പൊലീസി​െൻറ മോഷണം കണ്ട്​ ഞെട്ടി

പൊലീസി​ൻെറ മോഷണം കണ്ട്​ ഞെട്ടി കഴക്കൂട്ടം: മോഷ്​ടാക്കളെ പിടികൂടാനിറങ്ങിയ പൊലീസുകാരൻ തന്നെ മോഷണം നടത്തിയാൽ എങ്ങനെയിരിക്കും. പൊലീസ് തന്നെ മോഷണം നടത്തുന്ന ദൃശ്യം സി.സി.ടി.വി കാമറയിൽനിന്ന് കണ്ടതോടെ വീട്ടുകാർ ഞെട്ടി. കഴക്കൂട്ടം പൊലീസ് സ്​റ്റേഷനിലെ ജീപ്പ് ഓടിച്ച പൊലീസുകാരൻ ജീപ്പിൽ നിന്നിറങ്ങിയ ശേഷം പരിസരം വീക്ഷിച്ച് ആരുമി​െല്ലന്നുറപ്പിച്ച ശേഷം മൊബൈൽ ഫ്ലാഷ് തെളിച്ച്​ മോഷണം നടത്തുന്നതി​ൻെറ ചിത്രം സി.സി.ടി.വിയിൽ പതിഞ്ഞു. ശ്രീകാര്യം ചെമ്പഴന്തിക്കുസമീപം ആവുക്കുളം ധർമശാസ്താ ക്ഷേത്രത്തിനു സമീപമുള്ള വീട്ടിലാണ് ഇക്കഴിഞ്ഞ 16ന്​ പുലർച്ച നാലരയോടെ ജീപ്പിലെത്തിയ നിയമപാലകൻ മോഷണം നടത്തിയത്. വനിത പ്രബേഷൻ എസ്.ഐ തൊട്ടടുത്ത് ജീപ്പിൽ ഇരിക്കുമ്പോഴാണ് ജീപ്പ് നിർത്തി ഇറങ്ങിയ പൊലീസുകാരൻ വീടി​ൻെറ മതിലിൽ ഇരുന്ന അലങ്കാരച്ചെടി ചട്ടിയോടെ മോഷ്​ടിച്ച് ജീപ്പിൽ കയറ്റി ജീപ്പ് ഓടിച്ചു പോകുന്ന ദൃശ്യം ക്ഷേത്രത്തിലെ സി.സി കാമറയിൽ പതിഞ്ഞത്. ചെടിച്ചട്ടി മോഷണം പോയത് രാവിലെ തന്നെ വീട്ടുകാർ അറിഞ്ഞെങ്കിലും എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. തുടർന്നാണ് ക്ഷേത്രത്തിലെ സി.സി.ടി.വി കാമറയുടെ കാര്യം ഓർമവന്നത്. ഒടുവിൽ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെ സഹായത്തോടെ സി.സി.ടി.വി പരിശോധിക്കുമ്പോഴാണ് പൊലീസുകാരൻ മോഷ്​ടിക്കുന്ന ചിത്രം കണ്ട് ഞെട്ടിയത്. ഉടമ പരാതിയുമായി മുന്നോട്ടുപോകാൻ തയാറായില്ല. മാത്രമല്ല, സി.സി കാമറയിൽ പതിഞ്ഞ ദൃശ്യവും ഉടമ പുറത്തുവിടാൻ താൽപര്യം കാണിച്ചില്ല. എന്നാൽ, സംഭവം പരസ്യമായതോടെ രഹസ്യാന്വേഷണ വിഭാഗം പൊലീസി​ൻെറ ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് കൊടുത്തിട്ടുള്ളതായാണ് അറിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.