മദ്യവിൽപനയിൽ നിയന്ത്രണം ഏർപ്പെടുത്തി ബെവ്കോ

തിരുവനന്തപുരം: ബെവ്ക്യു ആപ് വഴി നൽകുന്ന ടോക്കണിന് ആനുപാതികമായി മാത്രം ബാറുകൾക്കും ഔട്ട്​ലെറ്റുകൾക്കും മദ്യം നൽകിയാൽ മതിയെന്ന് നിർദേശം. ബിവറേജസ് കോർപറേഷൻ (ബെവ്കോ) വെയർഹൗസുകൾക്ക് നൽകിയ സർക്കുലറിലാണ് ഇക്കാര്യം പറയുന്നത്. ഈ നിർദേശം മദ്യവിൽപനയെ ബാധിക്കുമെന്ന് ബെവ്കോ, കൺസ്യൂമർ ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു. ടോക്കൺ ഇല്ലാത്തവർക്കും മദ്യം നൽകി യഥേഷ്​ടം കച്ചവടം നടത്തുന്ന ബാറുകളെ നിയന്ത്രിക്കാനാണ് പുതിയ സർക്കുലർ എന്നാണ് വിശദീകരണം. ബിവറേജസ് കോർപറേഷൻ എം.ഡി പുറത്തിറക്കിയ ഉത്തരവ് നിലവിൽവന്നു. ഇനിമുതൽ മദ്യവിൽപനശാലകൾക്കും ബാറുകൾക്കും അതത് ദിവസത്തെ ടോക്കണിന് ആനുപാതികമായി മാത്രമേ മദ്യം വിതരണം ചെയ്യൂ. ഇത് നടപ്പാക്കാൻ വെയർഹൗസ് മാനേജർമാർക്ക് കർശന നിർദേശമുണ്ട്​. ബെവ്ക്യു ആപ്പി​ൻെറ മറവിൽ ബാറുകൾ യഥേഷ്​ടം മദ്യം വിറ്റ് ലാഭം ഉണ്ടാക്കുന്നതായുള്ള ആക്ഷേപം ബെവ്കോ ജീവനക്കാർ ഉൾപ്പെടെ കണക്കുകൾ നിരത്തി ചൂണ്ടിക്കാട്ടിയിരുന്നു. ടോക്കൺ ഇല്ലാത്തവർക്കുപോലും കൂടുതൽ പണം വാങ്ങി മദ്യം വിൽക്കുന്നരീതി പല ബാറുകളും കൈക്കൊണ്ടുവന്നതായ ആക്ഷേപവുമുണ്ടായിരുന്നു. ആ സാഹചര്യത്തിലാണ് ബാറുകളെ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ ബെവ്കോയുടെ നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.