇവർക്കായി സി.പി.ഐയുടെ സിറ്റിങ് സീറ്റുകൾ ആവശ്യപ്പെട്ടതുമാണ് തർക്കത്തിന് കാരണം. ഇതോടെ ഘടകകക്ഷികൾക്കുള്ള സീറ്റ് വിഭജനം ഏങ്ങുമെത്തിയില്ല. കേരള കോൺഗ്രസ് (എം), കേരള കോൺഗ്രസ് (സ്കറിയ തോമസ്), എൽ.ജെ.ഡി എന്നിവർക്കായി മൂന്ന് സീറ്റുകൾ വിട്ടുകൊടുക്കണമെന്നായിരുന്നു ധാരണ. സി.പി.എം രണ്ടും സി.പി.ഐ ഒരു സീറ്റും വിട്ടുകൊടുക്കണം. എന്നാൽ സി.പി.ഐയുടെ സീറ്റുകളിലായിരുന്നു ഘടകകക്ഷികൾക്ക് കണ്ണ്. ഇതിൽ പലതും സി.പി.ഐയുടെ സിറ്റിങ് സീറ്റുകളുമാണ്. സിറ്റിങ് സീറ്റുകൾ വിട്ടുകൊടുക്കണമെങ്കിൽ സി.പി.എമ്മിൻെറ കൈയിലുള്ള സിറ്റിങ് സീറ്റുകൾ നൽകണമെന്ന സി.പി.ഐയുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് സി.പി.എം അറിയിച്ചു. ഇതോടെ 2015ൽ മത്സരിച്ച 18 സീറ്റുകളിൽ 17 എണ്ണത്തിൽ വീണ്ടും മത്സരിക്കാനും നാലാഞ്ചിറ ഉപാധികളില്ലാതെ വിട്ടുകൊടുക്കാനും സി.പി.ഐ തീരുമാനിച്ചു. വഴുതക്കാട്, തമ്പാനൂർ, നേമം, പൂജപ്പുര, വെള്ളാർ, അമ്പലത്തറ, കോട്ടപ്പുറം, വലിയതുറ, പി.ടി.പി നഗർ, ചെട്ടിവിളാകം, തുരുത്തുംമൂല, പട്ടം, ശ്രീവരാഹം, ഞാണ്ടൂർകോണം, അണമുഖം, ശംഖുംമുഖം, ചന്തവിളയിലാകും സി.പി.ഐയുടെ മത്സരം. സി.പി.ഐയുടെ സിറ്റിങ് സീറ്റായ പട്ടമാണ് സ്കറിയ തോമസ് വിഭാഗം ആവശ്യപ്പെട്ടത്. എന്നാൽ അത് നൽകാനാകില്ലെന്ന് നേതൃത്വം അറിയിച്ചു. എൽ.ജെ.ഡിക്ക് വേണ്ടി പൂജപ്പുര ചോദിച്ചപ്പോൾ സി.പി.എമ്മിൻെറ കൈയിലുള്ള കമലേശ്വരം വാർഡാണ് സി.പി.ഐ പകരം ആവശ്യപ്പെട്ടത്. എന്നാൽ കമലേശ്വരം വിട്ടുനൽകാൻ കഴിയില്ലെന്ന് സി.പി.എം അറിയിച്ചതോടെയാണ് തർക്കം ഉടലെടുത്തത്. സി.പി.ഐയുടെ ഉറച്ച സീറ്റുകൾ വിട്ടുകൊടുത്ത് മുന്നണിയെ തൃപ്തിപ്പെടുത്താനില്ലെന്ന് നേതാക്കൾ അറിയിച്ചു. പട്ടം കിട്ടിയില്ലെങ്കിൽ ഇത്തവണ മത്സരിക്കില്ലാനില്ലെന്ന് സ്കറിയ തോമസ് വിഭാഗവും അറിയിച്ചതോടെയാണ് ചർച്ച വഴിമുട്ടിയത്. സമവായ ചർച്ചകൾ ഇന്നും തുടരും. അതേസമയം സ്ഥാനാർഥിനിർണയത്തെ ചൊല്ലി സി.പി.എമ്മിനുള്ളിലും ഭിന്നത രൂക്ഷമാണ്. പാൽക്കുളങ്ങരയിൽ ബി.ജെ.പി വിട്ട് സി.പി.എമ്മിലേക്ക് ചേക്കേറിയ കൗൺസിലർ വിജയകുമാരിയെ വീണ്ടും മത്സരിപ്പിക്കാനുള്ള മേൽഘടകത്തിൻെറ തീരുമാനത്തിനെതിരെ താഴേത്തട്ടിൽ എതിർപ്പ് ശക്തമാണ്. എസ്.എഫ്.ഐ വഞ്ചിയൂർ ഏരിയ വൈസ് പ്രസിഡൻറും ഡി.വൈ.എഫ്.ഐ വഞ്ചിയൂർ ലോക്കൽകമ്മിറ്റി വൈസ് പ്രസിഡൻറുമായ സൂര്യ സുരേഷിനെ മത്സരിപ്പിക്കണമെന്നാണ് പ്രവർത്തകരുടെ അഭിപ്രായം. ബി.ജെ.പിയുടെ ആശയങ്ങളെ പിൻപറ്റി പ്രവർത്തിച്ച് തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് സി.പി.എമ്മിലേക്ക് ചേക്കേറിയ വിജയകുമാരിയെ മത്സരിപ്പിക്കുന്നത് ജനങ്ങൾ അംഗീകരിക്കില്ലെന്ന വാദമാണ് ഇവർ മുന്നോട്ടുവെക്കുന്നത്. എന്നാൽ പാൽക്കുളങ്ങര വാർഡ് നിലനിർത്തുക എന്നത് ബി.ജെ.പിയെ സംബന്ധിച്ച് അഭിമാനപ്രശ്നമാണ്. ഇതിനായി തങ്ങളുടെ മുതിർന്ന നേതാവും മുൻ കൗൺസിലറുമായ പി.അശോക് കുമാറിനെ രംഗത്തിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. യൂത്ത് കോൺഗ്രസ് നേതാവ് ശംഭു അടക്കമുള്ളവരെയാണ് പാൽക്കുളങ്ങരയിൽ യു.ഡി.എഫ് പരിഗണിക്കുന്നത്. മേയർ സ്ഥാനാർഥിയായി മുൻ എം.പി ടി.എൻ. സീമയെ രംഗത്തിറക്കാനുള്ള ചർച്ചകളും സജീവമാണ്. മുട്ടത്തറ, കമലേശ്വരം, മെഡിക്കൽ കോളജ് വാർഡുകളാണ് സീമക്കായി പരിഗണിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.