കോവിഡ് ബാധിച്ച് കാട്ടാക്കടയിലെ പാചകവാതക വിതരണ ഏജന്‍സിയിലെ തൊഴിലാളി മരിച്ചു; ആശങ്കയേറുന്നു

കാട്ടാക്കട: കോവിഡ് ബാധിച്ച് കാട്ടാക്കടയിലെ പാചകവാതക വിതരണ ഏജന്‍സിയിലെ തൊഴിലാളികൂടി മരിച്ചതോടെ ആശങ്കയേറുന്നു. കാട്ടാക്കട, കുറ്റിച്ചൽ, കള്ളിക്കാട് പഞ്ചായത്തുകളിലായി ശനിയാഴ്​ച 27 പേർക്ക് രോഗം സ്ഥിരീകരിച്ചു. കാട്ടാക്കട അമ്മാൾ ഗ്യാസ് ഏജൻസിയിലെ തൊഴിലാളി കട്ടയ്ക്കോട് സ്വദേശി രത്നകുമാറാണ് (54) മരിച്ചത്. ഇതോടെ കാട്ടാക്കടയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ മരണം നാലായി. ശനിയാഴ്ച കാട്ടാക്കട പഞ്ചായത്തിൽ 10 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആമച്ചൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന 100 പേരുടെ പരിശോധനയിൽ എട്ട് പേർക്കും, മറ്റിടങ്ങളിൽ നടന്ന പരിശോധനയിൽ രണ്ടുപേർക്കുമാണ് പോസിറ്റീവ് ആയത്. ചന്ദ്രമംഗലത്ത് മൂന്ന്, പനയംകോട്, പൊന്നറ രണ്ടുപേർ വീതം, മംഗലയ്ക്കൽ, ആമച്ചൽ, കൊല്ലോട് എന്നിവിടങ്ങളിലായി ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാട്ടാക്കടയിലെ ബാർ ഹോട്ടലിലെ രണ്ട്​ തൊഴിലാളികളും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. ഇവരിലൊരാൾ ബാർ കൗണ്ടറിൽ ജോലിചെയ്തിരുന്നതിനാൽ സമ്പർക്കപട്ടിക വിപുലമാണ്. കള്ളിക്കാട് ഗ്രാമപഞ്ചായത്തിൽ നടന്ന 73 പേരുടെ കോവിഡ് പരിശോധനയിൽ എട്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വാവോട്, കാളിപാറ എന്നിവിടങ്ങളിൽ രണ്ടുപേർക്ക് വീതവും, പെരുംകുളങ്ങര, ചാമവിളപ്പുറം, കള്ളിക്കാട് എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് കോവിഡ് പോസിറ്റീവായത്. കുറ്റിച്ചൽ പഞ്ചായത്തിൽ 38 പേരുടെ പരിശോധന പരുത്തിപ്പള്ളി ആശുപത്രിയിൽ നടന്നപ്പോൾ ഒമ്പത് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മന്തിക്കളത്ത് അഞ്ച് പേർക്കും തച്ചൻകോട്, പരുത്തിപ്പള്ളി വാർഡുകളിലായി രണ്ടുപേർക്ക് വീതവുമാണ് കോവിഡ് പോസിറ്റീവായത്. 14 വാർഡുകളുള്ള പഞ്ചായത്തിൽ ആറ് വാർഡുകൾ ഇപ്പോഴും കണ്ടെയ്‌ൻമൻെറ് സോണാണ്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.