TR Kallambalam huj54 കല്ലമ്പലം: അടച്ചുറപ്പില്ലാത്ത കൂരക്കുള്ളിൽ നെഞ്ചിടിപ്പോടെ അന്തിയുറങ്ങുന്ന ഒരമ്മയും രണ്ട് മക്കളും നാട്ടുകാർക്ക് നൊമ്പരക്കാഴ്ചയാകുന്നു. കരവാരം പഞ്ചായത്തിലെ പുതുശ്ശേരിമുക്ക് കോട്ടാമല ലക്ഷ്മിയിൽ കവിതയും രണ്ടു പെൺമക്കളുമാണ് അടച്ചുറപ്പുള്ള വീടിനായി പെടാപ്പാട് പെടുന്നത്. കഴിഞ്ഞ 26 നാണ് കവിതയുടെ ഭർത്താവ് പ്രകാശ് മരിച്ചത്. വൃക്ക സംബന്ധമായ രോഗം മൂലം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മതിയായ ചികിത്സ ലഭിക്കാത്തത് മൂലമാണ് പ്രകാശ് മരിച്ചത്. ചികിത്സാ ചെലവിനുള്ള പണം അവർ കൂട്ടിയാൽ കൂടുന്നതിനും അപ്പുറമായിരുന്നു. അതുകൊണ്ട് തന്നെ ഡയാലിസിസിൻെറ വക്കിലെത്തിനിന്നിട്ടും പ്രകാശ് ചികിത്സ തേടിയിരുന്നില്ല. പെൺമക്കളായ ഞെക്കാട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസുകാരി ശ്രീലക്ഷ്മിയെയും പേരൂർ എം.എം.യു.പി.എസിലെ ആറാം ക്ലാസുകാരി കല്യാണിയെയും പഠിപ്പിച്ചൊരു നിലയിലെത്തിക്കണമെന്നും ഇവർക്കായ് വാസയോഗ്യമായ ഒരുവീട് നിർമിക്കണമെന്നതുമായിരുന്നു പ്രകാശിൻെറ സ്വപ്നം. തൊഴിലുറപ്പ് തൊഴിലാളിയായ കവിതയ്ക്ക് കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് ഈ മൂന്നംഗ കുടുംബം കഴിഞ്ഞുപോകുന്നത്. കുട്ടികളുടെ പഠനാന്തരീക്ഷം മനസ്സിലാക്കാനായി വീട്ടിലെത്തിയ പേരൂർ എം.എം.യു.പി.എസിലെ അധ്യാപകർ ഇവരുടെ സ്ഥിതി നേരിൽകണ്ട് മനസ്സിലാക്കുകയും പ്രകാശിന് ചികിത്സാ സഹായം നൽകാൻ തീരുമാനിച്ചെങ്കിലും അതെത്തും മുമ്പേ പ്രകാശ് മരണത്തിന് കീഴടങ്ങി. ശേഷം പഠിക്കാൻ മിടുക്കികളായ കുട്ടികൾക്ക് പേരൂർ എം.എം.യു.പി.എസിലെ അധ്യാപകർ ഓൺലൈൻ പഠനത്തിനായി ടി.വിയും കേബിൾ കണക്ഷനുമെടുത്ത് നൽകിയെങ്കിലും അടച്ചുറപ്പില്ലാത്ത വീട്ടിൽ ആരുടേയും തുണയില്ലാതെ കഴിയുന്ന കുടുംബത്തിൻെറ അവസ്ഥ അധ്യാപകർക്കും നാട്ടുകാർക്കും നൊമ്പരമാണ്. വീടിനായി പഞ്ചായത്തിൽ നിന്ന് അനുവദിച്ച തുകകൊണ്ട് ഇവരുടെ കൂരയ്ക്ക് സമീപം കട്ടെകട്ടി വീട് വാർത്തെങ്കിലും പണി പൂർത്തീകരിക്കാൻ തുക കണ്ടെത്തേണ്ടിയിരിക്കുന്നു. നല്ലൊരു തുക ഇപ്പോൾ തന്നെ കടമുണ്ട്. സുമനസ്സുകളുടെ സഹായത്തോടെ വീട് പണി പൂർത്തീകരിച്ച് മക്കളുമായി അതിൽ താമസിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കവിത. കല്ലമ്പലം ധനലക്ഷ്മി ബ്രാഞ്ചിൽ കവിതയുടെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 008503600008491, IFSC: DLXB0000085. ഫോൺ: 9946539035. ചിത്രം: kavithayum-makkalum.1595692455.jpg കൂരക്ക് മുന്നിൽ കവിതയും മക്കളും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.